പത്തനംതിട്ട നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂള്‍ അധ്യാപികയായ ലേഖ രവീന്ദ്രന്‍റെ ശമ്പളക്കുടിശികയായി 29 ലക്ഷം രൂപയാണ് അക്കൗണ്ടിൽ എത്തിയതെന്ന് സ്കൂൾ മാനേജർ ജോര്‍ജ് ജോസഫ്. 50 ലക്ഷത്തിലേറെ രൂപയാണ് കുടിശികയിനത്തില്‍ നല്‍കാനുള്ളത്. ശേഷിക്കുന്ന തുക പി.എഫ് അക്കൗണ്ടില്‍ ലയിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഭർത്താവിന്‍റെ ആത്മഹത്യ വിവാദമായതോടെയാണ് ലേഖയുടെ ശമ്പളക്കുടിശിക ചര്‍ച്ചയായത്. കുടിശിക തുക ലഭിക്കാതെ വന്നത് മകന്‍റെ വിദ്യാഭ്യാസത്തെ ബാധിച്ചതോടെ ഭര്‍ത്താവ് ഷിജോ ജീവനൊടുക്കിയിരുന്നു.
12 വര്‍ഷമാണ് ലേഖ രവീന്ദ്രന്‍ നാറാണംമൂഴിയിലെ സ്കൂളില്‍ ശമ്പളമില്ലാതെ ജോലിചെയ്തത്. പണം ഉടൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരാണ് അട്ടിമറിച്ചത്. ഇതുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥർ നിലവിൽ സസ്പെൻഷനിലാണ്. ഹൈക്കോടതി ഉത്തരവും സർക്കാർ നിർദ്ദേശവും ഉണ്ടായിട്ടും ലേഖയ്ക്ക് പണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഒടുവില്‍ മകന്‍റെ എൻജിനീയറിങ് പ്രവേശനത്തിന് പണമില്ലാതെ വന്നതോടെ ഷിജോ ജീവിതം അവസാനിപ്പിച്ചു. ദീര്‍ഘകാലം വൈകിയെങ്കിലും പണം എത്തിച്ച വിദ്യാഭ്യാസ വകുപ്പിനോട് സ്കൂൾ മാനേജർ ജോർജ് ജോസഫ് നന്ദി പറഞ്ഞു
സർക്കാരിനെ കോടതിയലക്ഷ്യത്തിൽ പെടുത്തിയതിനാൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകും. അതേസമയം, സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന സർക്കാർ നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഷിജോയുടെ മരണത്തിൻറെ ആഘാതത്തിൽ തന്നെയാണ് കുടുംബം ഇപ്പോഴുമുള്ളത്.