ഒരേസമയം പല സ്ത്രീകള്‍ ഉയര്‍ത്തിയ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക ഉന്നയിച്ച ആരോപണം അവരെ ആരോ പഠിപ്പിച്ചതാണെന്നുപറഞ്ഞ് പ്രതിരോധിക്കാന്‍ ഒരു ശബ്ദരേഖ രാഹുല്‍ പുറത്തുവിട്ടു. രാഷ്ട്രീയവിഷയങ്ങളില്‍ കോണ്‍ഗ്രസിന്‍റെ പ്രതിരോധിക്കാന്‍ സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും സമരമുഖങ്ങളിലും നടത്തിയ ഇടപെടലുകളുടെ ഫലമാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നാണ് രാഹുലിന്‍റെ നിലപാട്.
മാധ്യമങ്ങളും മറ്റുപലരും തന്നെ വലിയ കുറ്റവാളിയായാണ് ചിത്രീകരിക്കുന്നത്. വലിയ കുറ്റവാളികള്‍ക്കുപോലും അവരുടെ ഭാഗം കേള്‍ക്കാനുള്ള അവസരം നിയമസംവിധാനത്തിലുണ്ട്. അതുപോലും തനിക്ക് ലഭിക്കുന്നില്ല. ‘എല്ലാവരും മനുഷ്യന്മാരാണല്ലോ. എനിക്കും എന്‍റെതായിട്ടുള്ള ഫീലിങ്സും ഇമോഷന്‍സും ഒക്കെയുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.’ – രാഹുല്‍ പറഞ്ഞു.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അങ്ങനെ ചെയ്യേണ്ടിവരുന്നതില്‍ അവരോട് ക്ഷമ ചോദിക്കുന്നു.തന്നെ ഒരുപാട് സ്നേഹിച്ച മനുഷ്യന്മാര്‍ ഒരുപാടുപേര്‍ വിളിക്കുന്നുണ്ട്. ഒരുപാടുപേര്‍ പിന്തുണയ്ക്കുന്നുണ്ട്. ഒരുപാടുപേര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ചിലര്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ചിലര്‍ സങ്കടപ്പെടുന്നുണ്ട്. അവരോടെല്ലാം, അങ്ങനെയൊരു സാഹചര്യം ഉണ്ടായതില്‍ മാപ്പുചോദിക്കാന്‍ മാത്രമേ തനിക്ക് കഴിയുന്നുള്ളു. ബാക്കിയുള്ള കാര്യങ്ങളെല്ലാം ജനകീയ കോടതിയിലും അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ നീതിന്യായ കോടതിയിലൂം പറയുമെന്നും മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
രാഹുലിന്‍റെ മറുപടിയുടെ പൂര്‍ണരൂപം...
‘നിങ്ങള്‍ക്ക് ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം. ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരങ്ങളുണ്ട്. പക്ഷേ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് കടക്കാതെ തന്നെ നിങ്ങള്‍ പലരും വാര്‍ത്തകള്‍ ചെയ്യുന്നുണ്ട്. ആ വാര്‍ത്തകള്‍ തുടരും. ആ വാര്‍ത്തകള്‍ക്കുള്ള ഒരു പരിഹാമൊന്നുമല്ല ഇത് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.
