അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം ജില്ല കടന്ന് കൊല്ലം ജില്ലയില്‍. പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ്യപ്പെട്ട സഖാവിനെ അവസാനമായി ഒരുനോക്കുകാണാന്‍, ലാല്‍ സലാം പറയാന്‍ രാത്രി വൈകിയും വിലാപയാത്രയുടെ വീഥിയിലേക്ക് എത്തുന്നത്. ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര മണിക്കൂറുകളെടുത്താണ് അതിര്‍ത്തി കടന്ന് കൊല്ലം ജില്ലയിലെത്തിയത്. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം മുഷ്ടിചുരട്ടി ലാല്‍ സലാം പറഞ്ഞ് തങ്ങളുടെ സഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. ഇടനെഞ്ചുപൊട്ടി അവര്‍ വിളിച്ചു... ‘കണ്ണേ... കരളേ... വിഎസ്സേ...’ ALSO READ: 'ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്, വിഎസ് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ ...

ജനങ്ങളുടെ നേതാവായി കണ്ണിലും കരളിലും കനലുപടര്‍ത്തിയാണ് വി.എസ്.മടങ്ങുന്നത്. പതിറ്റാണ്ടുകളായി വിഎസിന്‍റെ രാഷ്ട്രീയഭരണ തട്ടകമായ തിരുവനന്തപുരം പ്രിയസഖാവിന് വിട പറഞ്ഞു. ജനസഹസ്രങ്ങളില്‍ ആ രണ്ടക്ഷരം എത്രമാത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതിന്‍റെ നേര്‍സാക്ഷ്യങ്ങളാണ് അനന്തപുരിയുടെ വീഥികളില്‍ കണ്ടത്. പാർട്ടി ആസ്ഥാനത്തും കുന്നുകുഴിയിലെ വേലിക്കകത്ത് വീട്ടിലും ഒടുവിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും കണ്ടത് ഒന്നുമാത്രമായിരുന്നു... പ്രിയ നേതാവിനോടുള്ള സമാനതകളില്ലാത്ത സ്നേഹം. ആ സ്നേഹത്തിന്‍റെ നേര്‍ചിത്രമാണ്... പോരാട്ട വഴികളിലൂടെയുള്ള മടക്കത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, ഒരുനോക്ക് കാണാന്‍ വഴിനീളെ കാത്തുനില്‍ക്കുന്ന ജനാവലി. ALSO READ: 'എല്ലാ പെണ്ണുപിടിയന്‍മാര്‍ക്കും ഞാനെതിരാ'; സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത വിഎസ്...

തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 3.20 ഓടെയായിരുന്നു വിഎസ് അച്യുതാനന്ദന്‍റെ അന്ത്യം. വി.എസിന്‍റെ വിയോഗ വിവരമറിഞ്ഞ് ആശുപത്രിയിലും രാപ്പകല്‍ വി.എസ് കര്‍മനിരതനായിരുന്ന പഴയ പാര്‍ട്ടി ആസ്ഥാനമായ എകെജി പഠന ഗവേഷണ കേന്ദ്രത്തിലും പതിനായിരങ്ങളാണ് ഇന്നലെ എത്തിച്ചേര്‍ന്നു. ഭരണാധികാരികളും സാധാരണ തൊഴിലാളികളും തിങ്ങി നിറഞ്ഞു. വി.എസ് വിശ്രമജീവിതം നയിച്ച ലോ കോളജിന് സമീപത്തെ വേലിക്കകത്ത് വീട്ടിലും സമരസഖാവിന് അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. ALSO READ: ചെ ഗവാരയുടെയും ഫിദലിന്‍റെയും സീനിയര്‍; വയസിനെ വെട്ടിയ വി.എസ് ...

അതേസമയം, വിഎസ്.അച്യുതാനന്ദന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഒാഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും സ്റ്റാറ്റ്യൂട്ടറിസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മൂന്നു ദിവസം സംസ്ഥാനത്ത് ദുഖാചരണം പ്രഖ്യാപിച്ചു ദേശീയ പതാക താഴ്ത്തിക്കെട്ടും. സര്‍ക്കാരിന്‍റെ ചടങ്ങുകളൊന്നും ഈ ദിവസങ്ങളില്‍ ഉണ്ടാകില്ല. പൊതു ഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആലപ്പുഴ ജില്ലയില്‍ നാളെയും പൊതു അവധിയാണ്. ALSO READ: ചാരേ ചെന്ന് ആരായാൻ.... വി.എസിന്‍റെ യാത്രകൾ ...

ദീര്‍ഘകാലമായി വിശ്രമജീവിതത്തിലായിരുന്നു വിഎസ് അച്യുതാനന്ദന്‍. മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ സ്ഥാപകനേതാവുമാണ്. മൂന്നുതവണ പ്രതിപക്ഷനേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ‌ഭരണപരിഷ്കാര കമ്മിഷന്‍റെ ആദ്യ അധ്യക്ഷനാണ്. അമ്പലപ്പുഴ, മാരാരിക്കുളം, മലമ്പുഴ എന്നിവിടങ്ങളില്‍ നിന്നായി ഏഴുതവണ എംഎല്‍എയായി. കേരളത്തെ ഇത്രനാള്‍ കണ്ണും കാതും നല്‍കി കാത്തുസൂക്ഷിച്ച ജനനേതാവാണ് വി.എസ്. മലയാളിയുടെ ജീവിതത്തിലും സാമൂഹിക ചുറ്റുപാടുകളിലും ഇതുപോലെ ഇടപെട്ട മറ്റൊരു നേതാവില്ല. രാഷ്ട്രീയപ്രവര്‍ത്തനം ശരികള്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കിയവരിലെ അവസാനകണ്ണികളിലൊരാള്‍. നികത്താനാവാത്ത വലിയ ശൂന്യത അവശേഷിപ്പിച്ചാണ് വി.എസ് യാത്രയാകുന്നത്. ALSO READ: ആലപ്പുഴയുടെ വിപ്ലവ നക്ഷത്രം; പുന്നപ്ര–വയലാറിന്‍റെ വി.എസ് ...

ENGLISH SUMMARY:

As the funeral procession of late Kerala Chief Minister V.S. Achuthanandan continues its journey, the emotional farewell entered Kollam district late at night, hours after beginning from Darbar Hall in Thiruvananthapuram. The streets witnessed a sea of people — young and old — who came out in large numbers to pay their last respects to the veteran leader. With clenched fists and tearful chants of “Lal Salaam,” the crowd expressed their deep love and admiration. The overwhelming turnout and heartfelt tributes marked a powerful goodbye to the revolutionary icon, remembered fondly as “Kanne… Karale… VS-e.”