വായു മലിനീകരണം മനുഷ്യന്റെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, ഇത് ആത്മഹത്യാ പ്രവണതയും മാനസിക സംഘർഷങ്ങളും വർദ്ധിപ്പിക്കുന്നതായും പഠനം. നേരത്തേ തന്നെ പരിസ്ഥിതി മലിനീകരണം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. എങ്കിലും ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്നതില്‍ അതിന്‍റെ പങ്ക് എത്രത്തോളമെന്നത് പൂര്‍ണമായും മനസിലാക്കിയിട്ടില്ലായിരുന്നു. നിലവില്‍ ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റിലെ ഗവേഷകരാണ് മലിനീകരണവും ആത്മഹത്യാ പ്രവണതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വായു– ശബ്ദം– വെളിച്ചം– ജല മലിനീകരണം എന്നിവ ആത്മഹത്യാ പ്രവണതയെ സ്വാധീനിക്കുമോ എന്നാണ് ശാസ്ത്രജ്ഞർ പരിശോധിച്ചത്.
മലിനമായ വായുവിലെ സൂക്ഷ്മ കണികകളും (small particulate matter) നൈട്രജൻ ഡൈഓക്സൈഡും നിരന്തരം ശ്വസിക്കുന്നത് ആത്മഹത്യാ ചിന്തകൾ വർദ്ധിപ്പിക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്. 29 വ്യത്യസ്ത പഠനങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടാണ് ഈ നിഗമനത്തിലെത്തിയത്. കൂടാതെ സൾഫർ ഡൈഓക്സൈഡ്, ഓസോൺ തുടങ്ങിയ മറ്റ് ഘടകങ്ങളും ശബ്ദമലിനീകരണവും ആത്മഹത്യാ പ്രവണതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവലോകനത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ജലമലിനീകരണം, പ്രകാശ മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട തെളിവുകൾ ഇപ്പോഴും അവ്യക്തമാണ്. പഠനത്തിന് പിന്നാലെ ആത്മഹത്യാ പ്രതിരോധത്തില്‍ മലിനീകരണവും ഒരു ഘടകമായി പരിഗണിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം 720,000-ത്തിലധികം ആളുകളാണ് ലോകമെമ്പാടും ആത്മഹത്യ ചെയ്യുന്നത്. 15 നും 29 നും ഇടയിൽ പ്രായമുള്ള യുവാക്കളിലെ മരണകാരണങ്ങളിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ആത്മഹത്യ. അതുകൊണ്ടുതന്നെ വായു മലിനീകരണവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം വലിയ ഗൗരവത്തോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്. വായു മലിനീകരണം കുറയ്ക്കുന്നത് ആഗോളതലത്തിൽ പൊതുജനാരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും, ഭാവിയിൽ ഇത് ആത്മഹത്യ പ്രതിരോധ നടപടികളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ചർച്ചകൾക്കും പഠനം ആക്കം കൂട്ടിയിട്ടുണ്ട്.
അതേസമയം, ചില വിദഗ്ധർ പഠനത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മലിനീകരണം നേരിട്ട് ബാധിക്കുന്നുണ്ടോ അതോ മറ്റ് സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളാണോ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് പൂർണ്ണമായി വേർതിരിച്ചറിയാൻ ഈ പഠനത്തിന് കഴിഞ്ഞിട്ടില്ലെന്ന് റോയൽ കോളജ് ഓഫ് സൈക്യാട്രിസ്റ്റിലെ ഡോ. ജോൺ വാൻ നീക്കർക്ക് പറയുന്നു. ഇതൊരു 'ബന്ധം' മാത്രമാണെന്നും മലിനീകരണമാണ് ആത്മഹത്യയ്ക്ക് നേരിട്ട് കാരണമാകുന്നത് എന്നതിനുള്ള തെളിവല്ലെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ബയോസ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറായ ഡോ. സ്റ്റീഫൻ ബർഗസ് അഭിപ്രായപ്പെടുന്നു.
വായു മലിനീകരണം മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും?
മലിനമായ വായു മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പൂര്‍ണമായും മനസ്സിലാക്കാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നാഡീവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രധാന കാരണമായി കണക്കാക്കുന്നത്. PM2.5 പോലുള്ള വളരെ ചെറിയ കണികകൾ ശ്വാസകോശത്തിലേക്ക് ആഴത്തിൽ പ്രവേശിക്കുകയും സിസ്റ്റമാറ്റിക് ഇൻഫ്ലമേഷന് കാരണമാവുകയും ചെയ്യും. മലിനമായുള്ള വായുവിലെ വസ്തുക്കള്‍ നാഡീപരവും– തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതുമായ മാറ്റങ്ങള്‍ക്ക് കാരണമാകാമെന്ന് മുൻ ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിട്ടുമാറാത്ത ഇൻഫ്ലമേഷനും നാഡികളുടെ തകരാറും മാനസികാവസ്ഥയെയും സമ്മർദ്ദത്തോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, ഇത് വായു മലിനീകരണം ആത്മഹത്യാ പ്രവണത നേരിട്ട് വര്‍ധിപ്പിക്കുന്നതിനുള്ള തെളിവല്ല. മറ്റ് പരിസ്ഥിതി ഘടകങ്ങളെ പോലെ പരോക്ഷമായി മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. ഉദാഹരണത്തിന്, വാഹനങ്ങളുടെയും ചുറ്റുപാടുകളുടെയും ശബ്ദമലിനീകരണം ഉറക്കത്തെ തടസ്സപ്പെടുത്തും. അതേസമയം പ്രകാശ മലിനീകരണം ശരീരത്തിന്റെ ജൈവിക ഘടികാരത്തെ താളംതെറ്റിക്കുകയും ചെയ്യും. മോശം ഉറക്കവും ദീർഘകാലമായുള്ള മാനസിക സമ്മർദ്ദവും മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതായത് പഠനം ചൂണ്ടിക്കാണിക്കുന്നത് ഒരു പരസ്പര ബന്ധത്തെക്കുറിച്ചാണ്, അല്ലാതെ നേരിട്ടുള്ള കാരണ-കാര്യ ബന്ധത്തെയല്ല. പ്രമുഖ സയൻസ് ജേണലായ 'ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിലാണ്' പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.