ജനങ്ങള്‍, പ്രത്യേകിച്ച് പാർട്ടി പ്രവർത്തകര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അടിസ്ഥാനപരമായി ഞാൻ ഒരു പാർട്ടി പ്രവർത്തകനാണ്. ഏതെങ്കിലും തരത്തിൽ ഈ പാർട്ടി ഞാൻ കാരണം ഒരു പ്രതിസന്ധിയിൽ ആകണമെന്ന് ആഗ്രഹിക്കുന്ന ഒരാളല്ല. ഇപ്പോൾ ഇത്രയേറെ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതിന്‍റെ കാരണം അത് ഞാൻ കുറ്റം ചെയ്തോ ചെയ്തില്ലയോ എന്നതല്ല. അതിനപ്പുറം ഈ പാർട്ടിയുടെ എല്ലാ പ്രതിസന്ധിയിലും – അത് സമൂഹമാധ്യമങ്ങളെങ്കില്‍ സമൂഹമാധ്യമങ്ങള്‍, മാധ്യമങ്ങളെങ്കില്‍ മാധ്യമങ്ങള്‍, സമരങ്ങളെങ്കില്‍ സമരങ്ങള്‍, അതിലെല്ലാം – പാർട്ടിയെ പ്രതിരോധിക്കുവാൻ പ്രവർത്തിച്ച ഒരാളെന്ന നിലയിലാണ്. പക്ഷേ ഞാൻ കാരണം എന്‍റെ പാർട്ടി പ്രവർത്തകർക്ക് തല കുനിക്കാന്‍ ഒരു സാഹചര്യം ഉണ്ടാകുന്നത് എനിക്ക് ഉൾക്കൊള്ളാനും അംഗീകരിക്കുവാനും കഴിയില്ല.
എനിക്കെതിരെ വന്നിട്ടുള്ള ആരോപണങ്ങളില്‍, എന്‍റെ പേര് പറഞ്ഞുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത് എന്‍റെ സുഹൃത്തും, ഇപ്പോഴും ഞാൻ അങ്ങനെ തന്നെയാണ് പറയുന്നത്, എന്‍റെ സുഹൃത്തും ട്രാൻസ് ജെൻഡർ വ്യക്തിയുമായ അവന്തികയാണ്.ഓഗസ്റ്റ് ഒന്നാംതീയതി വൈകുന്നേരം 8.24ന് അവന്തിക എന്നെ ഫോണില്‍ വിളിച്ചിരുന്നു. അവര്‍ പറയുന്നത് ഇങ്ങനെയാണ്...‘ഇപ്പോള്‍ എന്നെ ഒരു റിപ്പോര്‍ട്ടര്‍ വിളിച്ചിരുന്നു. ചേട്ടനെതിരായി എന്തെങ്കിലും പരാതിയുണ്ടോ? എന്തെങ്കിലും മോശം അനുഭവം ഉണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ അങ്ങനെയൊരു ആരോപണപരിസരവും ഇല്ലാത്ത സമയമാണ്. എന്നുവച്ചാല്‍ അവന്തികയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു കാര്യം കേള്‍ക്കാത്ത സമയമാണ്. സമൂഹമാധ്യമങ്ങളിലൂടെ സിപിഎം മറ്റൊരു പ്രചണ്ഡമായ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന സമയംകൂടിയായിരുന്നു വാലും തലയുമില്ലാതെ.
എന്താണ് അങ്ങനെ ഒരു ആരോപണം വരാന്‍ കാരണം എന്ന് ഞാന്‍ അവന്തികയോട് ചോദിച്ചു. ചേട്ടനെ കുടുക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമമായി എനിക്ക് തോന്നി, അതുകൊണ്ടാണ് ചേട്ടനെ വിളിച്ച് പറയണമെന്ന് എനിക്ക് തോന്നിയെന്ന് അവര്‍ മറുപടി നല്‍കി. ഞാന്‍ അങ്ങോട്ട് വിളിച്ച കോളല്ല, ഇങ്ങോട്ട് വിളിച്ചതാണ്. ആ വിളിച്ചയാളുടെ വോയിസ് റെക്കോര്‍ഡ് ചെയ്തുവച്ചിട്ടുണ്ടെന്നും അവന്തിക പറഞ്ഞിരുന്നു. എനിക്ക് അത് അയച്ചുതരുമോ എന്ന് ഞാന്‍ ചോദിച്ചു. ‘Send it please’ എന്ന് മെസേജ് അയക്കുന്നു. ‘Wait" എന്ന് മറുപടി. അപ്പോള്‍ത്തന്നെ ഞാന്‍ ചോദിച്ചു, ‘Can I ask them?’ ഈ വിളിച്ച റിപ്പോര്‍ട്ടറോട് എനിക്ക് ചോദിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. ‘Ok, Sure’ എന്ന് മറുപടി. വന്ന കോളിനെപ്പറ്റി ‘What time?’ എന്ന് ഞാന്‍ ചോദിച്ചു. ‘Just now’എന്ന് മറുപടി. ഞാന്‍ വീണ്ടും ചോദിച്ചു, ‘Can I call that reporer?’ യെസ് എന്ന് അവന്തികയുടെ മറുപടി.
(തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ വോയിസ് റെക്കോര്‍ഡ് പ്ലേ ചെയ്ത് കേള്‍പ്പിക്കുന്നു)
അവന്തിക (ഫോണില്‍ റിപ്പോര്‍ട്ടറോട് സംസാരിക്കുന്ന ശബ്ദം): ചേട്ടനോരാടാ പറഞ്ഞത്? നിങ്ങള്‍ എല്ലാം മറച്ചുവച്ച് സംസാരിക്കേണ്ട ആവശ്യമില്ലല്ലോ.
റിപ്പോര്‍ട്ടറുടെ ശബ്ദം: ഞാന്‍ പറയാം, ഞാന്‍ പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കുക. എന്നോട് പറഞ്ഞയാളുടെ പേര് ഇപ്പോള്‍ പറയാനാവില്ല. വേണമെങ്കില്‍ കുറച്ചുദിവസം കഴിഞ്ഞുപറയാം. ഇപ്പോള്‍ ഞാന്‍ പറയുന്ന കാര്യം ഉള്ളതാണോ അല്ലയോ എന്ന് പറയുക. ഇല്ലെങ്കില്‍ വിട്ടേക്കുക. പറഞ്ഞത്, നിങ്ങള്‍ക്ക് ത്രെട്ടെന്‍ഡ് സിറ്റുവേഷനിലാണ്, ലൈഫ് ത്രെട്ടണിങ് തരത്തിലുള്ള ഭീഷണി നേരിടുന്ന സാഹചര്യം ഉണ്ടായി. Because, രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഭാഗത്തുനിന്ന് നിങ്ങള്‍ക്ക് വളരെ പ്രയാസകരമായ ഒരനുഭവം നേരിട്ടു. നിങ്ങള്‍ അങ്ങനെയൊരു കാര്യം പുറത്തുപറയാനുള്ള പേടികൊണ്ട് ആരോടും പറയാതിരിക്കുകയാണ്. അതിന്‍റെ ചാറ്റും ഫോണ്‍ റെക്കോര്‍ഡുകളും നിങ്ങളുടെ കൈവശമുണ്ട്. ലൈഫ് ത്രെട്ടണിങ് സിറ്റുവേഷന്‍ ആയതുകൊണ്ടാണ് നിങ്ങള്‍ ഇതിന്‍റെ കാര്യം പുറത്തുപറയാത്തത് എന്നാണ് എന്നോട് പറഞ്ഞത്. ഇതിന്‍റെ ഗൗരവമോ, ആരൊക്കെയാണ്, എവിടെനിന്നൊക്കെയാണ് എന്നൊക്കെയുള്ള കാര്യമൊന്നും എനിക്ക് അറിയില്ല. ഇയാളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഒരു ആരോപണം ഉണ്ടായകാര്യം അറിഞ്ഞിരുന്നോ?
അവന്തികയുടെ ശബ്ദം: ഞാനുമായി ബന്ധപ്പെട്ടാണോ?
‘ഇനിയുള്ളത് അത്ര റെലവന്‍റ് അല്ലാത്തതുകൊണ്ടാണ്, ഞാന്‍ ഇതൊന്നും ഫോര്‍വേഡ് ചെയ്യുകയാണ്’ എന്നുപറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോയിസ് ക്ലിപ്പ് ഫോര്‍വേഡ് ചെയ്യുന്നു. നിങ്ങള്‍ക്കാവശ്യമുള്ള വോയിസ് മുഴുവന്‍ ഞാന്‍ കേള്‍പ്പിക്കാം.
