പത്തനംതിട്ട നാറാണംമൂഴിയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ ശമ്പള കുടിശ്സശിക തീര്‍പ്പാക്കി സര്‍ക്കാര്‍. ശമ്പള കുടിശ്ശിക ഒടുവിൽ അധ്യാപികയുടെ അക്കൗണ്ടിലെത്തി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും 12 വർഷത്തെ ശമ്പള കുടിശ്ശിക നൽകിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ ശമ്പള കുടിശിക നൽകുന്നതിൽ വീഴ്ച വരുത്തിയ ഡി. ഇ. ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്.
തിങ്കളാഴ്ചയാണ് അക്കൗണ്ടിൽ പകുതി കുടിശിക എത്തിയത്. ബാക്കി തുക പിഎഫ് അക്കൗണ്ടിലെത്തും. മകന്റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയത്. അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയെ (47) ആണ് ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷിജോയുടെ മകന് ഈറോഡിലെ എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം ലഭിച്ചിരുന്നു. ഇതിന് ആവശ്യമായ പണം നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിലുള്ള നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ 12 വർഷമായി അധ്യാപികയായ ലേഖ രവീന്ദ്രന്റെ യുപിഎസ്‍ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ച് ഹൈക്കോടതി 2024 നവംബര്‍ 26 ന് ഉത്തരവിടുകയും ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
പണം നൽകണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ പലതവണ ഡി.ഇ.ഒ ഓഫീസിൽ കയറിയിറങ്ങി. ഡി.ഇ.ഒ ഓഫീസിലെ സൂപ്രണ്ടും ക്ലർക്കുമാരും മോശമായി സംസാരിച്ചു. സര്‍ക്കാര്‍ 2025 ജനുവരി 17നും ഇതിനായി നിര്‍ദേശം നല്‍കി. എന്നാല്‍ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കാതെ ജീവനക്കാര്‍ താമസിപ്പിക്കുകയായിരുന്നു.