പി.വി.ബിജു

തൃശൂര്‍ വടക്കാഞ്ചേരിയില്‍ രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പ് എന്‍ഫോഴ്സ്മെന്‍റ് എം.വി.ഐ: പി.വി.ബിജു തടഞ്ഞതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. പൊലീസ് ഡ്രൈവറോട് ജീപ്പിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞു. ഓണ്‍ലൈന്‍ സൈറ്റില്‍ ജീപ്പിന്‍റെ ഇന്‍ഷൂറന്‍സ് കഴിഞ്ഞതാണെന്ന് പൊലീസ് ഡ്രൈവറോട് എം.വി.ഐ. പറഞ്ഞു. മാത്രവുമല്ല, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധിയും കഴിഞ്ഞു. നാലായിരം രൂപ പിഴയിട്ടു. എം.വി.ഡിയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ പിഴ രേഖപ്പെടുത്തുകയും ചെയ്തു. തൊട്ടുപിന്നാലെ, എം.വി.ഐ. രൂപികരിച്ച മാധ്യമപ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇന്‍ഷൂറന്‍സ് ഇല്ലാതെ പൊലീസ് വണ്ടി പിടിച്ചെന്ന് വാര്‍ത്താക്കുറിപ്പും വന്നു. പൊലീസാകട്ടെ നാണംകെട്ടു. മേലുദ്യോഗസ്ഥര്‍ക്കും എം.വി.ഐയുടെ ഇടപടല്‍ അത്ര പിടിച്ചില്ല. അനാവശ്യമായി പുതിയ പ്രശ്നമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

ആദ്യത്തെ ട്വിസ്റ്റ്

പൊലീസ് ഡ്രൈവര്‍ സ്റ്റേഷനില്‍ എത്തി രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇന്‍ഷൂറന്‍സിന്‍റെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെയുണ്ട്. വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. പൊലീസിന്‍റെ ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശമെത്തി. വേഗം എം.വി.ഐയ്ക്കെതിരെ കേസെടുക്കുക. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു. ഇന്‍ഷൂറന്‍സുണ്ടായിട്ടും അതില്ലെന്ന് പറഞ്ഞ് പൊലീസ് വണ്ടി തടഞ്ഞത് ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞതിന്‍റെ ഭാഗമാണെന്ന് പൊലീസ് വിലയിരുത്തി. കോടതിയില്‍ നിന്നു മാത്രമേ ജാമ്യം കിട്ടൂ. സ്റ്റേഷന്‍ ജാമ്യം കിട്ടില്ല. കേസെടുക്കുന്നതിന് തൊട്ടുമുമ്പു വരെ താന്‍ ചെയ്തതു ശരിയാണെന്ന് സ്ഥാപിച്ച എം.വി.ഐ. പിന്നെ എഫ്.ഐ.ആര്‍ ഇട്ടെന്ന് അറിഞ്ഞതോടെ മുങ്ങി. പൊലീസ് വീട്ടില്‍ എത്തി എം.വി.ഐ പിടികൂടാന്‍. തൃശൂര്‍ മണ്ണുത്തിയിലാണ് വീട്. അതാ വരുന്നു അടുത്ത ട്വിസ്റ്റ്.

രണ്ടാമത്തെ ട്വിസ്റ്റ്

എം.വി.ഐ: ബിജുവിന്‍റെ വീടിനു മുമ്പില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറിന്‍റെ രേഖകള്‍ പൊലീസ് പരിശോധിച്ചു. എം.വി.ഐയുടെ പേരിലുള്ള വാഹനം. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞിട്ട് രണ്ടരമാസം. പൊലീസിന്‍റെ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞ് രണ്ടു ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. സ്വന്തം കാറിന്‍റെ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാത്ത എം.വി.ഐ ആണ് ഇതേക്കുറ്റം ചുമത്തി പൊലീസിനെ പിടികൂടിയത്. എം.വി.ഐയുടെ കാറിന്‍റെ രേഖകളും പൊലീസ് പുറത്തുവിട്ടു.

കേസില്‍ പ്രതിയായി

പൊലീസ് വണ്ടി തടഞ്ഞ് എം.വി.ഐ പിഴയിടുന്നത് സമീപകാലത്തൊന്നും കേട്ടിട്ടില്ല. ഇങ്ങനെ ചെയ്യാന്‍ പൊലീസുമായി എന്തെങ്കിലും എം.വി.ഐയ്ക്കു പ്രശ്നമുണ്ടോ? നിലവില്‍ അങ്ങനെയൊരു പ്രശ്നമില്ല. പക്ഷേ, വാര്‍ത്തകളില്‍ ഇടംനേടാന്‍ ഇഷ്ടമുള്ള ഉദ്യോഗസ്ഥനാണ് എം.വി.ഐ. മാധ്യമപ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വാര്‍ത്തകള്‍ കയ്യോടെ പോസ്റ്റ് ചെയ്യും. ഇനി, പൊലീസിനെതിരെ മാത്രമല്ല സ്വന്തം വകുപ്പിലെ സഹപ്രവര്‍ത്തകര്‍ക്കെതിരെയും സമാനമായ സംഭവം നേരത്തെയുണ്ടായി. എ.എം.വി.ഐയുടെ സഹോദരന്‍റെ പേരിലുള്ള ബിനാമി ബസിന് പിഴയിട്ടെന്നായിരുന്നു വാര്‍ത്താക്കുറിപ്പ്. എം.വി.ഐയുടെ വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതാ വരുന്നു, അടുത്ത ട്വിസ്റ്റ്. എ.എം.വി.ഐയ്ക്കു സഹോദരനില്ല. മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ വാര്‍ത്താക്കുറിപ്പ് ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി ഉദ്യോഗസ്ഥന്‍.

ബസുകാരുടെ നോട്ടപ്പുള്ളി

സ്വകാര്യ ബസുകാരും എം.വി.ഐയും തമ്മിലുള്ള ഉടക്ക് വളരെക്കാലമായുണ്ട്. ബസുകള്‍ക്ക് അമിത പിഴ ഈടാക്കുന്നതാണ് വിഷയം. പ്രതിഷേധിച്ച ബസ് ഉടമയെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പറഞ്ഞ് കേസെടുപ്പിച്ചു. ഇപ്പോള്‍ അതുപോലൊരു കേസില്‍ പ്രതിയായി ഇതേ എം.വി.ഐ.

ENGLISH SUMMARY:

A dramatic confrontation erupted in Wadakkanchery, Thrissur, when Enforcement MVI P.V. Biju stopped a patrolling police jeep and imposed a fine of ₹4,000, alleging that its insurance and pollution certificates had expired. The incident took a bizarre turn when the MVI immediately circulated news of the fine to a WhatsApp group he managed, causing embarrassment to the police department. However, a verification at the police station revealed that the vehicle’s insurance was valid until next March, leading the police to register a case against the MVI for obstructing official duty. As the police reached the MVI's residence in Mannuthy to initiate arrest proceedings, they discovered that the official's own car had an expired pollution certificate, undermining his credibility. This is not the first time the official has been linked to controversy, as he previously made false claims regarding a colleague’s relative's bus, only to delete the post after being confronted. Known for his keen desire to stay in the media spotlight, the MVI now finds himself as the accused in a case mirroring those he often filed against private bus operators. The incident has sparked a wider conversation about the ego clashes between departments and the professional conduct of government officials in the public domain.