റാപ്പര്‍ വേടനെതിരായ ലൈംഗിക അതിക്രമ പരാതികള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന കുടുംബത്തിന്‍റെ പരാതിയില്‍ അന്വേഷണം. വേടന്‍റെ സഹോദരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ തൃക്കാക്കര എസിപിക്കാണ് ചുമതല. ബലാല്‍സംഘക്കേസിനൊപ്പം ഗൂഡാലോനയും പരിശോധിക്കുമെന്ന് കമ്മിഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് റാപ്പര്‍ വേടന്‍റെ സഹോദരനും സഹോദരിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഒന്നിന് പുറകെ ഒന്നായി വേടനെതിരെ ലൈംഗിക പീഡന പരാതികള്‍ എത്തിയതില്‍ ഗൂഡാലോചനയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കലാകാരനെന്ന നിലയില്‍ വേടന്‍റെ വളര്‍ച്ച തടയാന്‍ രാഷ്ട്രീയമായും അല്ലാതെയും ഗൂഡാലോന നടക്കുന്നുണ്ടെന്നാണ് സഹോദരിയുടെ പരാതി. വേടനെ ക്രിമിനലായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യക്ക് കഴിഞ്ഞ ദിവസം കൈമാറി. തുടര്‍ന്നാണ് വേടനെതിരായ ബലാസംഘക്കേസ് അന്വേഷിക്കുന്ന തൃക്കാക്കര എസിപിയെ അന്വേഷണം ഏല്‍പ്പിച്ചത്.
നിലവില്‍ തൃക്കാക്കര പൊലീസും സെന്‍ട്രല്‍ പൊലീസുമാണ് വേടനെതിരെ കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. വേടന്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ഗവേഷക വിദ്യാര്‍ഥിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും പരാതിക്കാരി മൊഴി നല്‍കാന്‍ തയാറായിട്ടില്ല.