Image Credit : Twitter
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് ജീവനക്കാരിയുടെ ക്രൂരമര്‍ദനം. റായ്ബറേലിയിലെ ജില്ലാ ആശുപത്രിയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിലത്ത് ഇരിക്കുന്ന രോഗിയുടെ തലയില്‍ പലവട്ടം ജീവനക്കാരി ചവിട്ടുന്നതും അസഭ്യം പറയുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിഡിയോ വൈറലായതോടെ ആശുപത്രി ജീവനക്കാരിക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിലെ സ്വീപ്പറായ പിങ്കി എന്ന സ്ത്രീയാണ് രോഗിയെ ക്രൂരമായി ഉപദ്രവിച്ചത്. 35 സെക്കൻഡിനിടെ ഏകദേശം പത്തുതവണയോളമാണ് ജീവനക്കാരി രോഗിയെ ചവിട്ടിയത്. അയാള്‍ക്ക് മാനസികരോഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മര്‍ദനദൃശ്യങ്ങള്‍ സൈബറിടത്ത് വ്യാപകമായി പ്രചരിച്ചതോടെ ജീവനക്കാരിക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പിങ്കിയെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തുന്നതിനായി മൂന്നംഗ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. ഓർത്തോപീഡിക് കൺസൾട്ടന്റ് ഡോ. ദിനേശ് പ്രതാപ് സരോജ്, മൈക്രോബയോളജിസ്റ്റ് ഡോ. റിച്ച, സിസ്റ്റർ-മാട്രൺ സുഷമ യാദവ് എന്നിവരാണ് സമിതിയിലുള്ളത്. രോഗികളോട് മോശമായോ മനുഷ്യത്വരഹിതമായോ പെരുമാറുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ്, സേവന പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളമുള്ള ചീഫ് മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.