യുവജനക്ഷേമ മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ.ജനീഷിനെ തൃശൂർ ഡിസിസി അവഗണിക്കുകയാണെന്ന പരസ്യ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദ്. ഒ.ജെ.ജനീഷ് മന്ത്രിയായത് ഇനിയും തൃശൂർ ഡിസിസി അറിഞ്ഞിട്ടില്ലെന്നാണ് ഫർസീൻ മജീദ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അനിൽ അക്കരയ്ക്കും ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എം.പി.ജാക്സണും സ്വീകരണം നൽകുന്ന ചടങ്ങ് സംബന്ധിച്ച ഫ്ലക്സിന്‍റെ ചിത്രം പങ്കുവെച്ചാണ് ഫർസീന്‍റെ വിമർശനം.
ഫ്ലക്സിൽ എവിടെയും മന്ത്രി ഒ.ജെ.ജനീഷിന്‍റെ ചിത്രമോ പേരോ ഇല്ലാത്തതാണ് ഫർസീൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.സി.വേണുഗോപാല്‍, അനില്‍ അക്കര, എം.പി.ജാക്സണ്‍, വി.എം.സുധീരന്‍, ടി.എന്‍.പ്രതാപന്‍, തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരുടെ ചിത്രങ്ങളാണ് ഫ്ലക്സിലുള്ളത്. പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ ഫർസീൻ മജീദിന്‍റെ വിമര്‍ശനം.
കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് ഇനിയും തൃശ്ശൂർ ഡിസിസി അറിഞ്ഞിട്ടില്ലെന്നാണ് ഫര്‍സീന്‍ കുറിച്ചത്. അംഗീകരിക്കാനുള്ള പ്രയാസം ഉണ്ടാവും അത് സ്വാഭാവികമാണെന്നും എന്നാല്‍ അത് നാട്ടുകാരെ അറിയിക്കണം എന്നുള്ളത് അല്പത്തരം ആണെന്നും ചിത്രം പങ്കുച്ച് ഫർസീൻ പരിഹസിക്കുന്നു.