a-padmakumar-01

സിപിഎമ്മിന്റെ മുതിർന്ന നേതാവും സ്വർണ്ണക്കൊള്ള കേസ് പ്രതിയുമായ എ.പത്മകുമാറിനെതിരായ നടപടി ലഘൂകരിച്ചതിൽ പത്തനംതിട്ട ജില്ലാക്കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് അമർഷം. ജില്ലയിലെ മന്ത്രിയെ ആക്ഷേപിച്ചു വാർത്താ സമ്മേളനം നടത്തിയിട്ട് പോലും കാര്യമായ നടപടി ഉണ്ടായില്ല. 

 

പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്നും ഭക്തി പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും എ.പത്മകുമാർ ജില്ലയിലെ പാർട്ടിയുടെ അന്തകനെന്നും അംഗങ്ങളുടെ വിമർശനം. അമർഷം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും ആലോചനയുണ്ട്. എന്നാല്‍ നീതിപൂർവ്വമായ നടപടി എന്നാണ് സിപിഎം വിലയിരുത്തൽ. സമ്മർദ്ദങ്ങൾ ഫലം കണ്ടെന്നും സംയമനം പാലിക്കാനുമാണ് പത്മകുമാറിന്റെയും ഉപദേശകരുടെയും തീരുമാനം.

 

തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെതിരെയുള്ള നടപടി  സിപിഎം സസ്പെൻഷനിലൊതുക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും സജി ചെറിയാനും പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. കടുത്ത നടപടി ഉണ്ടായാൽ യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും ഇടപെടൽ അടക്കം  പലതും വെളിപ്പെടുത്തുമെന്ന് അടുപ്പക്കാരോട് പത്മകുമാർ പറഞ്ഞിരുന്നു

 

പുറത്താക്കൽ പോലെ കടുത്ത നടപടി വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും പല അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും നടപടി സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നു ആരോപണം ഉയർന്ന ഘട്ടത്തിൽ ഒക്കെ നടപടിക്ക് മടിച്ച സിപിഎം ഒടുവിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഒടുവിൽ സസ്പെൻഷൻ നടപടിയെങ്കിലും എടുക്കാൻ തീരുമാനിച്ചത്. നടപടി എന്തെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കട്ടെ എന്നുള്ളതായിരുന്നു സംസ്ഥാന കമ്മിറ്റിയുടെയും നിലപാട്. പത്മകുമാറിന്റെ വെളിപ്പെടുത്തൽ  ഭീഷണി ഭയന്നാണോ നടപടി സസ്പെൻഷനിൽ ഒതുക്കിയതെന്ന് ചോദ്യത്തിന് ഒഴുക്കൻ മട്ടിലായിരുന്നു തോമസ് ഐസക്ക് മറുപടി. കുറ്റപത്രം കിട്ടിയ ശേഷം മറ്റു നടപടികളെ കുറിച്ച് ആലോചിക്കുമെന്നും കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

A section of the CPM's Pathanamthitta district leadership has expressed dissatisfaction over the suspension of senior leader A. Padmakumar, who is facing allegations in a gold fraud case. Party members argue that stronger disciplinary action, including expulsion, should have been taken. The controversy has intensified following claims that Padmakumar repeatedly embarrassed the party and allegedly threatened to reveal sensitive political details if harsher action was imposed. The issue has sparked internal debate within the CPM and raised questions about the party's disciplinary process.