വയനാട്ടിലെ മണ്ണിടിച്ചിലില്‍ കാണാതായവരെ കണ്ടെത്താന്‍ ഇന്ന് കഡാവര്‍ ഡോഗുകളെ കൊണ്ടുവന്നുള്ള പരിശോധനയാണ്. വയനാട് മുണ്ടക്കൈ-ചൂരൽമല മണ്ണിടിച്ചിലിന് പിന്നാലെയാണ് കേരളം ഏറ്റവും കൂടുതൽ കഡാവര്‍ ഡോഗുകളെ കുറിച്ച് കേള്‍ക്കുന്നത്. ദുരന്തഭൂമിയിൽ മണ്ണും പാറക്കല്ലുകളും കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്ക് ഒപ്പം സഞ്ചരിച്ച ഈ നായകൾ നിരവധി മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെത്താൻ സഹായിച്ചു. എന്നാൽ സാധാരണ സ്നിഫർ ഡോഗുകളിൽ നിന്ന് ഇവയെ വ്യത്യസ്തരാക്കുന്നത് എന്താണ്?
മനുഷ്യശരീരത്തിന്‍റെ വിഘടന സമയത്ത് പുറപ്പെടുന്ന പ്രത്യേക ഗന്ധങ്ങൾ തിരിച്ചറിയാൻ പരിശീലനം ലഭിച്ച നായകളെയാണ് കഡാവര്‍ ഡോഗുകൾ അഥവാ Human Remains Detection Dogs (HRDD) എന്ന് വിളിക്കുന്നത്. ലഹരിമരുന്ന്, സ്ഫോടകവസ്തു, ആയുധങ്ങൾ എന്നിവ കണ്ടെത്തുന്ന നായകളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യം. കൊലപാതക അന്വേഷണങ്ങൾ മുതൽ പ്രകൃതിദുരന്തങ്ങൾ വരെ നിരവധി മേഖലകളിൽ ഇന്ന് ലോകമെമ്പാടും ഇവയെ ഉപയോഗിക്കുന്നുണ്ട്.
ഒരു മനുഷ്യന്‍റെ മൂക്കിലുള്ള ഗന്ധഗ്രാഹക കോശങ്ങളേക്കാള്‍ പതിമടങ്ങാണ് നായകളിലുള്ളത്. അതുകൊണ്ടുതന്നെ മനുഷ്യർക്ക് തിരിച്ചറിയാനാകാത്ത ഗന്ധങ്ങളെ പോലും നായകൾക്ക് വേർതിരിച്ചറിയാൻ കഴിയും. മനുഷ്യശരീരം വിഘടിക്കുമ്പോൾ പുറത്തുവരുന്ന സൂക്ഷ്മ രാസസംയുക്തങ്ങളുടെ ഗന്ധമാണ് കഡാവര്‍ ഡോഗുകൾ തിരിച്ചറിയുന്നത്. മണ്ണിനടിയിലോ വെള്ളത്തിനടിയിലോ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലോ മറഞ്ഞുകിടക്കുന്ന മനുഷ്യാവശിഷ്ടങ്ങൾ പോലും ഇവയ്ക്ക് കണ്ടെത്താൻ സാധിക്കും.
കഡാവര്‍ ഡോഗുകളുടെ ചരിത്രം
മനുഷ്യരെ കണ്ടെത്താനും വേട്ടയാടാനും നായകളെ ഉപയോഗിച്ച ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. എന്നാൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച കഡാവര്‍ ഡോഗുകളുടെ ആധുനിക ചരിത്രം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലാണ് ശക്തമായത്. അമേരിക്കയിൽ 1970-കളിലാണ് പ്രത്യേക കഡാവര്‍ ഡോഗ് യൂണിറ്റുകൾ രൂപപ്പെടാൻ തുടങ്ങിയത്. പിന്നീട് യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഈ രീതി വ്യാപിച്ചു. ഇന്ന് പൊലീസ്, സൈന്യം, ദുരന്തനിവാരണ സേനകൾ എന്നിവയുടെ അവിഭാജ്യ ഘടകമാണ് കഡാവര്‍ ഡോഗുകൾ.
പരിശീലനം എങ്ങനെ?
ഒരു കഡാവര്‍ ഡോഗിനെ സജ്ജമാക്കാൻ മാസങ്ങളോളം പരിശീലനം ആവശ്യമാണ്. ആദ്യം അടിസ്ഥാന അനുസരണ പരിശീലനവും പിന്നീട് പ്രത്യേക ഗന്ധ തിരിച്ചറിയൽ പരിശീലനവുമാണ് നൽകുന്നത്. മനുഷ്യശരീരവുമായി ബന്ധപ്പെട്ട ഗന്ധങ്ങളെ മറ്റ് എല്ലാ ഗന്ധങ്ങളിൽ നിന്നും വേർതിരിച്ചറിയാൻ ഇവയെ പരിശീലിപ്പിക്കും. ശരീരാവശിഷ്ടങ്ങൾ, രക്തം, അസ്ഥി, ടിഷ്യൂ തുടങ്ങിയവയുടെ ഗന്ധം തിരിച്ചറിയാനും നായകൾ പഠിക്കും. ഗന്ധം കണ്ടെത്തിയാൽ ഇരുന്നോ കിടന്നോ പ്രത്യേക രീതിയിൽ പ്രതികരിച്ചുകൊണ്ട് സൂചന നൽകും.
