കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ  ഡൽഹിയിൽ നിർണായക യോഗം ചേരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്ക്രീനിങ്‌  കമ്മിറ്റി അംഗങ്ങളുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. 

സംവരണ മണ്ഡലങ്ങളിലും ഒറ്റ പേരിലേക്ക് എത്തിയ ചില മണ്ഡലങ്ങളുടെ കാര്യത്തിലും ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണെന്നാണ് വിവരം. സണ്ണി എം കപിക്കാടിനെ വൈക്കത്ത് മൽസരിപ്പിക്കുന്നതിൽ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നതയുണ്ട്. തുടർച്ചയായി ഇടതുപക്ഷം ജയിക്കുന്ന വൈക്കം മണ്ഡലത്തിൽ ദളിത്  വോട്ടുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്  സണ്ണി എം. കപിക്കാടിനെ മത്സരിപ്പിക്കാൻ യുഡിഎഫ് ആലോചിച്ചത്. 1991നു ശേഷം വൈക്കം മണ്ഡലത്തിൽ യുഡിഎഫ്  വിജയിച്ചിട്ടില്ല. സിപിഐ നേതാവ് സികെ ആശയാണ് വൈക്കത്തെ നിലവിലെ എംഎൽഎ. സി.കെ. ആശ തുടർച്ചയായി രണ്ട് തവണയാണ് വൈക്കത്ത് നിന്നും നിയമസഭയിലെത്തിയത്. 

സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ തിരക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ് പ്രതികരിച്ചപ്പോൾ, തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക തയാറെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത്. 

സിറ്റിങ്‌, സംവരണം, ഒറ്റ പേരിലേക്ക് എത്തിയ ഇടങ്ങൾ എന്നിങ്ങനെയുള്ള 50 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ആദ്യ പട്ടികയിൽ പ്രഖ്യാപിക്കാനാണ് കോൺഗ്രസ്‌ നീക്കം. ഇതിന് മുന്നോടിയായാണ് ഡൽഹിയിൽ, സ്ക്രീനിങ്‌ കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരുമായുള്ള കൂടിക്കാഴ്ച. അടുത്തയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് പട്ടികക്ക് അന്തിമ അംഗീകാരം നല്‍കിയേക്കും.  

ENGLISH SUMMARY:

Congress candidate list finalization is underway in Delhi, with key leaders meeting to discuss selections. The party aims to announce its first list of candidates for 50 constituencies, including reserved seats and those with single names, before the election announcement.