അവന്തികയുടെ ശബ്ദം: പൊലീസില്‍ കംപ്ലെയ്ന്‍റ് കൊടുക്കാനും എന്‍റെ പാര്‍ട്ടി വഴി കംപ്ലെയിന്‍റ് നല്‍കാനും ഉള്ള എല്ലാ അവസരവും ഉള്ള സമൂഹത്തില്‍ അല്ലേ നമ്മള്‍ ജീവിക്കുന്നത്. എനിക്ക് പേഴ്സണലായി അങ്ങനെയുള്ള എക്സ്പീരിയന്‍സ് ഉണ്ടായാല്‍ അത് തുറന്നുപറയാനുള്ള ബോധവും വിവരവും എല്ലാം ഉള്ള വ്യക്തിയാണ് ഞാന്‍. ഞാന്‍ ഇതുവരെ ആര്‍ക്കും കംപ്ലെയിന്‍റ് കൊടുത്തിട്ടില്ല. രാഹുല്‍ എന്നെ സംബന്ധിച്ച് എന്‍റെ നല്ല സുഹൃത്താണ്, എന്നോട് മോശമായി സംസാരിച്ചിട്ടില്ല.
റിപ്പോര്‍ട്ടുടെ ശബ്ദം: നിങ്ങളോട് മോശമായി സംസാരിച്ചിട്ടില്ല?
അവന്തികയുടെ ശബ്ദം: ഇല്ല.
റിപ്പോര്‍ട്ടുടെ ശബ്ദം: ഓകെ, ഓകെ. അപ്പോള്‍ അവിടെ ക്ലിയറായി അത്.
അവന്തികയുടെ ശബ്ദം: ഈ പരാതി പറഞ്ഞത് ആരാണ്?
റിപ്പോര്‍ട്ടുടെ ശബ്ദം: നിങ്ങള്‍ അങ്ങനെ ഇല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് അത് വിട്ടേക്കുക, ആ സംഭവം വിട്ടേക്കുക.
അവന്തികയുടെ ശബ്ദം: എന്നെപ്പറ്റി ഇങ്ങനെയൊരു അപവാദം പറഞ്ഞുനടക്കുമ്പോള്‍ അത് ആരാണെന്ന് അറിയാനുള്ള അവകാശമില്ലേ ചേട്ടാ? അതുകൊണ്ട് ചോദിച്ചതാണ്.
റിപ്പോര്‍ട്ടുടെ ശബ്ദം: അങ്ങനെയല്ല, നിങ്ങളെപ്പറ്റി മോശമായൊന്നുമല്ല കേട്ടോ പറഞ്ഞത്.
അവന്തികയുടെ ശബ്ദം: മോശമല്ലെങ്കിലും, കേരളത്തിലെ ഒരു എംഎല്‍എ – പോരാത്തതിന് പാലക്കാട്ടെ എംഎല്‍എയാണ് – ആ എംഎല്‍എയില്‍ നിന്ന് എനിക്ക് ബാഡ് എക്സ്പീരിയന്‍സ് ഉണ്ടായെന്ന് പറഞ്ഞാല്‍ അതൊരു മോശപ്പെട്ട കാര്യം തന്നെയല്ലേ?
റിപ്പോര്‍ട്ടുടെ ശബ്ദം: ബാഡ് എക്സ്പീരിയന്‍സ് ഉണ്ടായെന്നല്ല പറഞ്ഞത്. നിങ്ങളോട് വാട്സാപ് ചാറ്റില്‍ മിസ് ബിഹേവ് ചെയ്യുന്ന രീതിയില്‍ പെരുമാറി എന്നാണ്.
