42 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാക്കോയെന്ന യുവാവിനെ കൊന്ന് കത്തിച്ച ശേഷം പിടികിട്ടാപ്പുള്ളിയായി മാറിയ സുകുമാരക്കുറുപ്പ് എവിടേയെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. കുറുപ്പിനെ കണ്ടെത്താന്‍ പതിനെട്ട് അടവും പയറ്റിയിട്ടും പരാജയപ്പെട്ടതോടെ അടച്ചുവെച്ചിരുന്ന കേസ് ഫയല്‍ ക്രൈംബ്രാഞ്ച് വീണ്ടും തുറന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണം. ക്രൈംബ്രാഞ്ച് ചെയ്ത ഏറ്റവും പ്രധാന നീക്കം സുകുമാരക്കുറുപ്പിനെ കണ്ടതായി അവകാശപ്പെട്ട നഴ്സ് രത്നമ്മയുടെ മൊഴിയെടുത്തതാണ്. രത്നമ്മ പറഞ്ഞതില്‍ നിന്ന് ക്രൈംബ്രാഞ്ച് എത്തിച്ചേരുന്ന പ്രധാന നിഗമനങ്ങളിലൊന്ന് സുകുമാരക്കുറുപ്പ് ഇപ്പോള്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നാണ്.

1984 ജനുവരി 21ന് രാത്രിയിലായിരുന്നു ചാക്കോയെ കൊലപ്പെടുത്തിയത്. പിന്നീട് പലയിടങ്ങളിലേക്ക് മുങ്ങിയ സുകുമാരക്കുറുപ്പിനെ രത്നമ്മ കാണുന്നത് 1988ലാണ്. അതായത് കൊലപാതകവും തിരോധാനവും കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം.

രത്നമ്മ ആ സമയം ജാര്‍ഖണ്ഡിലെ ബോക്കോറോയില്‍ ജനറല്‍ ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. അവിടെ ചികിത്സക്കെത്തിയതായിരുന്നു സുകുമാരക്കുറുപ്പ്. രത്നമ്മ സുകുമാരക്കുറുപ്പിന്‍റെ നാട്ടുകാരിയാണ്. അതായത് ചെങ്ങന്നൂരിനടുത്ത്  ചെറിയനാട്ടിലാണ് ഇരുവരുടെയും വീട്. അങ്ങനെയാണ് പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ രത്നമ്മയ്ക്ക് കൂടുതല്‍ പരിചയം. നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന രത്നമ്മ അത് ചോദിച്ച് പരിചയപ്പെടുകയായിരുന്നു. അതിന് ശേഷം ക്ലാസ്സിലേക്ക് പോയ രത്നമ്മ തിരിച്ചുവന്നപ്പോളേക്കും കുറുപ്പ് ആശുപത്രിയില്‍ നിന്ന് മുങ്ങിയെന്നുമാണ് രത്നമ്മയുടെ മൊഴി.

​രത്നമ്മയുടെ മൊഴി അനുസരിച്ച് സുകുമാരക്കുറുപ്പ് ആശുപത്രിയില്‍ ചികിത്സ തേടിയത് നെഞ്ച് വേദനയ്ക്കാണ്. പണ്ട് തന്നെ രത്നമ്മ ജോലി ചെയ്ത ആശുപത്രിയിലെത്തി കുറുപ്പിന്‍റെ ചികിത്സാ രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്നം കുറുപ്പിന് ഉള്ളതായാണ് ആശുപത്രി രേഖകളിലും. അതുകൊണ്ട് തന്നെ കുറുപ്പ് ഹൃദ്രോഗിയായി മാറിയെന്നാണ് വിലയിരുത്തല്‍. കൊല നടത്തി മുങ്ങുമ്പോള്‍ കുറുപ്പിന് ഏകദേശം 35 വയസുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ 78 വയസെങ്കിലുമുണ്ടാവും. അതിനാല്‍ 40 വയസിന് മുന്‍പ് ഹൃദ്രോഗിയായ ഒരാള്‍ ഇത്രയും നാള്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവെന്ന് കരുതുന്നു.

​ഗോപാലകൃഷ്ണ കുറുപ്പ് എന്ന യഥാർത്ഥ പേരില്‍ നിന്നാണ് സുകുമാരക്കുറുപ്പ് എന്ന വ്യാജപേര് സ്വീകരിച്ചത്. എന്നാല്‍, ആശുപത്രയില്‍ ചികിത്സ തേടിയത് ജോഷി എന്ന പേരിലാണ്. അതിനാല്‍ ഒളിവിടത്തിലെ സുകുമാരക്കുറുപ്പിന്‍റെ പേര് ജോഷിയെന്നാകാം. ഹിന്ദുവില്‍ നിന്ന് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയുമാവാം ആള്‍മാറാട്ടം നടത്തുന്നതെന്നും കരുതുന്നു. എന്തായാലും, രത്നമ്മ കണ്ട ശേഷം പിന്നീട് ആരും സുകുമാരക്കുറുപ്പിനെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല. അതിനാല്‍ 1988ന് ശേഷം കുറുപ്പ് എവിടെയെന്ന ചോദ്യത്തിന് നിഗമനങ്ങളല്ലാതെ, ഉത്തരങ്ങള്‍ പൊലീസിന്‍റെ പക്കലില്ല. 

 

 

ENGLISH SUMMARY:

Sukumara Kurup's whereabouts have resurfaced as the Crime Branch reopens the case after failing to find him for 42 years. A nurse's statement claiming to have seen him in 1988 has led investigators to believe he is unlikely to be alive.