elephant-tiger

TOPICS COVERED

'കേരളത്തില്‍ വന്യജീവികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി ശാസ്‌ത്രീയ പഠനങ്ങളില്ല, മനുഷ്യ– വന്യജീവി സംഘര്‍ഷം മൂലമുള്ള മരണങ്ങള്‍ കഴി‍ഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറവു വരുന്നുണ്ട്. വന്യജീവികളുടെ സ്വതന്ത്ര സഞ്ചാരം തടസപ്പെടുത്തുന്നതാണ് സംഘര്‍ഷ സാധ്യതക്കു കാരണം'. വനം വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓഗസ്റ്റ് 20 നു പ്രസിദ്ധീകരിച്ച 'മനുഷ്യ–വന്യജീവി സംഘര്‍ഷ ലഘൂകരണവും നിവാരണവും' എന്ന നയസമീപന കരടു രേഖയില്‍ പറയുന്നതാണ് ഇക്കാര്യങ്ങള്‍. ഓരോ വര്‍ഷത്തേയും കണക്കുകളും വന്യജീവി സംഘര്‍ഷത്തെ പ്രതിരോധിക്കാന്‍ വകുപ്പ് ചെയ്‌ത കാര്യങ്ങള്‍ തുടങ്ങിയവയും വിശദീകരിക്കുന്ന കരടു രേഖ കാര്യമായി തന്നെ ചര്‍ച്ചയാകുന്നുണ്ട്. കണക്കുകളിലെ വ്യതിയാനവും മരണങ്ങളിലെ അവകാശവാദങ്ങള്‍ക്കുമപ്പുറം കേരളത്തിലെ മലയോര മേഖലയിലെ വന്യജീവി ആശങ്കക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിനും വകുപ്പിനുമാകുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

2025 ആഗസ്റ്റ് വരെ കാട്ടാനയാക്രമണത്തില്‍ സംസ്ഥാനത്ത് 26 ലധികമാളുകളാണ് കൊല്ലപ്പെട്ടത്. നയസമീപനരേഖയില്‍ വനംവകുപ്പ് പറയുന്ന കൊല്ലപ്പെട്ടവരുടെ കണക്ക് 10. കടുവാ ആക്രമണത്തില്‍ വയനാട് പഞ്ചാരക്കൊല്ലിയിലെ രാധയേയും മലപ്പുറം കാളികാവിലെ ഗഫൂറിനെയും കടിച്ചു കൊന്നത് കേരളം ഞെട്ടലോടെ കണ്ടപ്പോള്‍ നയസമീപനരേഖ കണ്ടത് ഒരാളെ മാത്രം. കാട്ടുപ്പന്നിയാക്രമണത്തില്‍ 3 പേരും കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഈ വര്‍ഷം സംസ്ഥാനത്ത് കാട്ടാനയും കടുവയും കൊലപ്പെടുത്തിയവരുടെ കണക്ക് മനോരമന്യൂസ് ശേഖരിച്ച കണക്കാണിത്. 

animal-attack-death

 

കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍

ജനുവരി 4 ന് നിലമ്പൂര്‍ ചോലനായ്‌ക്ക – പൂച്ചപ്പാറ മണി

​ജനുവരി 15  നിലമ്പൂര്‍ എടക്കര– സരോജിനി

ഫെബ്രുവരി 6 ഇടുക്കി മറയൂര്‍- വിമല്‍

ഫെബ്രുവരി 10 ഇടുക്കി പീരുമേടില്‍ സോഫിയ

ഫെബ്രുവരി 11 തിരുവനന്തപുരം ശാസ്‌താംനടയില്‍ ബാബു

ഫെബ്രുവരി 12  നൂല്‍പ്പുഴ കാപ്പാട് മാനു

ഫെബ്രുവരി 13 വയനാട് അട്ടമലയിലെ ബാലകൃഷ്‌ണന്‍

ഫെബ്രുവരി 23– കണ്ണൂര്‍ ആറളം ഫാമില്‍ രണ്ടുപോര്‍– അമ്പലക്കണ്ടി വെള്ളി 80, ഭാര്യ ലീല 70

ഏപ്രീല്‍ 6 പാലക്കാട് മുണ്ടൂര്‍ അലന്‍

ഏപ്രീല്‍ 14 തൃശൂര്‍ അതിരപ്പിള്ളി സെബാസ്റ്റ്യന്‍

ഏപ്രീല്‍ 15 വാഴച്ചാല്‍ ശാസ്‌താംപൂവം ഊരിലെ സതീഷ്, ഭാര്യ അംബിക

​ഏപ്രീല്‍ 24 വയനാട് മേപ്പാടി അറുമുഖന്‍

ഏപ്രീല്‍ 27 അട്ടപ്പാടി കാളി

ഏപ്രീല്‍ 28 എറണാകുളം കോതമംഗലം സി.എം പ്രകാശ്

മെയ് 1 നിലമ്പൂര്‍ പുഞ്ചക്കൊല്ലി നെടുമുടി (60)