അവന്തികയുടെ ശബ്ദം: അതൊരു ബാഡ് എക്സ്പീരിയന്‍സ് അല്ലേ. മിസ്ബിഹേവ് ചെയ്തു എന്നുപറയുന്നത് തന്നെ ഒരു ബാഡ് എക്സ്പീരിയന്‍സ് ആണല്ലോ. അത് ആരാണ് പറഞ്ഞുനടക്കുന്നത് എന്നറിയാനുള്ള അവകാശം എനിക്കുംകൂടി ഇല്ലേ.
റിപ്പോര്‍ട്ടുടെ ശബ്ദം: അത് ഞാന്‍ അയാളോടൊന്ന് ചോദിക്കട്ടെ, നിങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ് പറയുന്നത്. നിങ്ങളുടെ ക്ലാരിഫിക്കേഷന്‍ ഇങ്ങനെയാണെന്ന്.
അവന്തികയുടെ ശബ്ദം: ഞാന്‍ അങ്ങനെയാണ് പറഞ്ഞതെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. എനിക്ക് എന്തെങ്കിലും മിസ്ബിഹേവിയര്‍ ഉണ്ടായാലും എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലും ബന്ധപ്പെട്ട അധികൃതരെ സമീപിക്കാനുള്ള എല്ലാ ബോധവും അവകാശവും എനിക്കുള്ളതാണ്. അത് എന്നെ സംബന്ധിച്ച് എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായില്‍ അത്തരത്തില്‍ സമീപിക്കാനുള്ള എല്ലാ ഫ്രീഡവും ഉണ്ട് എല്ലാ വഴികളും ഉണ്ട്. പൊലീസ് തലത്തിലായാലും ന്യൂസ് പരമായാലും സര്‍ക്കാര്‍ തലത്തിലായാലും.
റിപ്പോര്‍ട്ടുടെ ശബ്ദം: നിങ്ങളുടെ ചുമതല എന്താണിപ്പോള്‍?
അവന്തികയുടെ ശബ്ദം: നിലവില്‍ എനിക്ക് പാര്‍ട്ടിയില്‍ ചുമതലകളൊന്നും തന്നെയില്ല
ശേഷം രാഹുലിന്‍റെ മറുപടി...
അപ്പോള്‍ ഈ സംഭാഷണം നിങ്ങള്‍ കേട്ടുകാണും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതിനുശേഷം അവര്‍ ഇക്കാര്യം പുറത്തുപറഞ്ഞ ദിവസം ഞാന്‍ വിളിച്ചു. പിന്നെയുള്ളതെല്ലാം കാഷ്വല്‍ സംഭാഷണങ്ങളാണ്. അത് രണ്ടുപേര്‍ തമ്മിലുള്ള കാഷ്വല്‍ സംഭാഷണങ്ങളാണ്. അതില്‍ ഏതെങ്കിലും മോശപ്പെട്ട കാര്യമൊന്നുമില്ല. അത് പുറത്തുപറയേണ്ട കാര്യമില്ല.
ഇനി അന്നത്തെ ദിവസമാണ് – ഇവര്‍ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ്...ഇവര്‍ എന്നോടിത് പറഞ്ഞിട്ട് നില്‍ക്കുന്ന സാഹചര്യമാണല്ലോ – അന്നേരമാണ് മറ്റൊരു ആരോപണവുമായി ബന്ധപ്പെട്ട് ഞാന്‍ മാധ്യമങ്ങളെ കാണാന്‍ തീരുമാനിക്കുന്നത്. അപ്പോള്‍ ഞാന്‍ രണ്ടുതവണ അവരെ വിളിക്കുന്നു. ‘Wanna talk to you’ എന്നുപറയുന്നു. ആ സംഭാഷണമുണ്ട്. ഞാന്‍ ഇതിനെപ്പറ്റി പറയട്ടെ? പറഞ്ഞശേഷം നിങ്ങള്‍ എന്നോടൊപ്പം നില്‍ക്കുമല്ലോ? എന്ന് ചോദിച്ചു. ‘You will stand with me in this issue, for justice, know’ എന്ന് ഓഗസ്റ്റ് ഒന്നിന് ഞാന്‍ പറഞ്ഞത്. ALSO READ: ‘പദവികൾക്കപ്പുറം കോൺഗ്രസുകാരനാണ്’; രാജി സൂചനയോ? രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കിട്ട് രാഹുല്‍