കേരളത്തിന്‍റെ സ്വന്തം കഡാവര്‍ ഡോഗുകൾ
കേരളത്തിൽ കഡാവര്‍ ഡോഗുകളുടെ ഉപയോഗം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ ശ്രദ്ധ നേടുകയാണ്. കേരള പൊലീസ് ഡോഗ് സ്ക്വാഡിലെ ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട മായ, മർഫി, ഏയ്ഞ്ചൽ എന്നിവരാണ് സംസ്ഥാനത്തെ പ്രധാന കാഡവർ ഡോഗുകൾ. 2020-ലാണ് ഇവയെ പ്രത്യേക പരിശീലനത്തിന് വിധേയമാക്കിയത്. മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധരായ ഇവ പിന്നീട് നിരവധി നിർണായക ദൗത്യങ്ങളുടെ ഭാഗമായി മാറി.
വയനാട്ടിൽ ശ്രദ്ധ നേടിയ മായയും മർഫിയും
2024-ലെ വയനാട് മണ്ണിടിച്ചിലിന് ശേഷം ദുരന്തഭൂമിയിൽ നടന്ന തിരച്ചിലിൽ മായയും മർഫിയും നിർണായക പങ്കുവഹിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹങ്ങളുടെ സ്ഥാനം തിരിച്ചറിയാൻ ഇവ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പല സ്ഥലങ്ങളിലും രക്ഷാസംഘങ്ങൾ കുഴിച്ചുനോക്കിയത്. ആദ്യ ദിവസങ്ങളിൽ തന്നെ നിരവധി മൃതദേഹങ്ങൾ കണ്ടെത്താൻ ഈ നായകൾ സഹായിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് രക്ഷാപ്രവർത്തകർക്കിടയിൽ നിശബ്ദമായി ജോലി ചെയ്ത ഈ സ്പെഷല്‍ രക്ഷാപ്രവർത്തകര്‍ പിന്നീട് ശ്രദ്ധാകേന്ദ്രമായി.
കേരളത്തിൽ നിർണായകമായ മറ്റ് ദൗത്യങ്ങൾ
വയനാടിന് മുന്‍പും കേരളത്തിലെ നിരവധി ദുരന്തങ്ങളിലും ക്രിമിനൽ അന്വേഷണങ്ങളിലും കഡാവര്‍ ഡോഗുകൾ പങ്കെടുത്തിട്ടുണ്ട്. 2020-ലെ ഇടുക്കി പെട്ടിമുടി മണ്ണിടിച്ചിൽ, കോട്ടയം കൊക്കയാർ മണ്ണിടിച്ചിൽ, 2022-ലെ ഇലന്തൂർ നരബലി കേസ് എന്നിവയിൽ മായയും മർഫിയും അന്വേഷണ സംഘങ്ങളെ സഹായിച്ചു. തൃശൂരിലെ മുണ്ടത്തിക്കോട് വെടിമരുന്ന് അപകടത്തിലും കഡാവര്‍ ഡോഗുകളെ ഉപയോഗിച്ച് പരിശോധന നടത്തി.തെലങ്കാനയിലെ എസ്.എൽ.ബി.സി ടണൽ ദുരന്തത്തിലും കേരള പൊലീസിന്‍റെ കഡാവര്‍ ഡോഗുകൾ തിരച്ചിലിനായി എത്തിച്ചിരുന്നു.
എന്തുകൊണ്ട് ഇത്ര പ്രധാനം?
ആധുനിക സാങ്കേതിക വിദ്യകൾ വളർന്നിട്ടും കഡാവര്‍ ഡോഗുകളെ പൂർണമായും മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഡ്രോണുകളും റഡാറുകളും സെൻസറുകളും പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യങ്ങളിൽ പോലും നായകളുടെ ഗന്ധശക്തി ഫലപ്രദമായി ഉപയോഗിക്കാനാകും. പ്രത്യേകിച്ച് മണ്ണിടിച്ചിൽ, ഭൂകമ്പം, കെട്ടിട തകർച്ച തുടങ്ങിയ ദുരന്തങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്താനുള്ള സാധ്യത വർധിപ്പിക്കുന്നത് ഇവയാണ്. കുടുംബങ്ങൾക്ക് ഉത്തരങ്ങൾ നൽകാനും അന്വേഷണ സംഘങ്ങൾക്ക് തെളിവുകൾ കണ്ടെത്താനും കഡാവര്‍ ഡോഗുകൾ വലിയ സഹായമാണ്.