കെപിസിസി പുനസംഘടനയില്‍ വന്‍ പൊട്ടിത്തെറി. പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു. കെ.സുധാകരനും കെ.മുരളീധരനും അതൃപ്തിയുണ്ടെങ്കിലും പരസ്യവിമര്‍ശനത്തിന് മുതിര്‍ന്നില്ല. എന്നാല്‍ കാര്യമായ പരാതിയില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്‍റെ പ്രതികരണം.
അടൂര്‍ പ്രകാശ് നയിക്കുന്ന ജാഥയ്ക്ക് റാന്നിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ചാണ്ടി ഉമ്മനായിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മന്‍ എത്തിയതേയില്ല. അടുത്തിടെ പാര്‍ട്ടിയിലെത്തിയ സന്ദീപ് വാര്യരെപ്പോലും ജനറല്‍ സെക്രട്ടറിയാക്കിയപ്പോള്‍ തന്നെ തഴഞ്ഞതില്‍ ചാണ്ടിക്ക് കടുത്ത അമര്‍ഷമുണ്ട്. വൈസ് പ്രസിഡന്റാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും പറയപ്പെടുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ഒൗട്ട് റീച്ച് സെല്ലിന്റ അധ്യക്ഷസ്ഥാനത്ത് നിന്നും ചാണ്ടിയെ ഒഴിവാക്കിയിരുന്നു.
കണ്ണൂരില്‍ നിന്ന് നിര്‍ദേശിച്ച റിജില്‍ മാക്കുറ്റിയെ പരിഗണിക്കാത്തതാണ് കെ.സുധാകരന്റ പരിഭവത്തിന് കാരണം. നിര്‍ദേശിച്ചയാളെ ഭാരവാഹിയാക്കാത്തതില്‍ കെ.മുരളീധരനും കടുത്ത അതൃപ്തിയുണ്ട്. ഇക്കുറി പരസ്യപ്രതികരണത്തിന് മുതിരാതിരുന്ന അദ്ദേഹം പരാതിയുള്ളവര്‍ നേതൃത്വത്തെ നേരിട്ട് അറിയിക്കണമെന്നും ഉപദേശിച്ചു. കഴിവ് ഒരു മാനദണ്ഡമാണോ എന്നായിരുന്നു പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ എഐസിസി വക്താവ് ഷമ മുഹമ്മദ് ചോദിച്ചത്.
പുനസംഘടന പൂര്‍ത്തിയായിട്ടില്ലല്ലോ എന്നായിരുന്നു ഇതിനെല്ലാം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്‍റെ മറുപടി. ആരെയും അവഗണിക്കില്ലന്നും എല്ലാ നേതാക്കളോടും സംസാരിക്കുന്നുണ്ടെന്നും വര്‍ക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥും വ്യക്തമാക്കി.