റാപ്പര്‍ വേടനെ ക്രിമിനലായി ചിത്രീകരിച്ച് ഇല്ലാതാക്കാന്‍ ഗൂഢാലോചനയെന്ന് കുടുംബം. ഒന്നിന് പുറകെ ഒന്നായി എത്തുന്ന പരാതികള്‍ക്ക് പിന്നില്‍ രാഷ്ട്രീയമായതോ അല്ലാതെയോ ഉള്ള ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. യുവതികള്‍ നല്‍കിയ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി സത്യാവസ്ഥ മനസിലാക്കിയ ശേഷം മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
വേടന്‍റെ സഹോദരനാണ് കഴിഞ്ഞ മാസം അവസാനം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കലാകാരനെന്ന നിലയില്‍ സഹോദരന്‍റെ വളര്‍ച്ച തടയാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പരാതികളെന്നും വേടനെ സ്ഥിരംകുറ്റവാളിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറി.
അതേസമയം, യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് തൃക്കാക്കര പൊലീസ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയച്ചു.