TOPICS COVERED

കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണാ നടപടികള്‍ ഫോണില്‍ ചിത്രീകരിച്ച സിപിഎം വനിതാ നേതാവിനെ നിര്‍ത്തിപ്പൊരിച്ച് കോടതി. പയ്യന്നൂര്‍ നഗരസഭാ മുന്‍ ഉപാധ്യക്ഷ ജ്യോതിയോട് അധികാരത്തിന്‍റെ ധാര്‍ഷ്ട്യം കാണിക്കരുതെന്നാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ശിക്ഷയായി അഞ്ചു മണിവരെ കോടതിയില്‍ നില്‍ക്കാനും ആയിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു.

സിപിഎം പ്രവര്‍ത്തകനായ സി.വി ധനരാജിനെ വെട്ടിക്കൊന്ന കേസിലെ വിചാരണ നടക്കുകയായിരുന്നു തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍.  ധനരാജിന്‍റെ ഭാര്യ ബിജെപി പ്രവര്‍ത്തകരായ പ്രതികളെ തിരിച്ചറിയുന്നതിനിടെയാണ് വരാന്തയില്‍ നിന്ന് സിപിഎം നേതാവായ ജ്യോതി മൊബൈലില്‍ വീഡിയോ എടുത്തത്. ഇത് ജഡ്ജി കെ.എന്‍ പ്രശാന്തിന്‍റെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. തളിപ്പറമ്പ് ഡിവൈഎസ്പിയെ വിളിച്ചുവരുത്തി ജ്യോതിയ്ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു. ഇതിനിടെയാണ് ജഡ്ജി കെഎന്‍ പ്രശാന്തിന്‍റെ അതിരൂക്ഷ വിമര്‍ശനം.

അധികാരത്തിന്‍റെ ധാര്‍ഷ്ട്യം കാണിക്കരുത്. സാധാരണ പ്രവര്‍ത്തകയല്ല, നഗരസഭാ ഉപാധ്യക്ഷയായ ആളാണെന്ന് ഓര്‍ക്കണം. കേസ് രജിസ്റ്റര്‍ ചെയ്താല്‍ മജിസ്ട്രേറ്റിന്‍റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കേണ്ട സംഭവമാണെന്നും കോടതി പറഞ്ഞു. ശേഷം ആയിരം രൂപ പിഴയടയ്ക്കാനും അഞ്ചുമണി വരെ കോടതി വരാന്തയില്‍ നില്‍ക്കാനും ഉത്തരവിട്ടു. എന്നാല്‍ കൈയ്യില്‍ പണമില്ലെന്ന് ജ്യോതി പറഞ്ഞതോടെ ഒരു മാസം തടവുശിക്ഷ അനുഭവിക്കേണ്ട വരുമെന്ന് കോടതി പറഞ്ഞു. ഇതോടെ പിഴയടച്ച് തടിയൂരാമെന്ന നിലയിലെത്തി. പിഴയടച്ച് അഞ്ച് മണിയ്ക്ക് ശേഷം ഫോണ്‍ കൈപ്പറ്റാമെന്നും കോടതി പറഞ്ഞു.

ENGLISH SUMMARY:

A CPM woman leader was publicly reprimanded by the Thaliparamba Additional Sessions Court in Kannur for recording court proceedings on her mobile phone. The court harshly criticized Jyothi, former deputy chairperson of Payyannur Municipality, for showing arrogance of authority. As punishment, the court ordered her to stand inside the court premises until 5 p.m. and imposed a fine of ₹1,000.