പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി തിങ്കളാഴ്ച (ഫെബ്രുവരി 2) നിർണ്ണായക യോഗം ചേരും. രാഹുലിനെതിരെയുള്ള ലൈംഗികാരോപണങ്ങളും ക്രിമിനൽ കേസുകളും ചൂണ്ടിക്കാട്ടി ഡി.കെ. മുരളി എം.എല്‍.എ നൽകിയ പരാതിയാണ് കമ്മിറ്റി പരിഗണിക്കുന്നത്.
മുരളി പെരുന്നെല്ലി അധ്യക്ഷനായ സമിതിയാണ് പരാതി പരിശോധിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന പ്രാഥമിക വിലയിരുത്തലിന് ശേഷം തുടർന്നുള്ള നടപടികളിലേക്ക് കടക്കും. പരാതിക്കാരനായ ഡി.കെ. മുരളിയുടെയും ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന്റെയും മൊഴികൾ കമ്മിറ്റി രേഖപ്പെടുത്തും. പരാതിക്ക് ആസ്പദമായ തെളിവുകൾ ഹാജരാക്കാൻ ഇരുവർക്കും സമയം അനുവദിക്കും. തെളിവുകളും മൊഴികളും പരിശോധിച്ച ശേഷം കമ്മിറ്റി സ്പീക്കർക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സഭയിൽ അന്തിമ തീരുമാനം എടുക്കുക.
അധാർമ്മിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എം.എൽ.എമാരെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സഭയ്ക്ക് അധികാരമുണ്ട്. രാഹുലിനെതിരെ ഉയർന്ന ഗുരുതരമായ ലൈംഗികാരോപണങ്ങൾ സഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ശാസന മുതൽ പുറത്താക്കൽ വരെയുള്ള ശിക്ഷാ നടപടികൾ സഭയ്ക്ക് സ്വീകരിക്കാം.
നിലവിൽ ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹം എം.എൽ.എ സ്ഥാനത്ത് തുടരുകയാണ്. തിങ്കളാഴ്ചത്തെ സമിതി യോഗം രാഹുലിന്റെ രാഷ്ട്രീയ ഭാവിയിൽ അതീവ നിർണ്ണായകമാകും.