നടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു സംഘം ക്രിമിനലുകളില്‍ അവസാനിക്കുമായിരുന്ന കേസാണ് അപ്രതീക്ഷിത വഴിത്തിരുവുകളിലൂടെ ദിലീപെന്ന വിഐപി പ്രതിയിലേക്കും ഗൂഡാലോചനയിലേക്കും കേന്ദ്രീകരിച്ചത്. കേസിലെ പ്രതികള്‍ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്‍റെ പരാതി തന്നെ അന്വേഷണത്തിന്‍റെ ഗതിമാറ്റി. സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റിലാണ് ജനപ്രിയനായകന്‍ പ്രതിനായകനായി മാറിയത്.
ഒരു ആക്‌ഷൻ സിനിമയെ വെല്ലുന്ന വഴിത്തിരിവുകളായിരുന്നു കേസില്‍ ഉടനീളം. നടി ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചന സിദ്ധാന്തം ചര്‍ച്ചയായി. അതിന് തുടക്കമിട്ടതാകട്ടെ ദിലീപിന്‍റെ മുന്‍ഭാര്യ മഞ്ജുവാര്യരും. തന്നെ തകര്‍ക്കാനാണ് ഗൂഡാലോചനയെന്ന് ദിലീപിന്‍റെ പ്രതിരോധം.
അഭ്യൂഹങ്ങള്‍ക്കപ്പുറം പൊലീസിന് ദിലീപിലേക്കെത്താന്‍ മതിയായ കാരണങ്ങള്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്നില്ല. പള്‍സര്‍ സുനിയടക്കം മുഴുവന്‍ പ്രതികളെയും പിടികൂടിയെങ്കിലും വിഐപിയായ ദിലീപ് അന്വേഷണ പരിധിക്ക് പുറത്തായിരുന്നു. ഏപ്രിൽ 18നു പൊലീസ് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിലും ദിലീപ് ഉള്‍പ്പെട്ടിരുന്നില്ല.
എല്ലാം സേഫെന്ന് കരുതിയ ഘട്ടത്തിലായിരുന്നു ആ കത്തിന്‍റെ വരവ്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപെന്നതിന് വ്യക്തമായ സൂചനകളടങ്ങിയ കത്ത് പള്‍സര്‍ സുനി സഹതടവുകാരനെകൊണ്ട് എഴുതിച്ചതായിരുന്നു. പിന്നാലെ ദിലീപിന് ജയിലില്‍ നിന്ന് ഒന്നരകോടി ആവശ്യപ്പെട്ട് സുനിയുടെ സഹതടവുകാരന്‍ വിഷ്ണു സനലിന്‍റെ ഫോണ്‍. കുരുക്കാകുമെന്ന് ഉറപ്പിച്ച ദിലീപ് ഡിജിപിക്ക് മുന്നില്‍ പരാതിയുമായെത്തി.
2017 ഏപ്രില്‍ 20 | ഡിജിപിക്ക് ദിലീപിന്‍റെ പരാതി
ദിലീപ് നല്‍കിയ പരാതി പൊലീസിന് ദിലീപിനെ കേസിലേക്ക് ബന്ധിപ്പിക്കാനുള്ള കച്ചിതുരുമ്പായി. രണ്ട് മാസത്തിന് ശേഷം ജൂണ്‍ 28ന് ദിലീപും സുഹൃത്ത് നാദിര്‍ഷയും ചോദ്യമുനയില്‍. ദിലീപ് കുരുക്കിലേക്കെന്ന സൂചന വന്നതോടെ ആലുവ പൊലീസ് ക്ലബിലേക്ക് സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ രാത്രി പാഞ്ഞെത്തി. പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് അന്ന് പുറത്തേക്ക്. തന്‍റെ പരാതിയില്‍ മൊഴിയെടുത്തതാണെന്നും കോണ്‍ഫിഡന്‍റെന്നും മറുപടി.
എന്നാൽ ആ കോണ്‍ഫിഡന്‍സിന് അധിക ദിവസത്തെ ആയുസുണ്ടായില്ല. പള്‍സര്‍ സുനി ജോര്‍ജേട്ടന്‍സ് പൂരത്തിന്‍റെ തൃശൂരിലെ ലൊക്കേഷനിലെത്തിയതിന്‍റെ ചിത്രം ദിലീപിനെ ചോദ്യം ചെയ്ത് അഞ്ചാം ദിവസം പുറത്തായി. സുനിയെ ഒരു പരിചയവുമില്ലെന്ന ദിലീപിന്‍റെ വാദങ്ങള്‍ ഇതോടെ പൊളിഞ്ഞു. ദിലീപിന്‍റെ സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനിലിന്‍റെ വിളിയും കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്‍റെ ഫോണില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതും കുരുക്കായി. ഒടുവില്‍ കുറ്റകൃത്യം നടന്ന് ആറാംമാസം ദിലീപ് അറസ്റ്റില്‍.
2017 ജൂലൈ 10 | ദിലീപ് അറസ്റ്റില്‍
ശരിക്കും നടിയെ ആക്രമിച്ചത് ദിലീപിന്‍റെ ക്വട്ടേഷന്‍ ആയിരുന്നോ. അതല്ല ദിലീപിനെ പൊലീസ് കുടുക്കിയതാണോ. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും കോടതിയുടെ വിധിന്യായം.