ചേരാനെല്ലൂരിലെ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ ജയബാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു. മകൾ ഭദ്ര കീർത്തിയും കുടുംബാംഗങ്ങളും ചേർന്നാണ് ചിറ്റൂരിലെ ശ്രീകൃഷ്ണ തട്ടുകട തുറന്നത്. ജയബാലകൃഷ്ണന്‍ വേണ്ടിയുള്ള നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.
അച്ഛൻ ബാക്കിവെച്ചുപോയത് ഒരു തട്ടുകട മാത്രമല്ല... ഒരുപിടി ഓർമകൾ കൂടിയാണ്. ആ ഓർമകളെ ചേർത്തുപിടിച്ചാണ് ജയപാലകൃഷ്ണന്റെ കുടുംബം വീണ്ടും തട്ടുകട തുറന്നത്. അച്ഛന്റെ വിയോഗത്തിന് പിന്നാലെ അടഞ്ഞുപോയ കടയ്ക്ക് വീണ്ടും അടുപ്പെരിയുമ്പോൾ, അതൊരു വരുമാനമാർഗം മാത്രമല്ല കുടുംബത്തിന്. നീതിക്കായുള്ള പോരാട്ടം തുടരാനുള്ള കരുത്തും പ്രതീക്ഷയും കൂടിയാണ്.
വൈകിട്ട് ആറുമണിക്ക് തുറന്ന് പുലർച്ചെ ഒരു മണിവരെ സജീവമായിരുന്ന കടയായിരുന്നു ഇത്. ഭക്ഷണം വിളമ്പി ഉപജീവനം കണ്ടെത്തിയിരുന്ന ജയപാലകൃഷ്ണന് കൂട്ടായി ഭാര്യ ബിന്ദുവും എപ്പോഴുമുണ്ടായിരുന്നു. ഇന്ന് അതേ അടുക്കളയിൽ വീണ്ടും ദോശ ചുടുമ്പോൾ, നഷ്ടമായത് പ്രിയപ്പെട്ടയാളെയാണെങ്കിലും ആ ഓർമകൾ കൂടെ ഉണ്ടെന്ന് പറയുകയാണ് ബിന്ദു.
അച്ഛൻ നടന്ന വഴിയിലൂടെ തന്നെ മുന്നോട്ടുപോകാനാണ് മകൾ ഭദ്ര കീർത്തിയുടെയും കുടുംബത്തിന്റെയും തീരുമാനം. തട്ടുകട വീണ്ടും തുറന്നത് ആ തീരുമാനത്തിന്റെ തുടക്കം മാത്രം. നീതിക്കായുള്ള പോരാട്ടവും ഒപ്പം തുടരും.