അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം.ആർ.അജിത് കുമാറിന് ആശ്വാസം. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. 

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത് ആരാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എസ്പിയുടെ മേല്‍നോട്ടത്തിൽ വിജിലന്‍സ് ഡിവൈഎസ്പി എന്ന് സര്‍ക്കാരിന്റെ മറുപടി. സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ എങ്ങനെ എഡിജിപിയെ ചോദ്യം ചെയ്യുമെന്ന് ആരാഞ്ഞ ജസ്റ്റിസ് എ.ബദറുദ്ദീൻ, കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഹസനമെന്ന് വിമര്‍ശിച്ചു.

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്. പരാതിക്കാരനായ നെയ്യാറ്റിൻകര സ്വദേശി നാഗരാജിനെയും ഹൈക്കോടതി പരിഹസിച്ചു. പരാതിക്കാരൻ്റെ വാദം ക്രിമിനല്‍ സംവിധാനത്തിന് തന്നെ മുതല്‍ക്കൂട്ടെന്നും, പുതിയ മാനങ്ങള്‍ നല്‍കുന്നുവെന്നുമായിരുന്നു പരാമർശം.

അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നൽകിയ റിപ്പോർട്ട് റദ്ദാക്കിയ ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ അനുചിതമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിജിലൻസ് കോടതി വിധിക്കെതിരായ അജിത് കുമാറിന്റെ ഹര്‍ജി ഹൈക്കോടതി സെപ്തംബര്‍ 12ന് വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

In the disproportionate assets case, ADGP M. R. Ajith Kumar has received relief as the Kerala High Court stayed further proceedings in the Thiruvananthapuram Vigilance Court. The High Court observed that there were prima facie lapses in the procedures followed by the Vigilance Court.