തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതിയില്‍ രോഗിയുടെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതലായിരുന്നതിനാല്‍ ആന്‍ജിയോഗ്രാം സാധ്യമായില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്‍റെ വാദം പൊളിയുന്നു. അപകടകരമായ നിലയില്ലെന്ന് തെളിയിക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് മനോരമ ന്യൂസ് പുറത്തുവിട്ടു. നവംബര്‍ 2 നും 3 നും നടത്തിയ രക്ത പരിശോധനയില്‍ ക്രിയാറ്റിന്‍ അളവ് അപകടകരമായ നിലയിലല്ല. ക്രിയാറ്റിന്‍ അളവ് കൂടി നിന്നതുകൊണ്ട് ആന്‍ജിയോഗ്രാം സാധ്യമായില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വാദിച്ചിരുന്നു.
Also Read: 'വേണുവിനെ കിടത്തിയത് നിലത്ത് തുണി വിരിച്ച്; ആന്‍ജിയോഗ്രാം ചെയ്യുന്നതിലും കാലതാമസം'; കണ്ണീര്‍ തോരാതെ
തറയിൽ കിടക്കുന്ന കാര്യം പറഞ്ഞും മികച്ച ചികിത്സ തേടിയും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ ജയചന്ദ്രനെ പോയി കണ്ടിരുന്നുവെന്ന് മരിച്ച വേണുവിന്റെ ഭാര്യ സിന്ധു മനോരമ ന്യൂസിനോട് പറഞ്ഞു . ബന്ധുവായ രാഷ്ട്രീയ നേതാവിന്റെ ശുപാർശയിലാണ് കണ്ടത്. തിങ്കളാഴ്ചയാണ് സൂപ്രണ്ടിനെ കണ്ടതെന്നും എന്നിട്ടും മികച്ച ചികിത്സ ലഭിച്ചില്ലെന്നും സിന്ധു പറഞ്ഞു.
നരക യാതന
ജീവനു വേണ്ടി കേണ് വേണുവെന്ന മനുഷ്യന്‍ തറയില്‍ക്കിടന്ന് നരകിച്ച അതേ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വാര്‍ഡുകളില്‍ രോഗികള്‍ക്ക് ഇപ്പോഴും നരക യാതന. വെറും നിലത്തും സ്ട്രക്ചറിലുമൊക്കെയാണ് ഗുരുതരാവസ്ഥയിലുളള രോഗികളെ പോലും കിടത്തിയിരിക്കുന്നത്. പുതിയ ബഹുനില സര്‍ജിക്കല്‍ ബ്ളോക്ക് പണിയാന്‍ മൂന്ന് വര്‍ഷം മുമ്പ് പഴയ കെട്ടിടം പൊളിച്ചതോടെ ഇവിടെയുണ്ടായിരുന്ന വാര്‍ഡുകളിലെ രോഗികളെക്കൂടി മറ്റ് വാര്‍ഡുകളില്‍ കുത്തി നിറച്ചതാണ് പാവപ്പെട്ട രോഗികളുടെ തീരാ ദുരിതത്തിന് കാരണം. ചെറിയ റിസ്ക് പോലും ഏറ്റെടുക്കാതെ താഴെത്തട്ടിലുളള ആശുപത്രികള്‍ രോഗികളെ മെഡിക്കല്‍ കോളജിലേയ്ക്ക് തളളിവിടുന്നതും ദുരിതം ഇരട്ടിയാക്കുന്നു. മനോരമ ന്യൂസ് അന്വേഷണം. നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തിലെ നമ്പര്‍ വണ്‍ മെഡിക്കല്‍ കോളജില്‍ വെറും തറയില്‍ പുഴുക്കളേപ്പോലെ ചുരുണ്ടു കൂടിക്കിടക്കുന്ന മനുഷ്യര്‍.
തണുത്ത തറയില്‍ ഒാക്സിജന്‍ ട്യൂബിട്ട് ജീവ ശ്വാസം വലിച്ച് കിടക്കുന്ന രോഗി, ഹൃദ്രോഗിയായ മനുഷ്യന്‍ കട്ടിലു കിട്ടാന്‍ കാത്തു കിടക്കുന്നത് സ്ട്രക്ചറില്‍, ശ്വാസം മുട്ടല്‍ കൂടിയെത്തിയ രോഗിയും സ്ട്രോക്ക് വന്ന മനുഷ്യനും ഒരു കട്ടിലില്‍ ഒന്ന് തിരിയാന്‍ പോലുമാകാതെ കിടക്കുന്നു. തറയില്‍ക്കിടക്കുന്ന രോഗിയുടെ ഡ്രിപ് സ്റ്റാന്‍ഡ് ശരിയാക്കുന്ന കൂട്ടിരിപ്പുകാരി . ദുരിതക്കാഴ്ചകളാണ് എമ്പാടും. വരാന്തയില്‍ കിടക്കുന്ന രോഗികള്‍ക്ക് നിലത്തിരുന്ന് കുത്തിവയ്പെടുക്കുന്ന നഴ്സ്ുമാര്‍.
നവീകരണത്തിന്‍റെ പേരില്‍ സര്‍ജിക്കല്‍ ബ്ളോക്ക് ഒഴിപ്പിച്ചത് 2022ല്‍–23 ല്‍ പുതിയ കെട്ടിടം പണി തീര്‍ക്കുമെന്നായിരുന്നു വാഗ്ദാനം. ഇവിടെയുണ്ടായിരുന്ന സര്‍ജറി , മെഡിസിന്‍ വിഭാഗങ്ങളിലെ 16 മുതല്‍ 19 വരെ വാര്‍ഡുകളില്‍ ഉള്‍ക്കൊള്ളേണ്ട രോഗികളാണ് മറ്റ് വാര്‍ഡുകളില്‍ തറയില്‍ കിടക്കുന്നത്. ജനറല്‍ ആശുപത്രികളും താലൂക്ക് ആശുപത്രികളുമൊക്കെ വന്‍ സെറ്റപ്പാണെന്ന തളളലല്ലാതെ ഒരു നെഞ്ചുവേദന വന്നാല്‍ പോലും ചികില്‍സിക്കാന്‍ ത്രാണിയില്ലാത്തതുകൊണ്ടു കൂടിയാണ് കൊല്ലത്തുനിന്നും തിരുവനന്തപുരത്തെത്തി വേണുവിന് ഇതേ ആശുപത്രിത്തറയില്‍ കിടക്കേണ്ടി വന്നതും