തൃശൂര്‍ നഗരത്തില്‍ അതിഥി തൊഴിലാളികളുടെ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. മലയാളികള്‍ക്ക് ഇവിടെ പ്രവേശനമില്ലായിരുന്നു. യുവതികളെ തേടിവന്ന അതിഥി തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. തൃശൂര്‍ നഗരത്തെ വിറപ്പിച്ച കൊലപാതകം. നാലു  യുവതികളേയും രണ്ടു യുവാക്കളേയും പിടികൂടി. അസമുകാരാണ് ഈ ആറു പേരും. അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുക്കാരന്‍ അസമുകാരനായ ഇരുപത്തിയെട്ടുക്കാരനാണ്. പേര് നൂറാല്‍ ആലം. യുവാവ് കൊല്ലപ്പെടുന്നത് ജൂണ്‍ ഇരുപതിനായിരുന്നു. അന്നുതന്നെ, ആറു പേരെ പിടികൂടിയെങ്കിലും മുഖ്യപ്രതി മുങ്ങി. ആ മുഖ്യപ്രതിയെ പിടികൂടിയില്ലെങ്കില്‍ കൊലക്കേസ് ഫയല്‍ പൂര്‍ണമാകില്ലായിരുന്നു. അസമിലെ ഇന്ത്യന്‍, ഭൂട്ടാന്‍ അതിര്‍ത്തി ഗ്രാമത്തിലാണ് നൂറാല്‍ ആലത്തിന്‍റെ വീട്ടു മേല്‍വിലാസം.

ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. നാട്ടില്‍ പോകാതിരിക്കില്ല. ഗ്രാമത്തില്‍ പോയി തമ്പടിച്ച് കൊലയാളിയെ പിടിക്കണം. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഈസ്റ്റ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കിരണ്‍ സി നായരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം. തൃശൂര്‍ സ്ക്വാഡ് യാത്ര പുറപ്പെട്ടു. മൂവായിരം കിലോമീറ്റര്‍ അകലെയുള്ള കൊലയാളിയുടെ വീട്ടിലേയ്ക്ക്.

നരകിച്ച യാത്ര, മൂന്നു ദിവസം ട്രെയിനില്‍

​വിവേക് എക്സ്പ്രസ് ട്രെയിനില്‍ തൃശൂരില്‍ നിന്ന് കയറി. കേരളം വിട്ടാല്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് സംഘം തീരുമാനിച്ചിരുന്നു. തേര്‍ഡ് എ.സിയിലായിരുന്നു യാത്ര. ഇരുപത്തിനാലു മണിക്കൂര്‍ പിന്നിട്ടപ്പോഴേയ്ക്കും ട്രെയിനില്‍ തിരക്കായി. കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ടിക്കറ്റെടുക്കാത്തവരെ തേര്‍ഡ് എ.സിയില്‍ യാത്ര ചെയ്യുന്നു. റിസര്‍വ് ചെയ്തുള്ള യാത്ര തിരക്കില്‍ വീര്‍പ്പമുട്ടിയുള്ള യാത്രയായി മാറി. അസമിലെ നാഗോണ്‍ ജില്ലയിലെ ജംഗി റോഡ് റയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. കൊലയാളിയായ നൂറാല്‍ ആലത്തിന്‍റെ വീട്ടുവിലാസം മാത്രമാണ് കൈവശം. കൊലപാതകത്തിനു ശേഷം ഫോണ്‍ ഓണായിട്ടില്ല. അടുപ്പമുള്ളവരുടെ ഫോണുകള്‍ സൈബര്‍ സെല്ലിന്‍റെ നിരീക്ഷണത്തിലുമാണ്. നാട്ടില്‍ എല്ലാ സഹായവും കിട്ടുമെന്നതിനാല്‍ മറ്റൊരു ഒളിത്താവളം തേടി പോകാന്‍ സാധ്യതയില്ലെന്ന് പൊലീസ് ഉറപ്പിച്ചു. നാലാം ദിവസം ഉച്ചയ്ക്കു ജാഗി റോഡ് റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. 

