രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ പല പി.എസ്.സി പരീക്ഷാ ക്രമക്കേടുകളും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയില്‍. പരീക്ഷാ നടത്തിപ്പിനെതിരെ അടുത്ത കാലത്തുണ്ടായ ആക്ഷേപങ്ങളെല്ലാം അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അതിനിടെ പി.എസ്.സിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലെത്തി.

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടാണ് വിവാദത്തിന് തുടക്കമിട്ടതെങ്കിലും അന്വേഷണം അതില്‍ ഒതുങ്ങില്ല. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്തെ പല പരീക്ഷകളേക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് അനുമതി നല്‍കിയ ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവില്‍ പരീക്ഷാ നടത്തിപ്പിനെതിരെ അടുത്തകാലത്തുണ്ടായ എല്ലാ ആക്ഷേപങ്ങളും അന്വേഷിക്കാമെന്നാണ് നിര്‍ദേശം. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്ന പരീക്ഷകളുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കും. അതിന് ശേഷം ഈ പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകള്‍ പി.എസ്.സിയില്‍ നിന്ന് ആവശ്യപ്പെടും. അതുകൂടി പരിശോധിച്ച ശേഷമായിരിക്കും ഓരോ വിഷയങ്ങളിലും കേസെടുത്ത് മുന്നോട്ടുപോവുക. ക്രൈംബ്രാഞ്ച് ഐ.ജി അജിത ബീഗത്തിന്‍റെ നേതൃത്വത്തില്‍  എന്‍.ആര്‍.ഐ സെല്‍   എസ്.പി സക്കറിയ മാത്യൂസും ഡിവൈ.എസ്.പി അജയ്നാഥും ഉള്‍പ്പെടുന്ന സംഘമാണ് അന്വേഷിക്കുക.

അതിനിടെ പി.എസ്.സി ഓഫീസിലേക്ക് തള്ളിക്കയറി ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. ചെയര്‍മാന്‍റെ ഓഫീസിലേക്ക് തള്ളിക്കയറുന്നത് തടയാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റെന്ന് പി.എസ്.സി ആരോപിച്ചപ്പോള്‍ ആക്രമിച്ചത് സുരക്ഷ ഉദ്യോഗസ്ഥരാണെന്ന് യൂത്ത് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ENGLISH SUMMARY:

PSC exam irregularities are under Crime Branch investigation in Kerala, covering various recruitment tests conducted during the second Pinarayi Vijayan government's tenure. This extensive probe will look into all recent allegations against the exam conducting body, following a directive from the government.