നാല് വര്‍ഷം മുന്‍പ് താന്‍ ഡേറ്റ് ചെയ്ത യുവാവിനൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ വർഷങ്ങൾക്ക് ശേഷം ഇന്റർനെറ്റിൽ കണ്ട് ഞെട്ടി യുവതി. ബെംഗളൂരുവിൽ താമസിക്കുന്ന 28-കാരിക്കാണ് നടുക്കുന്ന അനുഭവമുണ്ടായത്. ദൃശ്യങ്ങള്‍ പ്രചരിച്ചെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
2022 നവംബറിലാണ് ഒരു ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെ യുവതി യുവാവിനെ പരിചയപ്പെടുന്നത്. ആപ്പിലെ ചാറ്റിങ്ങിന് ശേഷം ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ കൈമാറുകയും പരസ്പരം സംസാരിക്കുകയും ചെയ്തു. യുവാവിന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ച ശേഷം, ഇരുവരും യുവാവിന്റെ അപ്പാർട്ട്മെന്റിൽ വെച്ച് നേരിട്ട് കാണുകയും ചെയ്തു. എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യുവാവ് യുവതിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
പിന്നീട് ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം, തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ റെഡ്ഡിറ്റിലും മറ്റ് അശ്ലീല വെബ്‌സൈറ്റുകളിലും പ്രചരിക്കുന്നതായി യുവതി കണ്ടെത്തുകയായിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ ദൃശ്യങ്ങൾ യുവാവ് പകർത്തിയതെന്നും ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ ജൂൺ 19-നാണ് യുവതി സൈബർ പൊലീസിനെ സമീപിച്ചത്.
യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ എങ്ങനെ പകർത്തിയെന്നും ആരാണ് ഇത് അപ്‌ലോഡ് ചെയ്തതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവിൽ ഇന്റർനെറ്റിൽ നിന്ന് ഈ ദൃശ്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.