വാന്‍ ഡ്രൈവര്‍മാര്‍ പൊലീസിനെ വളഞ്ഞു. നാഗോണ്‍ ജില്ലാ ആസ്ഥാനത്തേയ്ക്കു പോകാനുള്ള ഓട്ടത്തിനാണ് ഈ വളയുന്നത്. നൂറു രൂപയാണ് ഒരാള്‍ക്ക്. അങ്ങനെ, വാനില്‍ യാത്ര പുറപ്പെട്ടു. നല്ല ഹൈവേയാണ്. ഒരു മണിക്കൂറു കൊണ്ട് നാഗോണ്‍ ജില്ലാ ആസ്ഥാനത്ത് എത്തി. മുറിയെടുത്തു. സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖിന്‍റെ ബാച്ചില്‍ പഠിച്ച ഐ.പി.എസുകാര്‍ അസമില്‍ ജോലി ചെയ്യുന്നുണ്ട്. അവരെ വിളിച്ച് കമ്മിഷണര്‍ പറഞ്ഞു. ‘ എന്‍റെ ടീമാണ് . എല്ലാ സഹായവും ചെയ്യണം ’. കമ്മിഷണറുടെ ഇടപെടലില്‍ അസം പൊലീസ് പ്രത്യേകം കൂടെനിന്നു. തോക്കേന്തിയ കമാന്‍ഡോ സംഘം അകമ്പടിയായി വന്നു. കൊലയാളിയുടെ പരിചയക്കാരുടെ ഫോണ്‍ നമ്പറുകള്‍ പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിരുന്നു. 

അവരില്‍ ചിലരെ മൗവബാരി പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തി. നൂറാല്‍ ആലത്തിനെ എന്നാണ് അവസാനം കണ്ടത് ?. വീട്, ഭാര്യ വീട്. ബന്ധുക്കളുടെ വീട് ... തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിച്ചു. രണ്ടു ദിവസം പലയിടങ്ങളില്‍ പോയി. ഒരു രക്ഷയില്ല. കൊലയാളിയെ കണ്ടുപിടിക്കാന്‍ കഴിയാതെ വലഞ്ഞു. ഇത്രയും ദൂരം വന്ന് കൊലയാളിയില്ലാതെ മടങ്ങേണ്ടി വരുന്ന അവസ്ഥ പൊലീസിന് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. അവസാനം, ഒരു ഐഡിയ തോന്നി.  സുഹൃത്തിന്‍റെ നമ്പറില്‍ വിളിച്ചു. ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലം സുഹൃത്ത് പറഞ്ഞു

​വൈദ്യുതിയില്ലാത്ത ഗ്രാമം

ചതുപ്പും ചെളിയും നിറഞ്ഞ പാടപ്രദേശമായിരുന്നു ഈ ഗ്രാമം. വെള്ളക്കെട്ടിനു സമീപത്ത് വൈക്കോല്‍ കൊണ്ട് കുടിലു കെട്ടി ആസ്പറ്റോസ് ഷീറ്റ് മേഞ്ഞാണ് വീടുകള്‍. രാത്രി എട്ടു മണിയോടെ ലോക്കല്‍ പൊലീസിനൊപ്പം തൃശൂര്‍ സ്ക്വാഡ് ഈ ഗ്രാമത്തില്‍ എത്തി. ഓരോ വീടുകളിലും കയറി കൊലയാളിയുടെ ചിത്രം കാട്ടി. ആരും കണ്ടതായി പറഞ്ഞില്ല. പൊലീസിനാകെ നിരാശയായി. മടങ്ങേണ്ടി വരുമോ?. വീണ്ടും പൊലീസ് തിരഞ്ഞു. ഇതിനിടെ, രണ്ടു പേര്‍ രണ്ടു വഴിക്ക് ഓടുന്നതായി തോന്നി. ലോക്കല്‍ പൊലീസിന്‍റെ പക്കലുള്ള ടോര്‍ച്ചടിച്ചു. ചതുപ്പും ചെളിയും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലത്തേയ്ക്കാണ് അവര്‍ ഓടിയത്. ടോര്‍ച്ചടിച്ചപ്പോള്‍ ഒരാളുടെ തല വെള്ളക്കെട്ടിനു മീതെ കണ്ടു. പൊലീസ് ഇറങ്ങി.

