മഹാരാഷ്ട്രയിലെ താനെയിൽ ആശുപത്രിക്കുള്ളിൽ വനിതാ ഡോക്ടർക്കും മറ്റ് ജീവനക്കാർക്കും നേരെ ശിവസേനയുടെ ജനപ്രതിനിധി നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. താനെയിലെ ഡോംബിവ്‌ലിയിലെ കെഡിഎംസി ആശുപത്രിയിലാണ് സംഭവം.

രമേശ് മാത്രെ എന്നയാളാണ് നിയമം കയ്യിലെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും ഒപ്പമുണ്ടായിരുന്ന ആശുപത്രി ജീവനക്കാരെയും പരസ്യമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ട്. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കകൾ ലഭ്യമല്ലാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് വലിയൊരു അക്രമത്തിലേക്ക് വഴിമാറിയത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 

ആക്രമണത്തിനിടയിൽ വനിതാ ഡോക്ടർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രമേശ് മാത്രെ അവരെ അടിക്കുകയും ഫോൺ താഴെ വീഴുകയും ചെയ്തു. അതിനുശേഷം, അയാൾ മറ്റ് ജീവനക്കാരുടെ നേരെ തിരിഞ്ഞു ആക്രമണം തുടരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. 

സംഭവത്തിന് പിന്നാലെ ശക്തമായ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ സംഘടനകൾ രംഗത്തെത്തി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ ഒറ്റപ്പെട്ടവയല്ലെന്നും ഭയാനകമാം വിധം കൂടുകയാണെന്നും യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് പ്രതികരിച്ചു. 

ENGLISH SUMMARY:

Maharashtra doctor assault by a Shiv Sena representative in Thane has sparked outrage. The incident, captured on CCTV, involved the assault of a female doctor and other staff at KDMDC Hospital in Dombivli over bed availability in the neonatal ICU.