suresh-gopi

തൃശൂരില്‍ നിക്ഷേപകരെ പറ്റിച്ച ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുപ്പിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുന്നു. പണം നഷ്ടപ്പെട്ട ഒട്ടേറെ നിക്ഷേപകര്‍ കേന്ദ്രമന്ത്രിയെ പരാതി അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ്, കേന്ദ്രമന്ത്രി ആര്‍.ബി.ഐ. ഗവര്‍ണറെ കാണാന്‍ അനുമതി തേടിയത്. ഈയാഴ്ച തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണറെ കാണാന്‍ അനുമതി ലഭിച്ചേക്കും.

സുരേഷ് ഗോപി ഉടന്‍ ഡല്‍ഹിയിലേയ്ക്ക് പോകുന്നുണ്ട്. തൃശൂരില്‍ മാത്രം അന്‍പതിലേറെ ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. ഇതിനോടകം, ഒട്ടേറെ എന്‍.ബി.എഫ്.സികള്‍ പൂട്ടിപ്പോയി. ഇതില്‍ പണം നിക്ഷേപിച്ചവര്‍ പ്രതിസന്ധിയിലും. റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനം എന്ന പേരിലാണ് ആളുകള്‍ പണം നിക്ഷേപിക്കുന്നത്. 

തൃശൂരില്‍ പൊളിഞ്ഞ ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം വളരെക്കൂടുതലാണ്. പൂരം ഫിന്‍സെര്‍വ്, മെല്‍ക്കര്‍, ഹീവാന്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍. നിക്ഷേപ തുക തിരിച്ചു നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളും തൃശൂരിലുണ്ട്. ഈ സ്ഥാപനങ്ങളുടെ പട്ടിക തൃശൂര്‍ എം.പി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പക്കലുണ്ട്. 

റിസര്‍വ് ബാങ്കിന്‍റെ കടുത്ത നിയന്ത്രണങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കൊണ്ടുവരാനാണ് സുരേഷ് ഗോപിയുടെ നീക്കം. ആര്‍.ബി.ഐ. ഗവര്‍ണറെ കണ്ട് നിക്ഷേപകരുടെ പരാതികള്‍ ബോധിപ്പിക്കാനാണ് കേന്ദ്രമന്ത്രിയുടെ നീക്കം. പ്രതിസന്ധി നേരിടുന്ന ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകാര്‍ കേന്ദ്രമന്ത്രിയെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിച്ചിരുന്നു

ENGLISH SUMMARY:

Suresh Gopi is intervening to address the financial crisis in Thrissur caused by failed financial institutions. The Union Minister is seeking a meeting with the RBI Governor to address investor concerns regarding investment fraud and stricter regulations for NBFCs.