Image: @India Today

 ബംഗാളിലെ ബറൂയിപൂരിൽ 12 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്സിലെ മുഖ്യപ്രതി പ്രഭാസ് മണ്ഡൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ തോക്ക് തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തിരിച്ചു വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 12:45 ഓടെ ബറൂയിപുർ പോലീസ് സ്റ്റേഷനിലെ പ്രത്യേക സംഘം പ്രതിയായ പ്രഭാസ് മണ്ഡലിനെ കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനായി (Crime Scene Reconstruction) സൂര്യപൂരില്‍ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

തെളിവെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് പ്രഭാസ് മണ്ഡൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവർ തട്ടിയെടുക്കുകയും പോലീസിന് നേരെ വെടിയുതിർത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആത്മരക്ഷാർത്ഥമാണ് പോലീസ് തിരിച്ച് വെടിവച്ചതെന്ന് ബറൂയിപൂർ ജില്ലാ പൊലീസ് സൂപ്രണ്ട് പലാഷ് ചന്ദ്ര ദാലി പറഞ്ഞു. പരിക്കേറ്റ പ്രതിയെ ഉടന്‍ ബറൂയിപുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മരണം സ്ഥിരീകരിച്ചു.

തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച (ജൂലൈ 4, 2026) കാണാതായ 12 വയസ്സുകാരിയുടെ മൃതദേഹം ഞായറാഴ്ചയാണ് സൂര്യപൂരിലെ കുളത്തിൽ കണ്ടെത്തിയത്. പ്രതിയായ പ്രഭാസ് മണ്ഡൽ തന്നെയാണ് മൃതദേഹം ഉപേക്ഷിച്ച സ്ഥലം നാട്ടുകാർക്ക് കാണിച്ചുകൊടുത്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കുളത്തിൽ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.

പ്രതി പെൺകുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രഭാസ് മണ്ഡൽ, ആനന്ദ് സർദാർ, ദിബാകർ സർദാർ, കബീർ മൊല്ല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പ്രദേശത്ത് വലിയ ജനരോഷവും അക്രമവും ഉണ്ടായി.

പോലീസ് യഥാസമയം ഇടപെട്ടില്ലെന്നാരോപിച്ച് ജനക്കൂട്ടം പോലീസ് വാഹനങ്ങൾ തകർക്കുകയും റോഡുകളും റെയിൽവേ ട്രാക്കുകളും ഉപരോധിക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടം ഒരാളെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് 20 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരില്‍ക്കണ്ട് ആശ്വസിപ്പിക്കുകയും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട പ്രഭാസ് മണ്ഡൽ അടക്കമുള്ള പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 63 (ബലാത്സംഗം), 70(2) (കൂട്ടബലാത്സംഗം), 103(1) (കൊലപാതകം), 238 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകളും പോക്സോ (POCSO) നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 

West Bengal CM Faces Heat Over Alleged Police Encounter Killing:

West Bengal CM Suvendu Adhikari's government is under scrutiny following the alleged police encounter killing of Prabhash Mondal, the main accused in the rape and murder of a 12-year-old girl in Baruipur. This incident has sparked widespread protests and political debate regarding the effectiveness of the current administration in curbing crime.