palakkad-hospital-negligence-child-loses-arm

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിൽസാപ്പിഴവിനെ തുടർന്ന് ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയതായി പരാതി. പല്ലശ്ശന സ്വദേശി വിനോദിനിയുടെ മകൾക്കാണ് വലത് കൈ നഷ്ടമായത്. കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ മതിയായ ചികിൽസ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

 കഴിഞ്ഞ മാസം 24-നാണ് കുട്ടി വീണതിനെ തുടർന്ന് കൈക്ക് പരുക്കേറ്റത്. ഉടൻ തന്നെ ചിറ്റൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പാലക്കാട് എത്തിച്ച ശേഷം സ്കാനിങ്ങിന് ശേഷം ഡോക്ടർ കൈക്ക് പ്ലാസ്റ്റർ കെട്ടി നൽകി വീട്ടിലേക്ക് വിട്ടു.

രാത്രി കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 25-ന് ഞായറാഴ്ച വീണ്ടും ജില്ലാ ആശുപത്രിയിൽ പോയി. എല്ല് പൊട്ടിയതുകൊണ്ടാണ് വേദനയെന്നും, ഗുളികകൾ നൽകിയാൽ മതിയെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെള്ളിയാഴ്ച വന്നാൽ മതിയെന്ന് പറഞ്ഞ് തിരിച്ചയച്ചു. വെള്ളിയാഴ്ച പോകാനിരുന്ന കുടുംബം ചൊവ്വാഴ്ച തന്നെ വീണ്ടും ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴേക്കും കുട്ടിയുടെ കൈ കറുപ്പ് നിറമായി മാറിയിരുന്നു. കൈയിൽ രക്തയോട്ടം നിലച്ച് പഴുപ്പ് കയറാൻ തുടങ്ങിയിരുന്നു.

ഉടൻതന്നെ കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റാൻ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചു. കോഴിക്കോട് എത്തിച്ചപ്പോൾ കൈയിൽ പഴുപ്പ് ആഴത്തിൽ ബാധിച്ചതിനാൽ കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് അവിടുത്തെ ഡോക്ടർമാർ അറിയിച്ചു. കൈ മുറിച്ചുമാറ്റാതിരുന്നാൽ അണുബാധ ഹൃദയത്തെ ബാധിക്കുമെന്ന ഭയം കാരണം കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റാൻ കുടുംബം സമ്മതിക്കുകയായിരുന്നു. ജില്ലാ ആശുപത്രി അധികൃതർ കൃത്യമായി വിഷയം പരിഗണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും, ചികിത്സാ പിഴവാണ് മകളുടെ കൈ നഷ്ടപ്പെടാൻ കാരണമെന്നും കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

ENGLISH SUMMARY:

Medical negligence in Palakkad has resulted in the amputation of a nine-year-old girl's arm. The family alleges that the Palakkad District Hospital failed to provide adequate treatment, leading to the irreversible condition and subsequent amputation at a Kozhikode hospital.