പ്രതീകാത്മക ചിത്രം

അമ്മയുടെ ജോലിയും സ്വത്തും തട്ടിയെടുക്കാനായി മകള്‍ നടത്തിയത് അരുംകൊല. ജ‌യ്പൂരിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. 

ജൂലൈ 3ന് വൈകിട്ട് നാലേമുക്കാലോടെയാണ് കൊലപാതകം നടക്കുന്നത്. കോടതി ജീവനക്കാരിയായ 45കാരി നീരജ് ശര്‍മ മകനെ കോച്ചിങ് സ്ഥാപനത്തില്‍ കൊണ്ടുവിട്ട് തിരിച്ചുവരുന്ന വഴിയെ എസ്‍യുവി ഇടിച്ചു മരിക്കുകയായിരുന്നു.  130കിമീ വേഗതയിലായിരുന്നു ഇടിച്ച വാഹനമെന്ന് പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ 100 അടി ദൂരത്തേക്ക് തെറിച്ചുവീണ ഇവര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. അപകടത്തിനു പിന്നാലെ എസ്‌യുവി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. 

സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിനു ആദ്യഘട്ടത്തില്‍ തന്നെ ഇതൊരു അപകടമരണമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടത്തിയതാണെന്നും ബോധ്യപ്പെട്ടു. പിന്നാലെ നടത്തിയ വിശദാന്വേഷണത്തില്‍ ആസൂത്രണത്തിന്റെ തലച്ചോര്‍ നീരജിന്റെ കുടുംബത്തില്‍ നിന്നുതന്നെയെന്നും കണ്ടെത്താനായി.  നീരജ് ശര്‍മയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. 

ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ നീരജിന് ആശ്രിതനിയമനത്തിലൂടെ കോടതിയില്‍ ജോലി ലഭിച്ചു. അതേസമയം മകള്‍ ആയുഷി ശര്‍മയ്ക്ക് ആ ജോലി വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ നീരജ് തന്നെ നിയമനം നേടുകയായിരുന്നുവെന്നും ഈസ്റ്റ് ഡിസിപി രഞ്ജിത ശര്‍മ പറയുന്നു. മാത്രമല്ല കഴിഞ്ഞ രണ്ടു മൂന്നുവര്‍ഷമായി കുടുംബസ്വത്തുമായി ബന്ധപ്പെട്ടും ആയുഷി നീരജുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 

അമ്മാവന്‍ മോഹന്‍ സ്വരൂപുമായും കസിന്‍ ബല്‍റാമുമായും ആയുഷി ഗൂഢാലോചന നടത്തിയാണ് ഈ കൊലപാതകം നടത്തിയത്. കൊലപാതകം നടത്താനായി ഭരത്പൂര്‍ സ്വദേശിയായ ഹേമന്ദ് ശര്‍മയ്ക്ക് 7 ലക്ഷം രൂപ വാഗ്ദാനം നല്‍കി. കൊല നടത്താനായി എസ്‌യുവി വാടകയ്ക്കെടുത്ത് ഒരു മാസത്തോളം വാടകക്കൊലയാളി നീരജിന്റെ രീതികള്‍ നിരീക്ഷിച്ചു. 

കൊല നടത്തിയ ശേഷം വണ്ടി റോഡില്‍ ഉപേക്ഷിച്ച് പ്രതി ഒരു ബൈക്കില്‍ രക്ഷപ്പെട്ടതായാണ് വിവരം. നീരജിന്റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അപകടമരണം വിശദമായി അന്വേഷിച്ചത്. മകളുടെ ഭാഗത്തുനിന്നും നിരന്തരം വധഭീഷണി നേരിടുന്നതായി നീരജ് സഹോദരനേയും കുടുംബത്തേയും നേരത്തേ അറിയിച്ചിരുന്നതായും സൂചനകളുണ്ട്.

Daughter's Shocking Plot: Mother Murdered for Property in Jaipur:

A daughter orchestrated a heinous murder of her mother in Jaipur to seize her job and property. This sensational crime, involving a hired killer and a conspiracy, has led to the arrest of seven individuals, with the main suspect still at large.