സ്വന്തം പേരിലുള്ള എട്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു സുകുമാരക്കുറുപ്പ്, ചാക്കോ എന്ന ഫിലിം റെപ്രെസെന്‍റേറ്റീവിനെ കൊന്ന് കാറിലിട്ട് കത്തിച്ചത്. കാറിന് തീപിടിച്ച് മരിച്ചത് സുകുമാരക്കുറുപ്പാണെന്ന് വരുത്തി ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു 42 വര്‍ഷം മുന്‍പ് ആസൂത്രണം ചെയ്ത കൊലയുടെ ലക്ഷ്യം.
അന്നത്തെ കാലത്ത് മറ്റാരും ചിന്തിക്കാത്ത തരത്തില്‍ അതിവിദഗ്ധമായാണ് സുകുമാരക്കുറുപ്പും കൂട്ടാളികളും കൊല ആസൂത്രണം ചെയ്തതും മുങ്ങിയതും. കൊല നടത്തുന്നതിലും മുങ്ങുന്നതിലും നാല് പതിറ്റാണ്ടിനിപ്പുറവും പിടികിട്ടാപ്പുള്ളിയായി തുടരുന്നതിലും സുകുമാരക്കുറുപ്പ് നടത്തിയ ആസൂത്രണം വിജയിച്ചു. പക്ഷെ ഇന്‍ഷൂറന്‍സ് തുക നേടാനോ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് അല്ലായെന്ന് പൊലീസ് കണ്ടെത്തുന്നത് തടയാനോ കുറുപ്പിന്‍റെ ആസൂത്രണം വിജയിച്ചില്ല. രണ്ട് ദിവസം കൊണ്ട് തന്നെ കുറുപ്പിന്‍റെ തന്ത്രം കേരള പൊലീസ് പൊളിച്ചിരുന്നു.
കുറുപ്പിന് പിഴച്ച വഴി
തെളിവായി ഗ്ലൗസും പെട്രോള്‍ അംശവും
ചാക്കോയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഡ്രൈവറുടെ സീറ്റിലിരുത്തി പെട്രോള്‍ ഒഴിച്ച് കാറിന് തീകൊളുത്തി. അതിന് ശേഷം കാര്‍ പാടത്തേക്ക് തള്ളിയിടുകയാണ് കുറുപ്പും കൂട്ടാളികളും ചെയ്തത്. കൊല നടന്ന രാത്രി, 1982 ജനുവരി 21, പിറ്റേ ദിവസം പുലര്‍ച്ചെ തന്നെ കാര്‍ കത്തുന്നതായി നാട്ടുകാര്‍ വിളിച്ചറിയിച്ചത് അനുസരിച്ച് മാവേലിക്കര എസ്.ഐ തങ്കച്ചനും സംഘവും സ്ഥലത്തെത്തി. അവര്‍ക്ക് അവിടെ നിന്ന് ലഭിച്ച ഗ്ലൗസ് കേസില്‍ സംശയത്തിന്‍റെ ആദ്യ ചൂണ്ടുപലകയായി. ചാക്കോയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ നേരം ഭാസ്കരപ്പിള്ള കയ്യില്‍ ഉപയോഗിച്ചിരുന്ന ഗ്ലൗസായിരുന്നു അത്. കാറിന് തീ കൊളുത്തിയപ്പോള്‍ തീ വേഗം പടര്‍ന്നു. പുകയും വ്യാപിച്ചു. ഇതോടെ സ്ഥലത്ത് നിന്ന് ഓടുന്ന വെപ്രാളത്തില്‍ ഗ്ലൗസ് പാടത്ത് വീണുപോയി. ഗ്ലൗസ് കിട്ടിയതോടെ വാഹനം ഓടിക്കുന്നതിനിടെ അറിയാതെ തീ പിടിച്ചുണ്ടായ അപകടമല്ലെന്ന സംശയവും മറ്റൊരാള്‍ അപകടസ്ഥലത്തുണ്ടായിരുന്നിരിക്കാമെന്ന ചിന്തയും പൊലീസിന് ആദ്യം തന്നെ വന്നു. ഗ്ലൗസിനുള്ളില്‍ നിന്ന് ലഭിച്ച മുടി, ഗ്ലൗസ് ഉപയോഗിച്ചത് ഭാസ്കരപ്പിള്ളയാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുമായി. ഇതുകൂടാതെ മൃതദേഹത്തില്‍ പെട്രോളിന്‍റെ അംശം കണ്ടത് കാറിന് വെറുതേ തിപിടിച്ചത് അല്ല, പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്ന സംശയത്തിനും ഇടയാക്കി.
