കോണ്‍ഗ്രസുമായി യാതൊരു പ്രശ്നവുമില്ലെന്നും എല്ലാം സംസാരിച്ചെന്നും ശശി തരൂര്‍ എം.പി. പാര്‍ട്ടിക്കൊപ്പം ഒരേ ദിശയില്‍ മുന്നോട്ട് പോകുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'നന്നായി സംസാരിച്ചു, ഞങ്ങള്‍ സ്നേഹത്തോടെ നല്ല സൗഹാര്‍ദപരമായാണ് സംസാരിച്ചത്. എല്ലാവിധത്തിലും ഒന്നിച്ച് മുന്നോട്ട് പോകുന്ന രീതിയിലായിലായിരുന്നു സംസാരം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന് വാക്ക് കൊടുത്ത് കഴിഞ്ഞു. കഴിഞ്ഞ തവണ 56 സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. ഇത്തവണ അതിനേക്കാള്‍ കൂടുതല്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്'. എന്നാണ് തരൂര്‍ പറഞ്ഞത്.
തരൂര്‍ ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. സിപിഎമ്മിലേക്ക് പോകാനായി ദുബായില്‍ ചര്‍ച്ചകള്‍ നടത്തിയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അതിനെ പാടെ തള്ളിയിരുന്നു. മോദിയോടും എന്‍.ഡി.എ സര്‍ക്കാരിനോടും കാണിക്കുന്ന മമതയും ചായ്‍വുമാണ് തരൂരിന്‍റെ ബിജെപി പ്രവേശം എന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്.