ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഫയലുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് കാണാനില്ല. കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി പഴയ ഫയലുകള്‍ അന്വേഷിച്ചപ്പോഴാണ് സകലതും ദുരൂഹസാഹ്യര്യത്തില്‍  അപ്രത്യക്ഷമായ വിവരം അറിയുന്നത്. ഈ കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകരില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് തേടിയിരിക്കുകയാണ് ബോര്‍ഡ്.

ക്ഷേത്രാചാരങ്ങളും ഭക്തരുടെ വിശ്വാസവും സംരക്ഷിക്കുമെന്ന് എപ്പോഴും പറയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പട്ട കേസ് രേഖകള്‍ കാണാനില്ല. യുവതീപ്രവേശനത്തില്‍ സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ട ഘട്ടം വന്നപ്പോഴാണ് പഴയ വ്യവഹാര രേഖകള്‍ അന്വേഷിച്ചത്. ഫയല്‍ പോയിട്ട് കേസ് രേഖകളുടെ പകര്‍പ്പുപോലുമില്ലെന്ന് കണ്ടെത്തിയത് ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാറിനെയും അംഗങ്ങളെയും അമ്പരപ്പിച്ചു. രേഖകള്‍ക്ക് എന്തുസംഭവിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. 

2007 ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരാണ് ശബരിമല യുവതീപ്രവേശനമാകാമെന്ന് സുപ്രിംകോടതിയില്‍ നിലപാടെടുത്തത്. 2016  ഉമ്മന്‍ചാണ്ടി സര്‍ക്കാരും  പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്‍റായിരുന്ന ദേവസ്വം ബോര്‍ഡും യുവതീപ്രവേശനം അനുവദിക്കാനാകില്ലെന്ന് സത്യവാങ്മൂലം നല്‍കി. 2016 നവംബറില്‍ സുപ്രിംകോടതില്‍ യുവതീപ്രവേശനം അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലം പിണറായി സര്‍ക്കാര്‍ നല്‍കിയത്. 

എന്നാല്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ രേഖകളുടെ പകര്‍പ്പുപോലും  ബോര്‍ഡ് ആസ്ഥാനത്ത്  കാണാനില്ല എന്നതാണ് ദുരൂഹം. സുപ്രിംകോടതിയില്‍ യുവതീപ്രവേശനം സംബന്ധിച്ച വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്ത അഭിഭാഷകരില്‍ നിന്ന് രേഖകളടെ പകര്‍പ്പ് ശേഖരിക്കാനൊരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ്.