മൂന്നു ചുറ്റും ടോര്‍ച്ചടിച്ചു. കൊലയാളിയുടെ പേര് വിളിച്ചു. നൂറാല്‍ ആലം. നിങ്ങള്‍ കീഴടങ്ങിക്കോ. ഇല്ലെങ്കില്‍, ഞങ്ങള്‍ വെടിവയ്ക്കും. ലോക്കല്‍ പൊലീസ് ആക്രോശിച്ചു. ഗ്രാമീണര്‍ ഇതിനെല്ലാം സാക്ഷിയായി അവിടെയുണ്ടായിരുന്നു. ആ നാട്ടുകാരില്‍ ചിലര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ജീവന്‍ വേണേല്‍, വേഗം കരയ്ക്കു കയറിയ്ക്കോ!. കൊലയാളിയാണെങ്കിലും ജീവനില്‍ കൊതിയുണ്ടല്ലോ. വേഗം കരയ്ക്കു കയറി. നേരെ, മൗവബരി സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയി. നാഗൂണ്‍ ജില്ലാ ആസ്ഥാനത്തെ കോടതിയില്‍ ഹാജരാക്കി. അവിടെതന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചു. 

​മടക്കം എങ്ങനെ വേണം !

​കൊലയാളിയുമായി തൃശൂര്‍ സ്ക്വാഡിന്‍റെ മടക്കം നാലു ദിവസത്തെ ട്രെയിന്‍ യാത്രയില്‍ വേണോ. റിസ്ക്ക് ബോധ്യപ്പെട്ടതോടെ ഒരു കാര്യം തീരുമാനിച്ചു. വിമാന മാര്‍ഗം കൊണ്ടുവരാം. അങ്ങനെ, രണ്ടാം ദിവസം ഗുഹാവത്തി വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശേരിയിലേയ്ക്കു വിമാനം കയറി. പത്തു ദിവസം നീണ്ട ദുരിത ജീവിതമായിരുന്നു പൊലീസിന്‍റേത്. ഇന്‍സ്പെക്ടര്‍ കിരണ്‍ സി നായര്‍, എ.എസ്.ഐ: ജയകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരാ‍ ഹരീഷ് കുമാര്‍ പി., വി.ബി.ദീപക്, കെ.ആര്‍.സൂരജ്, എം.എസ്.അജ്മല്‍ എന്നിവരായിരുന്നു കേരള പൊലീസിന്‍റെ മാനം കാത്ത് കൊലയാളിയെ പിടിച്ച തൃശൂര്‍ സ്ക്വാഡ്. 

അസമില്‍ നിന്ന് യുവതികളെ കേരളത്തിലേയ്ക്കു കൊണ്ടുവന്ന് പെണ്‍വാണിഭം നടത്തുന്നതാണ് നൂറാല്‍ ആലത്തിന്‍റെ പണി. വിമാനത്തിലാണ് സമീപകാലത്തെ യാത്രകളെല്ലാം. യുവതിയുടെ അടുത്ത് വന്ന യുവാവ് കാര്യം കഴിഞ്ഞപ്പോള്‍ പണത്തിനു വിലപേശി. ഇതേചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. കേരളത്തിലെത്തി കുറ്റകൃത്യം നടത്തി ഏതു പാതാളത്തില്‍ പോയി ഒളിച്ചാലും അവിടെ കേരള പൊലീസ് എത്തും. അത്രയ്ക്കു മികവുള്ള സേനയായി കേരള പൊലീസ് മാറി.