കുപ്പിയില്‍ കൈപൊള്ളിയ ബവ്കോ വാഗ്ദാനവും ലംഘിച്ചു. ഇരുപത് രൂപ വീതം ഡെപ്പോസിറ്റ് തുക ഈടാക്കി ശേഖരിച്ച പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ ബവ്കോ ഔട്ട്ലൈറ്റുകളില്‍ കെട്ടിക്കിടക്കുകയാണ്. പരീക്ഷണ പദ്ധതി ഒരാഴ്ച പിന്നിടുമ്പോഴും കുപ്പി ശേഖരിക്കാന്‍ കുടുംബശ്രീ ജീവനക്കാരെ നിയമിച്ചില്ലെന്ന് മാത്രമല്ല കുപ്പിയെടുക്കാന്‍ ബവ്കോ നിയമിച്ച ഏജന്‍സി പ്രതിനിധികളും എത്തിയില്ല.
കുപ്പിയില്‍പ്പെട്ട നിലയിലാണ് ബവ്കോ. ഇരുപത് രൂപ അധികം ഈടാക്കുന്നത് കാരണം മദ്യം വാങ്ങാനെത്തുന്നവരുടെ ശകാരം കേട്ട് പ്രതിരോധിക്കാനാവാതെ ജീവനക്കാര്‍. ഒരാഴ്ചയായി ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകള്‍ മദ്യം സൂക്ഷിക്കുന്നതിന് പോലും പരിമിതിയുള്ള സ്ഥലത്ത് എണ്ണിക്കൂട്ടി സൂക്ഷിക്കേണ്ട ഗതികേടിലാണ്.
ഡെപ്പോസിറ്റ് തുകയ്ക്ക് രസീത് നല്‍കി കൈമാറുന്ന കുപ്പി ശേഖരിക്കാന്‍ കുടുംബശ്രീ ജീവനക്കാരെ ചുമതലപ്പെടുത്തുമെന്നായിരുന്നു ബവ്കോ എം.ഡി അറിയിച്ചിരുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ പ്രത്യേക ഏജന്‍സിക്ക് കൈമാറുമെന്നും ഉറപ്പ്. ഇത് രണ്ടും നടപ്പായില്ല. ഫലത്തില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത ബവ്കോ ഔട്ട്ലെറ്റുകളില്‍ പലതും കാലിക്കുപ്പി സൂക്ഷിക്കുന്ന ഗോഡൗണുകളായി മാറിയിരിക്കുകയാണ്.
പദ്ധതി നടപ്പാക്കുന്നതിലെ പ്രതിസന്ധി വ്യക്തമാക്കി ബവ്കോ എംഡി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടിയുടെ ഭാഗമാണെങ്കിലും ഇരുപത് രൂപ ഈടാക്കുന്നതിനെതിരെ മദ്യം വാങ്ങാനെത്തുന്നവര്‍ പ്രതിഷേധിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലായി പത്ത് വീതം കടകളിലെ പരീക്ഷണം ഒരു മാസം കൊണ്ട് അവസാനിപ്പിക്കുമോ എന്നതിലാണ് വ്യക്തത വരേണ്ടത്.