യുഎസിലെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് വേണ്ടി ഇന്ത്യയുടെ വോട്ടർ ഐഡി സംവിധാനത്തെ മാതൃകയാക്കണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പരാമര്‍ശത്തിന്  പിന്നാലെ ട്രംപിന് മറുപടിയുമായി കോണ്‍ഗ്രസ്. രാജ്യത്തെ തിരഞ്ഞെടുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിനെയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ പോസ്റ്റ്. കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേരയാണ് ട്രംപിന്‍റെ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാനും സാധ്യമായ അടുത്ത സമയത്തുതന്നെ ഇന്ത്യയിലെ ഇവിഎമ്മുകള്‍ അയച്ചുതരാമെന്നുമാണ് പവന്‍ ഖേര എക്സില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യയോടുള്ള ട്രംപിന്‍റെ അപമാനങ്ങള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും പകരമായി തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും അവസാനത്തെ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

 'പ്രിയപ്പെട്ട ട്രംപ്, ദയവായി ഗ്യാനേഷ് കുമാറിനെയും അമേരിക്കയിലേക്ക് കൊണ്ടുപോകൂ. ലഭ്യമായ അടുത്ത വിമാനത്തിൽ തന്നെ ഞങ്ങൾ ഞങ്ങളുടെ ഇവിഎമ്മുകളും നിങ്ങള്‍ക്ക് അയച്ചുതരാം..,' പവൻ ഖേര എക്സില്‍ കുറിച്ചു. 

അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ  'സേവ് അമേരിക്ക ആക്ട്' നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഇന്ത്യയിലെ വോട്ടർ ഐഡി സംവിധാനത്തെ പ്രശംസിച്ചത്. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്നും, ഇത് വോട്ടെടുപ്പിലെ തിരിമറികൾ തടയാൻ സഹായിക്കുന്നുണ്ടെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഈ വിഷയത്തിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി സംസാരിച്ചതായും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയില്ലാതെ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമെന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചതായി ട്രംപ് പറഞ്ഞിരുന്നു. 

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെക്കുറിച്ചും നേരത്തെ തന്നെ കോൺഗ്രസ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ പ്രതികരണം.

ENGLISH SUMMARY:

Donald Trump's praise for India's voter ID system as a model for US election reform has drawn a sharp response from Congress. Pawan Khera, head of Congress's media wing, sarcastically suggested Trump take India's Election Commissioner Gyanesh Kumar to the US and offered to send EVMs.