പ്രതീകാത്മക ചിത്രം
11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. പിതാവ് ശേഖപ്പയാണ് പൊലീസ് സ്റ്റേഷനിലെത്തി ആദ്യം വിവരം അറിയിച്ചത്. ഭാര്യ വിജയലക്ഷ്മി കുഞ്ഞിന് പാലൂട്ടുന്നതിനിടെയില്‍ ഉറങ്ങിപ്പോയെന്നും കുഞ്ഞ് താഴെവീണു മരിച്ചുവെന്നുമാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.
എന്നാല്‍ ശേഖപ്പയുടെ മൊഴിയുമായി പൊരുത്തപ്പെട്ടുപോകുന്ന തരത്തിലുള്ള കണ്ടെത്തലുകളായിരുന്നില്ല പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്, ഇതോടെയാണ് പൊലീസിന് സംശയം തോന്നി വിശദമായ അന്വേഷണം നടത്തിയത്.
ഈസ്റ്റ് ബെംഗളൂരുവില്‍ അവളഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിടാഗനൂരില്‍ ജൂണ്‍9നാണ് സംഭവം നടന്നത്. ജൂണ്‍ 22ന് ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ മരണം അമിതമായ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണെന്ന് ബോധ്യപ്പെട്ടു.
ആന്തരിക അവയവങ്ങള്‍ക്ക് സംഭവിച്ച ക്ഷതത്തെത്തുടര്‍ന്ന് ശ്വസനപ്രക്രിയയില്‍ ഉള്‍പ്പെടെ പ്രശ്നമുണ്ടായെന്നും കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും കാലുകളിലും സ്വകാര്യഭാഗങ്ങളിലുമുള്‍പ്പെടെ മുറിവുകളേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ടടി മാത്രം ഉയരമുള്ള കട്ടിലില്‍ നിന്നും വീണാല്‍ ഇത്രയധികം പരുക്കുകള്‍ ഏല്‍ക്കാന്‍ സാധ്യതയില്ലെന്നും പൊലീസ് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്– ജൂണ്‍ 9ന് ഉച്ച കഴിഞ്ഞ് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി, തര്‍ക്കത്തിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ അമ്മ വിജയലക്ഷ്മി കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചതായും ഇതുകണ്ട ശേഖപ്പ കുഞ്ഞിനെയെടുത്ത് തറയിലേക്ക് ശക്തിയോടെ വലിച്ചെറിഞ്ഞതായും പറയുന്നു. ഈ വീഴ്ചയില്‍ കുഞ്ഞിന് ഗുരുതരമായ പരുക്കേറ്റതായും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം ശേഖപ്പയും വിജയലക്ഷ്മിയും തമ്മില്‍ ഇടക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ടെന്നും വിജയലക്ഷ്മിക്ക് അയല്‍ക്കാരനുമായി ബന്ധമുണ്ടെന്നും സമീപവാസികള്‍ പറയുന്നു.
മെഡിക്കല്‍ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ ശേഖപ്പക്കയ്ക്കെതിരേയും വിജയലക്ഷ്മിക്കെതിരേയും കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ് പൊലീസ്.