ബെംഗളുരുവില്‍ ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശിയായ യുവതി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഓണ്‍ലൈന്‍ ബൈക്ക് ടാക്സി യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധമൂലം യുവതി ട്രക്കിനടിയിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പക്ഷേ ഓണ്‍ലൈന്‍ ടാക്സി കമ്പനിയോ ഡ്രൈവറോ തയ്യാറായിരുന്നില്ല. പണവും സമയവും ലാഭിക്കാമെന്നതാണ് ബൈക്ക് ടാക്സിയെ ആശ്രയിക്കാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത്. പക്ഷേ ബൈക്ക് ഡ്രൈവര്‍മാരുടെ അശ്രദ്ധ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു.
വേഗമാണ് ലക്ഷ്യം, സുരക്ഷയ്ക്ക് രണ്ടാമത്
ബൈക്ക് ടാക്സികളുടെ പ്രധാന ആകര്‍ഷണം സമയലാഭമാണ്. ബെംഗളുരുവിലെ കടുത്ത ട്രാഫിക് കുരുക്കില്‍ പലരും എളുപ്പമെത്താന്‍ ആശ്രയിക്കുന്നതും ബൈക്ക് ടാക്സികളെയാണ്. പക്ഷേ സമയത്തെത്താനുള്ള പരക്കംപാച്ചിലാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. തിരക്കേറിയ റോഡുകളില്‍ വാഹനങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയാണ് പലരുടെയും യാത്ര. പെട്ടെന്നുള്ള ലെയിന്‍ മാറ്റവും പതിവാണ്. പെട്ടെന്നെത്താന്‍ ചിലപ്പോള്‍ വേഗപരിധി മറികടക്കും. ജംഗ്ഷനുകളില്‍ സിഗ്നല്‍ ലഭിക്കുന്നതിന് മുമ്പുതന്നെ കുതിച്ചുപായുന്നവരുമുണ്ട്. യാത്രയ്ക്കിടെ മൊബൈല്‍ ഉപയോഗിക്കുന്നതും പതിവാണ്. ഇതുസംബന്ധിച്ച് ഒട്ടേറെ യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുമുണ്ട്. കാര്യം ഇതൊക്കെയാണെങ്കിലും അധികൃതരുടെ ഇടപെടല്‍ കുറവാണ്. യാത്രയ്ക്കിടെയുണ്ടാകുന്ന ഒരു ചെറിയ പിഴവ് പോലും ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകാമെന്നതാണ് യാഥാര്‍ഥ്യം.
'ഹെല്‍മറ്റ് ഇല്ല, സുരക്ഷയും ഇല്ല'
ഭൂരിഭാഗം ഡ്രൈവര്‍മാരും അവരുടെ കസ്റ്റമേഴ്സിന് നല്‍കുന്നത് നിലവാരമില്ലാത്ത വിലകുറഞ്ഞ ഹെല്‍മറ്റുകളാണ്. ‘ചട്ടി ഹെല്‍മറ്റുകള്‍’ എന്ന് കളിയാക്കി വിളിക്കുന്ന തരത്തിലുള്ളവയാണവ. ഒന്നിലും ഐഎസ്ഐ മാര്‍ക്കുമില്ല. എന്നാല്‍ ഇത്തരം ഹെല്‍മറ്റുകളുടെ ഗുണമേന്മ പരിശോധിക്കാന്‍ ടാക്സി കമ്പനികളോ പൊലീസോ തയ്യാറാകുന്നില്ല. ഓണ്‍ലൈന്‍ കമ്പനികള്‍ ഹെല്‍മറ്റ് നല്‍കാറില്ല. ഡ്രൈവര്‍മാര്‍ തന്നെയാണ് ഇത് വാങ്ങുന്നത്. കൂടുതല്‍ പണം നല്‍കി ഗുണനിലവാരമുള്ള ഹെല്‍മറ്റുകള്‍ വാങ്ങാന്‍ അവര്‍ തയ്യാറാവുകയുമില്ല.
വേഗത്തിനും സൗകര്യത്തിനും ഒപ്പം സുരക്ഷയും വേണം
തിരക്കില്‍ കുതിച്ചുപായുന്ന ബൈക്ക് ടാക്സികളെ പരിശോധിക്കാനോ നിയമലംഘനങ്ങള്‍ കണ്ടെത്താനോ പൊലീസ് തയ്യാറാകുന്നില്ല എന്നതാണ് ഉയരുന്ന പരാതി. ഇവര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റുകളുടെ ഗുണനിലവാരവും പരിശോധിക്കപ്പെടുന്നില്ല. പൊലീസ് ക്രിയാത്മകമായി ഇടപെട്ടാല്‍ നഗരത്തിലെ ബൈക്ക് ടാക്സി സേവനം കൂടുതല്‍ കാര്യക്ഷമമാക്കാമെന്നാണ് ബെംഗളുരു നിവാസികളുടെ പക്ഷം. നിയമലംഘനങ്ങളുടെ പേരില്‍ നിര്‍ത്തലാക്കുകയല്ല, നിയമം പാലിച്ചോടാന്‍ അവരെ നിര്‍ബന്ധിക്കുകയാണ് വേണ്ടതെന്നും സ്ഥിരം യാത്രക്കാര്‍ പറയുന്നു. അതിന് തയ്യാറാകാത്ത പക്ഷം കോഴിക്കോട് സ്വദേശിക്കുണ്ടായതിന് സമാനമായ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടും.