ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ പീഠം കണ്ടെത്താൻ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിക്കുമ്പോൾ പീഠം സ്പോൺസറുടെ വീട്ടിൽ. പീഠം കാണാനില്ലെന്ന് പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി , അത് തിരികെ കിട്ടിയ കാര്യം ഹൈക്കോടതിയിൽ നിന്ന് മറച്ചുവെച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടികളിൽ അടിമുടി ദുരൂഹത ഉണർത്തുന്ന കാര്യങ്ങളാണ് ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
2021 ജനുവരിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജീവനക്കാരനായ കോട്ടയം സ്വദേശി വാസുദേവൻ പീഠം ശബരിമലയിൽ നിന്ന് തിരികെ കൊണ്ടുപോയത്. പിന്നീട് നാല് വർഷം വാസുദേവൻ സ്വന്തം വീട്ടിൽ സൂക്ഷിച്ചു. ഇതിനിടയിൽ പീഠം കാണാനില്ലെന്ന വാർത്ത വന്നതോടെ സെപ്തംബർ 13 ന് രാവിലെ വാസുദേവൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെത്തിച്ച് നൽകി. 17 നാണ് കോടതി അന്വേഷണം പ്രഖ്യാപിക്കുന്നത്.
ആ സമയം പീഠം കിട്ടിയ കാര്യം കോടതിയെയോ ദേവസ്വം ബോർഡിനെയോ അറിയിക്കാതിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി 25 ന് സഹോദരിയുടെ വീട്ടിലെത്തിച്ച് നൽകിയ ശേഷം ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. വ്യാജ ആരോപണം ഉന്നയിച്ചതിന് ഉണ്ണികൃഷ്ണനെതിരെ കേസെടുക്കണമെന്നാണ് വിജിലൻസ് നിലപാട്. ഇന്ന് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ച ശേഷം തുടർ നടപടി തീരുമാനിക്കും.
അതേസമയം, ശബരിമലയിൽ നിന്ന് കാണാതായെന്ന് പറഞ്ഞ ദ്വാരപാലകശിൽപത്തിന്റെ പീഠം തിരികെ കിട്ടിയതിൽ വിചിത്ര വിശദീകരണവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. പീഠം തിരികെ കിട്ടിയ വിവരം മറച്ചുവെച്ചത് തന്റെ ജീവനക്കാരനായ വാസുദേവൻ തന്നെ ഇക്കാര്യം പുറത്തു പറയട്ടെ എന്ന് കരുതിയാണെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
വാസുദേവന്റെ കൈവശം പീഠമുള്ള കാര്യം അറിഞ്ഞിരുന്നില്ല. വിവാദമായ ശേഷമാണ് വാസുദേവൻ ഇക്കാര്യം തന്നോട് പറഞ്ഞത്. അക്കാര്യം താൻ പുറത്തു പറഞ്ഞാൽ പിന്നീട് ആരും വിശ്വസിക്കില്ലെന്ന് കരുതിയാണ് പറയാതിരുന്നത്. വാസുദേവന്റെ മൊഴിയെടുക്കേണ്ട കാര്യം വിജിലൻസിനോട് പറഞ്ഞത് താൻ തന്നെയാണെന്നും മൊഴിയെടുത്തപ്പോൾ വാസുദേവൻ സമ്മതിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത ഉണ്ടായത് എന്നും ഉണ്ണികൃഷ്ണൻ പോറ്റി വിശദീകരിച്ചു. പീഠത്തെ സംബന്ധിച്ചുണ്ടായ വിവാദങ്ങളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും ഹൈക്കോടതി തന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്വര്‍ണപീഠം സംഭാവന ചെയ്ത സ്പോണ്‍സര്‍ക്ക് അത് അടിച്ചുമാറ്റേണ്ട കാര്യമില്ലല്ലോയെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹോദരി മിനി ദേവി. സഹോദരന്‍ വീട്ടില്‍ക്കൊണ്ടു വച്ച സാധനങ്ങളാണ് ദേവസ്വം വിജിലന്‍സ് കണ്ടെടുത്തത്. സഹോദരനെ അറിയിച്ചപ്പോള്‍ കൊണ്ടുപൊയ്ക്കോട്ടെ, കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താം എന്നായിരുന്നു മറുപടിയെന്നും പീഠം കണ്ടെടുത്ത വീടിന്‍റെ ഉടമസ്ഥയായ മിനി ദേവി മനോരമ ന്യൂസിനോട് പറഞ്ഞു.