അവര്‍ പിന്നീട് പറഞ്ഞത് ലൈഫ് ത്രെട്ടണിങ് സിറ്റുവേഷന്‍ ആണെന്നാണ്. ലൈഫ് ത്രെട്ടണിങ് സിറ്റുവേഷനാണെന്ന് അങ്ങോട്ട് ആ റിപ്പോര്‍ട്ടറാണ് പറഞ്ഞുകൊടുക്കുന്നത്. നിങ്ങള്‍ അത് കേട്ടു. അങ്ങനെ ലൈഫ് ത്രെട്ടണിങ് സിറ്റുവേഷനില്‍ ഉള്ള ഒരാളാണെങ്കില്‍ അവര്‍ ഇപ്പോഴും പുറത്തുപറയില്ലായിരുന്നു. അതുപോട്ടെ, അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ പുറത്തുപറയാമെന്ന് വിചാരിക്കാം. പക്ഷേ, ആ റിപ്പോര്‍ട്ടര്‍ വിളിക്കുമ്പോള്‍ അത് അവര്‍ എന്നെ അറിയിക്കേണ്ട കാര്യമില്ലല്ലോ. അഥവാ അങ്ങനെ അറിയിച്ചു എന്നിരിക്കട്ടെ, ആ റെക്കോര്‍ഡിങ് അവര്‍ തന്നെ എനിക്ക് അയച്ചുതരുമോ? നിങ്ങളുടെ ഒരു യുക്തിയില്‍, നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിചാരണകള്‍ക്കിടയില്‍...
നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഞാന്‍ ഒരു വലിയ കുറ്റവാളി എന്ന നിലയിലാണല്ലോ എന്നെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. ഇനി നിങ്ങളുടെ വാദം അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, ഈ രാജ്യത്ത് ഏറ്റവും വലിയ കുറ്റവാളിക്കുപോലും നമ്മുടെ രാജ്യത്തെ നിയമസംവിധാനം കൊടുക്കുന്ന ഒരു അവസ്ഥയുണ്ടല്ലോ, അയാളെക്കൂടി കേള്‍ക്കുക എന്നത്. ഞാന്‍ ചോദിക്കുന്നത്, ലൈഫ് ത്രെട്ടണിങ് സിറ്റുവേഷനില്‍ നില്‍ക്കുന്ന ഒരാള്‍, എന്നെ ഇങ്ങോട്ടുവിളിച്ച് – ലൈഫ് ത്രെട്ടണിങ് സിറ്റുവേഷനില്‍ നില്‍ക്കുന്ന ഒരാള്‍ സ്വാഭാവികമായും എന്‍റെ തകര്‍ച്ചയായിരിക്കുമല്ലോ ആഗ്രഹിക്കുന്നത്? അങ്ങനെ ആഗ്രഹിക്കുന്നയാള്‍ എന്തിനായിരിക്കും അന്ന് രാത്രി, ഇതിന്‍റെ ഒരു പരിസവും ഇല്ലാതിരുന്ന സമയത്ത്, എന്നെ വിളിച്ച് ഈ വിവരം പറഞ്ഞത്. എന്തിനായിരിക്കും അവര്‍ എനിക്ക് ഈ കോള്‍ റെക്കോര്‍ഡിങ് അയച്ചുതന്നത്? അതും ഇപ്പോള്‍ പരിശീലിപ്പിക്കുന്നതുപോലെ അവരെ ആര്‍ക്കുവേണമെങ്കിലും പരിശീലിപ്പിക്കാം. അതിനും കൂടുതലായി