പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്‍റെയും മണ്ണഞ്ചേരി മാലൂര്‍ തോപ്പില്‍ വീട്ടില്‍ അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് വി.എസ്. അച്യുതാനന്ദന്‍ ജനിച്ചത്. കുട്ടിക്കാലം ചെലവഴിച്ച വെന്തലത്തറ വീട്ടില്‍ അനുജത്തി ആഴിക്കുട്ടിയും കുടുംബവുമാണ് താമസിക്കുന്നത്. വെറും നാലര വയസ് മാത്രം പ്രായമുള്ളപ്പോള്‍ വസൂരി ബാധിച്ച് അമ്മ അക്കമ്മയെ വി.എസിന് നഷ്ടമായി. ആ കഷ്ടരാത്രിയെ കുറിച്ച് വി.എസ് ഒരിക്കല്‍ ഓര്‍ത്തെടുത്തു. 'മഴക്കാലമായിരുന്നു അത്. ചുറ്റും വെള്ളം നിറഞ്ഞ ഒറ്റപ്പെട്ട തുരുത്തിലെ വീട്ടിലായിരുന്നു അമ്മ. വസൂരി ബാധിച്ചവരുടെ അടുത്തേക്ക് അന്നാരും പോകാറില്ല. ജേഷ്ഠന്റെ കൈ പിടിച്ച് വി.എസ് ആ വീടിനടുത്തുള്ള മരപ്പാലത്തിനടുത്തെത്തി. അമ്മേയെന്ന് നീട്ടി വിളിച്ചു. ജനാലയിലൂടെ കുഞ്ഞുമകനെ നോക്കി അമ്മ പറഞ്ഞു.. വരാം, വാരിയെടുക്കാം.. വൈകില്ല. പക്ഷേ ആ വരവുണ്ടായില്ല. രോഗം മൂര്‍ച്ഛിച്ച് അമ്മയെ എന്നേക്കുമായി വി.എസിന് നഷ്ടമായി. 11–ാം വയസില്‍ വീണ്ടും വിധി വി.എസിനെ പരീക്ഷിച്ചു. അച്ഛന്‍ ശങ്കരനും മരിച്ചു. കുടുംബത്തിന്‍റെ ചുമതലയത്രയും മൂത്ത ജ്യേഷ്ഠനായി. ജൗളിക്കടയില്‍ നിന്നും തുന്നല്‍ക്കടയില്‍ നിന്നുമുള്ള തുച്ഛമായ വരുമാനം നാലുപേരുടെ വയറു നിറച്ചു. വയറു വിശക്കാതിരിക്കാന്‍ ജ്യേഷ്ഠന്‍റെ കടയില്‍ വി.എസ് തുണി മുറിച്ചു കൊടുക്കാന്‍ നിന്നു. ഏഴാം ക്ലാസുകാരന്‍റെ പഠനവും നിലച്ചു.
അല്‍പം മുതിര്‍ന്നതോടെ 1939 ല്‍ ആലപ്പുഴയിലെ ആസ്പിൻവാൾ കയർ കമ്പനി തൊഴിലാളിയായി വി.എസ്. പിന്നാലെ തൊഴിലാളികളുടെ യൂണിയനിലും സ്റ്റേറ്റ് കോൺഗ്രസിലും ചേർന്നു. നേതാക്കളുടെ പ്രസംഗം തൊഴിലാളികൾക്കു വിശദീകരിച്ച് നല്‍കലായിരുന്നു വി.എസില്‍ ഏല്‍പ്പിക്കപ്പെട്ട ആദ്യ ചുമതല. പി.കൃഷ്ണപിള്ളയും ആർ.സുഗതനുമൊക്കെയായിരുന്നു അന്നു നേതാക്കൾ. തൊട്ടടുത്ത വര്‍ഷം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയില്‍ അംഗമായി. പിന്നീട് പാർട്ടിയിൽ പടിപടിയായി നേതൃനിരയിലേക്ക് ഉയര്‍ന്നു. 1943ൽ കോഴിക്കോട്ട് പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ ആസ്പിൻവാൾ കമ്പനി ഘടകത്തിന്റെ പ്രതിനിധിയായി പങ്കെടുത്തു. അതേ വര്‍ഷം തന്നെ ഫാക്ടറിപ്പണി ഉപേക്ഷിച്ച് മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനാകാന്‍ കൃഷ്ണപിള്ള നിര്‍ദേശിച്ചു. കുട്ടനാട്ടിലായിരുന്നു ആദ്യനിയോഗം. അവിടെ എല്ലുമുറിയെ പണിചെയ്ത കര്‍ഷകത്തൊഴിലാളികള്‍ അനുഭവിച്ചുപോന്ന നീതിനിഷേധത്തിന് പരിഹാരം കാണേണ്ടിയിരുന്നു. കൂലിയായ രണ്ടിടങ്ങഴി നെല്ല് അളക്കാനുപയോഗിച്ച് കള്ള അളവുപാത്രങ്ങള്‍ തച്ചുടയ്ക്കപ്പെട്ടു. ജന്മിമാരെ ആക്രമിച്ചല്ല, കൂലിവാങ്ങാതെ മുദ്രാവാക്യം വിളിച്ച് വീട്ടിലേക്ക് മടങ്ങിയാണ് വി.എസ്. ആ സമരം വിജയിപ്പിച്ചത്. 1952ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി വി.എസ് മാറി. 1956 ൽ ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആലപ്പുഴ ജില്ലാ സെക്രട്ടറിയും. പിന്നെ സംസ്ഥന തലത്തിലേക്കും ദേശീയ തലത്തിലേക്കും വളർന്നു.
