File photo
അമ്പലപ്പുഴയില്‍ ജി.സുധാകരനെ യുഡിഎഫ് പിന്തുണച്ചേക്കും. പാര്‍ട്ടിയും മുന്നണിയും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതികരിച്ചു. സുധാകരൻ നിയമസഭയിൽ ഉണ്ടാകേണ്ട നേതാവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സുധാകരൻ സ്വതന്ത്രനായാൽ പിന്തുണ പ്രഖ്യാപിക്കുന്നതിനായി അമ്പലപ്പുഴ സീറ്റ് മാറ്റിവച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും കോൺഗ്രസിൽ പുരോഗമിച്ചിരുന്നത്.
Also Read: ജി. സുധാകരന്‍ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും
കെ.സി.വേണുഗോപാലും വി.ഡി.സതീശനും സുധാകരനുമായി ആശയവിനിമയവും നടത്തിയിരുന്നു. പിന്തുണ നൽകാൻ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നെങ്കിലും മുന്നണിക്കുള്ളിൽ വിശദമായ ചർച്ച നടക്കും. സുധാകരനെ വിസ്മയപട്ടികയിൽ ഉൾപ്പെടുത്തിയ വി.ഡി.സതീശൻ, ഉത്തമരായ കമ്യൂണിസ്റ്റുകള്‍ സി.പി.എമ്മിൽ നിന്ന് അകലുകയാണെന്ന് കുറ്റപ്പെടുത്തി.
സുധാകരൻ സ്വകാര്യനായ നേതാവെന്ന് സണ്ണി ജോസഫും നിയമസഭയിൽ ഉണ്ടാകേണ്ട നേതാവെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അമ്പലപ്പുഴയുടെ ചരിത്രത്തിൽ രണ്ടുതവണ മാത്രമാണ് കോൺഗ്രസ് വിജയിച്ചിട്ടുള്ളത്. ഒടുവിൽ വിജയിച്ചത് 2001ലും. സുധാകരൻ വിജയിക്കുന്നതിനൊപ്പം സുധാകരന്റെ സാന്നിധ്യം ആലപ്പുഴയിലെ മറ്റ് മണ്ഡലങ്ങളിലും അനുകൂലമായി പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് കണക്കൂക്കൂട്ടുന്നത്.
ജി.സുധാകരന്‍ സ്വതന്ത്രനായി മല്‍സരിക്കും
സി.പി.എമ്മുമായി ആറര പതിറ്റാണ്ടോളം നീണ്ട ബന്ധം അവസാനിപ്പിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് ജി സുധാകരൻ. യുഡിഎഫിന്റെ പിന്തുണതേടിയിട്ടില്ലെന്നും വി.എസിന്‍റെ മകൻ എതിരാളിയായാലും മൽസരിക്കുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിൽ നിന്ന് വലിയ അപമാനം നേരിട്ടുവെന്ന് പറഞ്ഞ സുധാകരൻ എളമരം കരീമിനും ആലപ്പുഴയിൽ നിന്നുള്ള നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ചു.
പാർട്ടിയിൽ നിന്ന് നേരിടേണ്ടിവന്ന അവഗണന അടക്കം അഞ്ചു വർഷമായി ഉള്ളിൽ ഉമിത്തീപ്പോലെ നീറിപ്പുകഞ്ഞതെല്ലാം ഒരു മണിക്കൂറിലധികം നീണ്ട വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചാണ് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിപുലമായ കൺവെൻഷനുകളോ ചുവരെഴുത്തോ നടത്തില്ല. താൻ ഇപ്പോൾ പാർട്ടി അംഗമല്ല. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പാർട്ടിയുടെയും മുന്നണിയുടെയും ഭാഗമാകില്ല. സർക്കാരിനെതിരെ സംസാരിക്കില്ലെന്നും പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നും സുധാകരൻ്റെ കൗശലത്തോടെയുള്ള പ്രതികരണം.
അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് എളമരം കരീം സമർപ്പിച്ച റിപ്പോർട്ട് കള്ളമായിരുന്നുവെന്ന ഗുരുതര ആരോപണവും സുധാകരൻ ഉന്നയിച്ചു. തന്റെ വിശദീകരണം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയതെന്നും സുധാകരൻ പറഞ്ഞു. കുന്തവും കൊടച്ചക്രവും എന്ന് പറയുന്നത് വിമർശനമല്ലെന്ന് സജി ചെറിയാനെതിരെയും ഇടുക്കിയിലെ ശൂ എന്ന് എം.എം മണിക്കെതിരെയും പരിഹാസം. താൻ വീണ്ടും മൽസരിക്കുന്നതിനെ കുറ്റപ്പെടുത്തുവർക്കും സുധാകരൻ കണക്കിന് മറുപടി നൽകി. സഹോദരൻ ജി ഭുവനേശ്വരൻ രക്തസാക്ഷിയായപ്പോൾ കേസു നടത്താൻ പോലും പാർട്ടി സഹായിച്ചില്ലെന്ന് വൈകാരികമായി തുറന്നടിച്ച് സുധാകരൻ വിമർശനങ്ങൾക്ക് മേൽ അവസാന ആണിയും അടിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം സിപിഎം നേതാക്കൾ ഇന്നലെ രാത്രി സുധാകരനെ നേരിട്ട് കണ്ട് അടിയന്തരമായി നടത്തിയ രക്ഷാദൗത്യവും പാളിയിരുന്നു.