ഞാന്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവരെ ഏതെങ്കിലും തരത്തില്‍ കുറ്റപ്പെടുത്തുന്നില്ല. അവര്‍ എന്‍റെ സുഹൃത്താണ്. നിങ്ങളില്‍ പലരും എന്‍റെ സുഹൃത്തുക്കളാണ്. നിങ്ങളില്‍ പലരും സ്വാഭാവികമായും നിങ്ങളുടെ ഉത്തരവാദിത്തത്തിന്‍റെ ഭാഗമായി നിങ്ങളുടേതായ ജോലികള്‍ ചെയ്യുമ്പോള്‍ എനിക്ക് അതിന്‍റെ പേരില്‍ നിങ്ങളെ തള്ളിപ്പറയേണ്ട കാര്യമില്ലല്ലോ. നിങ്ങള്‍ ഇപ്പോള്‍ എനിക്കെതിരെ വാര്‍ത്തകൊടുക്കുന്നതിന്‍റെ പേരില്‍ നിങ്ങള്‍ക്കെതിരായി ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അതുപോലെ തന്നെ അവര്‍ പറഞ്ഞതിന്‍റെ പേരില്‍ അവരെ തള്ളിപ്പറയാനൊന്നും ഞാന്‍ ഈ നിമിഷവും നില്‍ക്കുന്നില്ല. പക്ഷേ ഈ വാര്‍ത്തകളുടെ വലിയ പേമാരിയുടെ കാലത്ത് ഇത്തരം ചില സംഭവങ്ങള്‍ നടക്കുന്നുണ്ട്. അത് ഇന്ന് നടന്നതല്ല, ഓഗസ്റ്റ് ഒന്നാംതീയതി നടന്നതാണ്.
ഇനിയും എനിക്ക് ഒരുപാടുകാര്യങ്ങള്‍ ജനങ്ങളോട് പറയാനുണ്ട്. അത് നിങ്ങള്‍ സ്വാഭാവികമായും വാര്‍ത്തകള്‍ ചെയ്യുന്ന സമയത്ത് എന്‍റെ ഭാഗം കൂടി – അത് ഈ രാജ്യത്ത് ഏതൊരു പൗരനുമുള്ള അടിസ്ഥാനപരമായ അവകാശമാണ് അയാളുടെ ഭാഗം കൂടി കേള്‍ക്കുക എന്നുള്ളത് – ആ കേള്‍ക്കാനുള്ള മനസ് നിങ്ങള്‍ തുടര്‍ന്നും കാണിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയാം.
ചോദ്യം: എന്തുകൊണ്ടാണ് ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ വൈകിയത്?
രാഹുല്‍: വിശദീകരണം നല്‍കാന്‍ വൈകിയെന്ന് പറയുമ്പോഴും വേണമെങ്കില്‍ അതിനകത്ത് എന്നെ സംശയിക്കാനുള്ള ഒരു ഫാക്ടര്‍ എന്താണ് പറയാന്‍ കഴിയുക? ഞാന്‍ ഇത് ഫാബ്രിക്കേറ്റ് ചെയ്തു എന്നാണ്. വാലും തലയുമില്ലാത്ത ഒരു ശബ്ദമല്ലല്ലോ ഞാന്‍ കാണിച്ചത്. ഞാന്‍ ഒരു ചാറ്റ് നിങ്ങളെ ലൈവ് ആയി കാണിക്കുകയാണ്. നിങ്ങളില്‍ ആര്‍ക്കും ആ ചാറ്റ് വെരിഫൈ ചെയ്യാം. ഞാന്‍ ആളുടെ നമ്പര്‍ ഉള്‍പ്പെടെ പൊതുമധ്യത്തില്‍ കാണിക്കാത്തത് അയാളുടെ സ്വകാര്യതയെ മാനിച്ചാണ്. നിങ്ങളില്‍ ആര്‍ക്കെങ്കിലും അത്തരത്തില്‍ സംശയമുണ്ടെങ്കില്‍ എന്നോടൊപ്പം വന്നാല്‍ ഞാന്‍ സ്വകാര്യമായി നിങ്ങളെ അത് കാണിച്ച് അത് അവരുടെ നമ്പര്‍ തന്നെയാണോ എന്ന് നിങ്ങളെ ബോധ്യപ്പെടുത്താം. അതായത് ഞാന്‍ ഫാബ്രിക്കേറ്റ് ചെയ്ത ഒരു സാധമല്ല.