നീളന്‍ ഷര്‍ട്ടും, കയ്യിലെ പൊള്ളലും
അപകട സ്ഥലത്തെത്തിയ പൊലീസ് ആദ്യം തന്നെ കാറിന്‍റെ നമ്പര്‍ നോക്കി ഉടമയെ തിരിച്ചറിഞ്ഞു. സുകുമാരക്കുറുപ്പിന്‍റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവ് ഭാസ്കരപ്പിള്ളയുടെ പേരിലായിരുന്നു കാര്‍. അതോടെ പൊലീസ് ഭാസ്കരപ്പിള്ളയെ തപ്പി ഇറങ്ങി. അതിനിടെ ഭാസ്കരപ്പിള്ള തന്‍റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവ് സുകുമാരക്കുറുപ്പിനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തി. നീളന്‍ കയ്യുള്ള ഷര്‍ട്ടുമിട്ടാണ് ഭാസ്കരപ്പിള്ള വന്നത്. പൊലീസുകാരെ കണ്ടതോടെ മുഖത്ത് പരിഭ്രമം. സംശയം തോന്നിയ പൊലീസ് ഷര്‍ട്ടിന്‍റെ കൈ മുകളിലേക്ക് മടക്കി വെക്കാന്‍ പറഞ്ഞു. അതോടെ കയ്യിലെ പൊള്ളല്‍ പൊലീസ് കണ്ടു. സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്‍പീലിയിലും പൊള്ളല്‍. എന്ത് പറ്റിയതാണെന്ന് ചോദിച്ചപ്പോള്‍ തണുപ്പുമാറാന്‍ തീ കൂട്ടിയപ്പോള്‍ തീപ്പൊരി തെറിച്ചതാണെന്നായിരുന്നു മറുപടി. തീപ്പൊരി തെറിച്ചാല്‍ കയ്യില്‍ അത്രയും വലിയ പൊള്ളലുണ്ടാവില്ലല്ലോയെന്ന് ചോദിച്ചതോടെ ഭാര്യയുടെ സഹോദരി ഭര്‍ത്താവിനെ സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ താനാണ് കൊന്നതെന്നായി ഭാസ്കരപ്പിള്ള.
പ്രവാസിക്ക് ഇത്രയും നിലവാരമില്ലാത്ത അടിവസ്ത്രമോ?
