ജി.സുധാകരന്‍ സി.പി.എം വിടുമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ്. എന്നാല്‍ സുധാകരന്‍ നിലപാട് പറയും വരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയോ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുകയോ വേണ്ടെന്നാണ് തീരുമാനം. സുധാകരന്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ തയാറായാല്‍ പിന്തുണയ്ക്കാനും ആലോചനകളുണ്ട്.
സുധാകരനോട് ആദരവും ബഹുമാനവുമെന്ന് വി.ഡി.സതീശനും അഴിമതി ഇല്ലാത്ത മന്ത്രിയെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞപ്പോള്‍ സുധാകരന്‍ തീരുമാനം പറയുമ്പോള്‍ മറുപടി പറയാമെന്ന് കെ.സി.വേണുഗോപാലും പ്രതികരിച്ചു.
തിരഞ്ഞെടുപ്പിന് മുന്‍പ് സംഭവിച്ചേക്കാവുന്ന ഏറ്റവും വലിയ വിസ്മയം എന്ന രീതിയിലാണ് ജി.സുധാകരന്‍റെ നീക്കങ്ങളെ കോണ്‍ഗ്രസ് കാണുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പ്രധാന നേതാക്കള്‍ സുധാകരനോട് ആശയവിനിമയം നടത്തിയിട്ടുമുണ്ട്. പക്ഷെ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ല. സി.പി.എം ബന്ധം പരസ്യമായി തള്ളിപ്പറഞ്ഞ് വന്നാല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമാകും.
അമ്പലപ്പുഴയില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായാല്‍ യു.ഡി.എഫ് പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ സുധാകരനെ പരമാവധി പിന്തുണച്ചും എന്നാല്‍ പരസ്യമായി ക്ഷണിക്കാതെയുമാണ് ഇപ്പോഴത്തെ പ്രതികരണങ്ങളെല്ലാം. സുധാകരന്‍റേത് വ്യക്തിപരമായ തീരുമാനമെന്നും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്. സുധാകരനുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന രമേശ് ചെന്നിത്തല വാനോളം പുകഴ്ത്തി.
സുധാകരന്‍ ജനപിന്തുണയുള്ള നേതാവെന്ന് പ്രശംസിച്ച കെ.സി. വേണുഗോപാലും തീരുമാനമെടുക്കാനുള്ള പന്ത് സുധാകരന്‍റെ കളത്തിലേക്ക് തട്ടിയിട്ടു. സുധാകരനും സി.പി.എമ്മുമായുള്ള തര്‍ക്കം തന്നെ ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മിന് നഷ്ടവും കോണ്‍ഗ്രസിന് നേട്ടവുമുണ്ടാക്കും. അതിനാല്‍ കാത്തിരുന്ന് കളത്തിലിറങ്ങാമെന്ന തന്ത്രത്തിലാണ് കോണ്‍ഗ്രസ് നീക്കം.