പിന്നെ എന്തുകൊണ്ട് പറയാന്‍ വൈകി എന്നുചോദിച്ചാല്‍, സ്വാഭാവികമായും മനുഷ്യന്മാരല്ലേ. സ്വാഭാവികമായും മനുഷ്യന്മാര്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന കാര്യങ്ങളുമൊക്കെ ഉണ്ടല്ലോ. അപ്പൊ അതൊക്കെയുണ്ടെന്ന് കൂട്ടിക്കോ. നിങ്ങളൊക്കെ ആരോപിക്കുന്നതുപോലെ – നിങ്ങളില്‍ പലരും ഞാന്‍ വലിയ ഒഫെന്‍ററാണെന്നൊക്കെ പറയുന്നു – അത് കോടതിയും നിയമങ്ങളുമാണ് ഞാന്‍ ഒഫന്‍ററാണോ അല്ലയോ എന്ന് പറയേണ്ടത്. എങ്കില്‍പ്പോലും എല്ലാവരും മനുഷ്യന്മാരാണല്ലോ. എനിക്കും എന്‍റെതായിട്ടുള്ള ഫീലിങ്സും ഇമോഷന്‍സും ഒക്കെയുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഒരുകാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്‍റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ആഗ്രഹിച്ച ഒരാളല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അങ്ങനെ ചെയ്യേണ്ടിവരുന്നതില്‍...ഞാന്‍ ചിലതൊക്കെ കാണുന്നുണ്ട്, അവര്‍ക്ക് അതൊക്കെ പ്രതിരോധിക്കേണ്ടിവരികയാണ്. ഞാന്‍ ഈ പാര്‍ട്ടിയെ ഒരുപാട് പ്രതിരോധിച്ചയാളാണ്. പാര്‍ട്ടിയെ ഒരുപാട് പ്രതിരോധിച്ചയാള്‍ക്കുവേണ്ടി അങ്ങനെ പ്രതിരോധം തീര്‍ക്കുന്ന പ്രവര്‍ത്തകരോട് എനിക്ക് ആകെ പറയാനുള്ളത്, ഞാന്‍ കാരണം ഒരു പ്രയാസം അവര്‍ക്കുണ്ടാകുന്നതില്‍ ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു.
എന്നെ ഒരുപാട് സ്നേഹിച്ച മനുഷ്യന്മാര്‍ ഒരുപാടുപേര്‍ എന്നെ വിളിക്കുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നും എന്‍റെ ഫോണിന് വിശ്രമമില്ല. പലരുടെയും ഫോണുകള്‍ എനിക്ക് എടുക്കാന്‍ കഴിയുന്നില്ല. ഒരുപാടാളുകള്‍ പിന്തുണയ്ക്കുന്നുണ്ട്. ഒരുപാടാളുകള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ചിലയാളുകള്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ചിലര്‍ സങ്കടപ്പെടുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ എനിക്ക് ആ ആളുകളോടെല്ലാം, അങ്ങനെയൊരു സാഹചര്യം ഉണ്ടായതില്‍ മാപ്പുചോദിക്കാന്‍ മാത്രമേ എനിക്ക് കഴിയുന്നുള്ളു. ബാക്കിയുള്ള കാര്യങ്ങളെല്ലാം നിങ്ങള്‍ വഴി ജനങ്ങളോട്, ജനകീയ കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ നിങ്ങള്‍ വഴി ജനകീയ കോടതിയിലും, അതിനപ്പുറം എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കിലും നീതിന്യായ കോടതിയിലൂടെയും ഞാന്‍ അത് പറയും. – ചോദ്യങ്ങള്‍ക്ക് അവസരം നല്‍കാതെ രാഹുല്‍ പറഞ്ഞവസാനിപ്പിച്ചു.