സുകുമാരക്കുറുപ്പ് ആരാണെന്ന് പൊലീസ് വിശദമായി അന്വേഷിച്ചു. അബുദാബിയിലാണ് ജോലിയെന്നും ധനികനും ആഡംബര പ്രിയനുമായ പ്രവാസിയാണെന്നും മനസിലായി. പക്ഷെ മൃതദേഹത്തില്‍ കണ്ട പല കാര്യങ്ങളും ധനികനും ആഡംബരപ്രിയനുമായ പ്രവാസിയെന്ന വിശേഷണത്തോട് യോജിക്കുന്നത് ആയിരുന്നില്ല. മൃതദേഹത്തില്‍ അടിവസ്ത്രം അല്‍പഭാഗം കത്താതെ അവശേഷിച്ചിരുന്നു. അത് വളരെ പഴകിയതും നിലവാരമില്ലാത്ത കമ്പനിയുടേതുമാണ്. ആഡംബര പ്രിയനായ പ്രവാസി ഇത്ര മോശം അടിവസ്ത്രം ധരിച്ച് കാറില്‍ യാത്ര ചെയ്യുമോ? അതുമാത്രമല്ല, മൃതദേഹത്തില്‍ ചെരിപ്പും വാച്ചും ഉണ്ടായിരുന്നില്ല. ധനികനും ആഡംബര പ്രിയനുമായ പ്രവാസി ഇതുരണ്ടുമില്ലാതെ കാറില്‍ യാത്ര ചെയ്യുമോ? അതും കൂടാതെ സുകുമാരക്കുറുപ്പിന്‍റെ വീട്ടിലെത്തിയപ്പോള്‍ സ്വന്തം അംബാസിഡര്‍ കാര്‍ വീട്ടിലെ പോര്‍ച്ചിലും പൊലീസ് കണ്ടെത്തി. ഈ നല്ല കാറുള്ളപ്പോള്‍ പഴയ കാറില്‍ സുകുമാരക്കുറുപ്പ് യാത്ര ചെയ്യുമോ? ഈ സംശയങ്ങള്‍ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് ആണോയെന്ന സംശയത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചു
മരണവീട്ടിലെ ചിക്കന്‍ കറി
സുകുമാരക്കുറുപ്പാണ് മരിച്ചതെന്ന ഉറച്ച നിലപാടിലായിരുന്നു ബന്ധുക്കള്‍. പോസ്റ്റുമോര്‍ട്ടിന് പിന്നാലെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. ദഹിപ്പിക്കരുത്, മറവ് ചെയ്യാവുള്ളൂവെന്ന നിബന്ധനയോടെ മൃതദേഹം വിട്ടുനല്‍കി. അങ്ങിനെ വീട്ടുവളപ്പില്‍ തന്നെ മൃതദേഹം മറവ് ചെയ്തു. ഇതിന്‍റെ പിറ്റേദിവസം കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ് വീട്ടിലെത്തി. ഗൃഹനാഥന്‍ മരിച്ച ദുഖമൊന്നും അവിടെ കണ്ടില്ല. മാത്രവുമല്ല, അന്ന് ആ വീട്ടില്‍ ഉച്ചയ്ക്ക് കറിയുണ്ടാക്കിയത് ചിക്കന്‍ കറിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതും മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്ന സംശയത്തിന് ബലം നല്‍കി
വഴിത്തിരിവായി പോസ്റ്റുമോര്‍ട്ടം
കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ പാടത്ത് വെച്ച് തന്നെയായിരുന്നു പോസ്റ്റുമോര്‍ട്ടം. ആലപ്പുഴയിലെ പൊലീസ് സര്‍ജനായിരുന്ന ഡോ. ഉമാദത്തനാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അദേഹത്തിന്‍റെ കണ്ടെത്തലാണ് കാര്‍ കത്തിയുള്ള മരണമല്ല, കൊലപാതകമാണെന്ന് ഉറപ്പിച്ചത്. ശ്വാസകോശം പരിശോധിച്ചപ്പോള്‍ പുകയുടെയോ കരിയുടെയോ അംശം ഉണ്ടായിരുന്നില്ല. തീപിടിച്ചുള്ള മരണമാണെങ്കില്‍ പുകയും കരിയും ആന്തരികാവയവങ്ങളില്‍ കയറും. അതുകൊണ്ട് കാറിന് തീപിടിക്കുമ്പോള്‍ കൊല്ലപ്പെട്ടയാള്‍ക്ക് ജീവനില്ലെന്ന് ഉറപ്പായി. ആമാശയം പരിശോധിച്ചപ്പോള്‍ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റേയും സാന്നിധ്യവും ലഭിച്ചു. ഇതോടെ മദ്യത്തില്‍ മരുന്ന് കലര്‍ത്തി നല്‍കി മയക്കിയിട്ടാവാം കൊലപാതകെന്ന് സ്ഥിരീകരിച്ചു. അങ്ങനെയാണ് കാര്‍ കത്തിയുണ്ടായ അപകടത്തില്‍ സുകുമാരക്കുറുപ്പ് കൊല്ലപ്പെട്ടെന്ന തിരക്കഥ പൊളിഞ്ഞത്.