തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് ചികില്‍സയില്‍ കാലതാമസവും നിഷേധവുമുണ്ടായെന്ന് മരിച്ച വേണുവിന്‍റെ ഭാര്യ. ഡോക്ടര്‍ പരിശോധിക്കാന്‍ എത്താന്‍വൈകി. നിലത്ത് തുണി വിരിച്ചാണ് കിടത്തിയത്. ആന്‍ജിയോഗ്രാം ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും വേണുവിന്‍റെ ഭാര്യ മനോരമന്യൂസിനോട് പറഞ്ഞു. അഞ്ചുദിവസം ആശുപത്രിയില്‍ കിടന്നിട്ടും വേണ്ട ചികില്‍സ ലഭിച്ചില്ലെന്നും നഴ്സുമാരുടെ പെരുമാറ്റവും മോശമായിരുന്നുവെന്നും സിന്ധു വെളിപ്പെടുത്തി. മരുന്ന് നല്‍കാന്‍ പലതവണ ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ലെന്നും അവര്‍ കൂട്ടാക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.
ഹൃദയാഘാതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവറായിരുന്ന വേണുവിനെ ശനിയാഴ്ചയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. രക്തം നേര്‍മയാക്കാനുള്ള മരുന്നു ബിപിക്കുള്ള മരുന്നും നല്‍കി. ഞായറാഴ്ച ഡോക്ടറില്ലാതിരുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ കാര്‍ഡിയോളജി വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു. എന്നാല്‍ ഐസിയുവില്‍ തിരക്കാണെന്നും ബുധനാഴ്ചയോ വെള്ളിയാഴ്ചയോ ആന്‍ജിയോഗ്രാം നടത്താമെന്നുമായിരുന്നു അധികൃതരുടെ മറുപടി. ഈ സമയത്ത് തലവേദനയും കൈ പെരുപ്പുമുണ്ടായെന്നും സിന്ധു പറയുന്നു. ഒടുവില്‍ ബുധനാഴ്ച ഉച്ചയ്ക്ക് എക്കോ എടുക്കാന്‍ പോയപ്പോഴാണ് ശ്വാസംമുട്ടലുണ്ടായതും ഐസിയുവില്‍ പ്രവേശിപ്പിച്ചതും. രാത്രിയോടെ വേണു മരിച്ചു. എന്നാല്‍ സാധ്യമായ എല്ലാ ചികില്‍സകളും വേണുവിന് നല്‍കിയിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.
അതിനിടെ, സംഭവത്തില്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി ഡിഎംഇയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. പരാധീനതകളിൽ ശ്വാസം മുട്ടുകയാണ് മെഡിക്കൽ കോളജെന്നതാണ് വാസ്തവം. കിടക്കകളുടെ അഭാവം മുതൽ രോഗി -ഡോക്ടർ അനുപാതത്തിലെ വൻ വ്യത്യാസം വരെ രോഗികൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചെറിയ റിസ്ക് പോലും എടുക്കാൻ മടിക്കുന്ന താഴെത്തട്ടിലുള്ള ആശുപത്രികൾ അതാത് ആശുപത്രികളിൽ ചികിത്സിക്കാവുന്ന രോഗികളെ വരെ മെഡിക്കൽ കോളേജുകളിലേക്ക് പറഞ്ഞുവിടുന്നതും വൻ പ്രതിസന്ധിയാണ്. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് തസ്തികകളും ഒരുക്കാത്തതിനെതിരെ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയും സമരത്തിലാണ്.