മേയ് 19 പാലക്കാട് എടത്തനാട്ടുക്കര ഉമ്മര്‍

മെയ് 31 പാലക്കാട് അട്ടപ്പാടി മല്ലന്‍

ജൂണ്‍ 13 ഇടുക്കി പീരുമേട് സീത

ജൂണ്‍ 19 പാലക്കാട് ഞാറക്കോട് കുമാരന്‍ 

ജൂണ്‍ 25 നിലമ്പൂര്‍ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി

ജൂലൈ 22 പാലക്കാട് അട്ടപ്പാടി വെള്ളിങ്കിരി

ജൂലൈ 29 ഇടുക്കി പീരുമേട് പുരുഷോത്തമന്‍

ആഗസ്റ്റ് 22 മലപ്പുറം ചാത്തല്ലൂര്‍ കല്യാണി

കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍

ജനുവരി 24  വയനാട്  പഞ്ചാരക്കൊല്ലി രാധ 

മെയ് 15 മലപ്പുറം കാളികാവ് ഗഫൂര്‍ 

 

animal-attack-list

വന്യജീവി ആക്രമണം കുറ‍ഞ്ഞോ.?

കഴി‍ഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു വന്യജീവി ആക്രമണം കുറഞ്ഞു വരുന്നുവെന്നാണ് വനംവകുപ്പിന്‍റെ അവകാശവാദം. കണക്കുകകളില്‍ പരിശോധിച്ചാല്‍ പക്ഷെ അത് തെറ്റാണെന്ന് ബോധ്യപ്പെടും. 2021–22 വര്‍ഷങ്ങളില്‍ 35 പേര്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് വനംവകുപ്പ് രേഖയിലെ കൂടിയ അളവ്. 2012– 13 കാലത്തെ 13 പേരുടെ മരണമാണ് ഏറ്റവും കുറവ്. ഈ വര്‍ഷം ഇതുവരെ 25 പേര്‍ കൊല്ലപ്പെട്ട കണക്ക് വെച്ചു നോക്കുമ്പോള്‍ തന്നെ വര്‍ധനവ് ബോധ്യപ്പെടും.

 

forest-department

വന്യജീവി ആക്രമണം, സാഹചര്യം മാറുന്നു

കേരളത്തില്‍ മുന്‍ കാലങ്ങളില്‍ വേനല്‍ കടുത്ത് കാടുണങ്ങുന്ന സമയത്തായിരുന്നു കാട്ടാനയാക്രമണം കാര്യമായി ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ആ സ്ഥിതിക്ക് മാറ്റമുണ്ട്. വേനലില്‍ മാത്രമല്ല, മഴക്കാലത്തും കാട്ടാനയാക്രമണത്തിനു കുറവില്ല. മഴ കനത്ത് കാട്ടില്‍ വിഭവ സമൃദ്ധമാകുന്ന സമയത്തും കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും പുതിയ സാഹചര്യത്തേയാണ് സൂചിപ്പിക്കുന്നത്. കാട്ടില്‍ വനവിഭവങ്ങളില്ലാത്തതല്ല മറിച്ച് ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് പിന്നിലെന്ന് പറയാം. സംസ്ഥാനത്ത് ഒടുവില്‍ കൊല്ലപ്പെട്ട 7 പേരും കാലവര്‍ഷം കനത്തു നില്‍ക്കുന്ന സമയത്താണ് കാട്ടാനക്കിരയായതെന്ന് ഉദാഹരണം. 

 

കണക്ക് കുറച്ചു കാട്ടുന്നോ.?

ഈ വര്‍ഷം 8 മാസമാകുമ്പോഴേക്ക് മരിച്ചു വീണവരുടെ കണക്കാണിത്. 2025 ല്‍ ഇതുവരെ 10 പേരെ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാണ് പറയുന്നതെങ്കില്‍ മുകളില്‍ പറഞ്ഞ മറ്റാളുകള്‍ മരിച്ചതെങ്ങനെയെന്ന് വനംവകുപ്പ് തന്നെ വ്യക്തമാക്കേണ്ടി വരും. മരണപ്പെട്ടവരുടെ കുടുംബത്തിനു നല്‍കിയ നഷ്‌ടപരിഹാര കണക്കിലേക്ക് നോക്കിയാല്‍ തന്നെ എത്രപേരുടെ മരണമുണ്ടായി എന്ന് മനസിലാകുമെന്നിരിക്കെ നയസമീപന കരടു രേഖയിലെ കുറച്ചുകാണിക്കല്‍ എന്തിനെന്നാണ് ചോദ്യം

ENGLISH SUMMARY:

Wildlife attacks in Kerala are a cause for concern. The increasing human-animal conflict and its impact on human lives needs to be addressed by improving policies and implementing effective conservation measures.