23–ാം വയസില്‍ വി.എസിനെ കാത്തിരുന്നത് അപ്രതീക്ഷിതമായ കുറേ സംഭവങ്ങളായിരുന്നു. രാജാവിന്റെ പിറന്നാൾ ദിവസം പുന്നപ്ര പൊലീസ് ക്യാംപിലേക്ക് തൊഴിലാളികൾ നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 12 തൊഴിലാളികൾ മരിച്ചു. തിരിച്ചടിയിൽ പൊലീസ് എസ്.ഐ വേലായുധൻ നാടാരും മരിച്ചു. ഈ കേസിൽ പ്രതിയായ വി.എസ് പാര്‍ട്ടി നിര്‍ദേശ പ്രകാരം ഒളിവിൽ പോയി. 1946 ഒക്ടോബർ 28ന് കോട്ടയം പൂഞ്ഞാറിൽവച്ചു പിടിക്കപ്പെട്ടു. പാലാ ലോക്കപ്പിൽ ക്രൂര മർദനം. വി.എസിന്‍റെ ബോധം മറഞ്ഞു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിൽ തള്ളാൻ പൊലീസുകാർ ജീപ്പിറക്കി. ലോക്കപ്പിൽ ഉണ്ടായിരുന്ന മോഷ്ടാവ് കോവാലനെയും ഒപ്പം കൂട്ടി. ജീപ്പ് കുറേ പോയപ്പോൾ കോവാലൻ പറഞ്ഞു: ‘‘സാറേ, അനക്കമുണ്ട്. ആശുപത്രിയിൽ കൊണ്ടിടാം. ചത്താൽ അവരു നോക്കിക്കൊള്ളും.’ നേരെ പാലാ ആശുപത്രിയിലേക്ക്. വി.എസിനെ ഇറക്കി, കോവാലനെ കാവലേൽപിച്ചു പൊലീസുകാർ സ്ഥലംവിട്ടു.
പിന്നീട് 41–ാം വയസില്‍ നിയമസഭയിലേക്ക് അമ്പലപ്പുഴയില്‍ നിന്ന് വി.എസ് ജനവിധി തേടി. പക്ഷേ തോറ്റു. പിന്നീട് അമ്പലപ്പുഴയിൽ 1977 ലും മാരാരിക്കുളത്ത് 1996 ലും വി.എസ് പരാജയത്തിന്‍റെ നോവറിഞ്ഞു. 1967 ല്‍ കോടംതുരുത്തുകാരി വസുമതിയെ കൈ പിടിച്ച് ജീവിതത്തിലേക്ക് കൂട്ടി. പാര്‍ട്ടിക്കല്യാണമായിരുന്നു. ഡോ. അരുണ്‍കുമാറും ആശയുമെന്ന് രണ്ട് മക്കളും മരുമക്കളും കൊച്ചുമക്കളുമായി വി.എസിന്‍റെ വീടും വളര്‍ന്നു. 1967 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് രണ്ടുവര്‍ഷത്തിന് ശേഷം ഭാര്യ വസുമതിയുടെ പേരിൽ പുന്നപ്ര വടക്ക് പഞ്ചായത്തിൽ തന്നെ വേലിക്കകത്ത് വീട് വി.എസ് വിലയ്ക്കു വാങ്ങി. പുന്നപ്രയുടെ മണ്ണില്‍ വി.എസിന് മേല്‍വിലാസമായി.
1970 ല്‍ വീണ്ടും അമ്പലപ്പുഴയില്‍ നിന്നും 1991 ല്‍ മാരാരിക്കുളത്ത് നിന്നും ജയം. അടുത്ത തവണ പക്ഷേ മാരാരിക്കുളം കൈവിട്ടു. തുടര്‍ന്നുള്ള നാല് ജയവും മലമ്പുഴയില്‍ നിന്ന്. 96–ാം വയസില്‍ പുന്നപ്ര–വയലാര്‍ വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയ വി.എസിനോട് ശരീരം ചെറുതായി പിണങ്ങി. ഇനി ശരീരത്തെ പരിഗണിക്കാന്‍ വൈകരുതെന്ന് തിരിച്ചറിഞ്ഞ വി.എസ്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിശ്രമ ജീവിതത്തിലേക്ക് തിരിഞ്ഞു.