യാത്രയ്ക്കു വിളിച്ച ഓട്ടോയില്‍ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പനങ്ങാട് നടുത്തുരുത്തി വെളിയത്ത് ചിറയില്‍ മിഥുന്‍ പ്രകാശിനെ (34) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റിലയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയേയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. യുവതി ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ വിളിച്ച ഓട്ടോ ഇയാള്‍ വഴി തെറ്റിച്ചു പനങ്ങാട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി ഒച്ചവച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഇവരെ അടുത്തുള്ള സ്ഥലത്തിറക്കി സ്ഥലം വിട്ടു. ഇയാള്‍ക്കെതിരെ അടിപിടി ഉള്‍പ്പെടെ മറ്റു കേസുകളും ഉള്ളതായി പനങ്ങാട് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതി ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു.
മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതുകൊണ്ട് ഇയാളുടെ ലൊക്കേഷന്‍ മനസിലാക്കാന്‍ പൊലീസ് ബുദ്ധിമുട്ടി. എറണാകുളം ചിറ്റൂര്‍ ഭാഗത്ത് ഇയാള്‍ വരാറുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പനങ്ങാട് സിഐ വിമലിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ അരുണ്‍ രാജ്, റെജീഷ് ഉപേന്ദ്രന്‍, സൈജു, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന സംഘമാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത്.