കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഓഫിസിലേക്ക് ബിജെപി നടത്താനിരുന്ന മാർച്ച് മാറ്റിവെച്ചു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഓഫിസിലേക്ക് കഴിഞ്ഞദിവസം നടത്തിയ മാർച്ച് പൊളിഞ്ഞതിനെ തുടർന്നാണെന്നാണ് സൂചന.
ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ ചാണ്ടി ഉമ്മൻ സ്വീകരിച്ച വിഡിയോ വൈറലായിരുന്നു. ഇത് ബിജെപിക്ക് വലിയ ക്ഷീണം ഉണ്ടാക്കി. ജില്ലാ നേതാക്കളോട് സംസ്ഥാന നേതൃത്വം അമർഷം അറിയിച്ചിരുന്നു. ഇതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഓഫിസിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റിയത്. പ്രതിഷേധം പ്രഹസനം ആകരുതെന്ന കർശന നിർദേശമാണ് നേതാക്കൾക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷത്തെ വികസന മുരടിപ്പിനെതിരെ NDA കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താം തീയതി മാർച്ച് നടത്തുമെന്നാണ് എൻഡിഎ നേതാക്കളുടെ പുതിയ അറിയിപ്പ്.