കോണ്‍ഗ്രസ് നേതൃത്വവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ശശി തരൂര്‍ എം.പി . രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് താന്‍ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കുമെന്ന് തിരുവനന്തപുരം എം.പി വ്യക്തമാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങും. തരൂരിനെ വിശ്വാസത്തിലെടുത്തേ പാര്‍ട്ടി മുന്നോട്ടു പോകൂ എന്ന് രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് ഉറപ്പ് നല്‍കി.
പറയാന്‍ മറന്ന പരിഭവങ്ങളൊന്നും ഇനി ശശി തരൂരിന് ഉണ്ടാകാനിടയില്ല. പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയടക്കം എല്ലാം തരൂര്‍ തുറന്നു പറഞ്ഞു. ഏതാണ്ട് രണ്ട് മണിക്കൂര്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇരുന്നു കേട്ടു. ചര്‍ച്ചക്ക് മുന്‍കയ്യെടുത്ത കെ.സി വേണുഗാപാലടക്കം മറ്റാരും അകത്തേക്ക് കയറിയില്ല. അസാധാരണമായ ഇടപെടലാണ് ശശി തരൂരിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയത്. ചര്‍ച്ച കഴിഞ്ഞിറങ്ങിയ തരൂര്‍ ഹാപ്പി.
കഴിഞ്ഞതവണ 56 UDF സ്ഥാനാര്‍ഥികള്‍ക്കായാണ് താന്‍ പ്രചാരണത്തിന് ഇറങ്ങിയതെങ്കില്‍ ഇക്കുറി അതിലേറെ പേര്‍ക്കായി ഇറങ്ങുമെന്ന് തരൂര്‍. രാവിലെ പാര്‍ലമെന്‍റിലെത്തിയ ശശി തരൂര്‍, എം.കെ രാഘവന്‍ എം.പിയുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ ചര്‍ച്ചക്ക് എത്തിയത്.