cj-roy-deathcase

ആദായനികുതി  റെയ്ഡിനിടെ സ്വയം വെടിവച്ച് മരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സി.ജെ റോയിക്ക് വെടിയേറ്റത് നെഞ്ചില്‍. ബംഗളൂരു അശോക് നഗറിലുള്ള കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ കോര്‍പ്പറേറ്റ് ഓഫിസില്‍ വച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. ഉച്ചയോടെയാണ് സി.ജെ. റോയ് ഓഫിസിലെത്തിയത്. ഒരുമണിക്കൂറിലധികം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളെടുക്കാന്‍ ക്യാബിനില്‍ കയറിയശേഷം  സ്വയം നെഞ്ചില്‍ വെടിവെയ്ക്കുകയായിരുന്നു. 

 

സ്ലോവക് റിപ്പബ്ലിക്കിന്‍റെ ഹോണറേറി കോൺസിലർ ജനറലാണ് സി.ജെ റോയ്. കോൺസുലിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേകെട്ടിടത്തിലാണ്. ഈ ഓഫീസിന് അകത്തേക്ക് കയറിയാണ് റോയ് വെടിവച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. ശബ്ദം കേട്ട് ഉദ്യോഗസ്ഥരെത്തുന്ന സമയത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു റോയി. പൊലീസ് എത്തിയാണ് മൃതദേഹം എച്ച്എസ്ആര്‍ ലേഔട്ടിലുള്ള നാരായണ ആശുപത്രിയിലേക്ക് മാറ്റിയത്. 

 

 

സി.ജെ റോയിക്കെതിരെ ഒന്നരമാസം മുന്‍പാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരുവിലുള്ള പ്രമുഖ ബിൽഡർമാരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ മേഖലകൾ നിന്നുള്ളവരുടെ കള്ളപ്പണം ബിൽഡർമാർ വഴി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അന്ന് ഈ ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിലും റെയ്ഡുണ്ടായിരുന്നു. 

 

ഈ സമയത്ത് സി.ജെ റോയ് രാജ്യത്തുണ്ടായിരുന്നില്ല. അന്നു നടന്ന പരിശോധനയില്‍ ചില രേഖകൾ കണ്ടെടുക്കുകയും രേഖകൾ ഇവിടെ തന്നെയുള്ള ഒരു മുറിയിൽ വച്ച് പൂട്ടി സീൽ ചെയ്യുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് വേണ്ടിയാണ് മൂന്ന് ദിവസം മുൻപ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡൻസ് ഗ്രൂപ്പിന്‍റെ ഓഫീസിലേക്ക് എത്തുന്നത്. ഈ രേഖകളാണ് ഇന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. 

 

 

തര്‍ക്കമോ സമ്മര്‍ദമോ ഉണ്ടായില്ലെന്നും ഇടപെട്ടത് സൗഹാര്‍ദപരമായെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. റോയിക്ക് അറസ്റ്റ് ഭീഷണി ഉണ്ടായെന്ന് ജീവനക്കാരുടെ മൊഴി. 

റോയി അറസ്റ്റിനെ ഭയന്നിരുന്നതായി ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം രണ്ട് വാഹനങ്ങളായി ആദായ നികുതി ഉദ്യോഗസ്ഥർ ഓഫീസില്‍ നിന്നും മടങ്ങി. റോയ് ആത്മഹത്യ ചെയ്യുന്ന സമയത്തും റെയ്ഡുകൾ പുരോഗമിക്കുന്നുണ്ടായിരുന്നു. 

 

ENGLISH SUMMARY:

CJ Roy suicide highlights the tragic end of Confident Group founder and chairman, CJ Roy, who died from a self-inflicted gunshot during an Income Tax raid at his Bangalore office. This incident has drawn significant attention, raising questions about the pressures faced during such investigations.