പ്രതിപക്ഷ നേതാവായിരുന്ന കാലത്ത്  വി.എസ് അച്യുതാനന്ദന്‍ സൂര്യനെല്ലി കേസിലെ അതിജീവിതയെ സന്ദര്‍ശിച്ചത് അനുസ്മരിച്ച് എഴുത്തുകാരി സുജ സൂസൻ ജോർജ്. മാതാപിതാക്കളോടും അവളോടും സംസാരിച്ചെന്നും ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു എന്നും സുജ സൂസന്‍ ജോര്‍ജ് ഫെയ്സ്ബുക്കില്‍ എഴുതി. 

ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം. അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയോ ചരിത്രമായിരുന്നില്ല എന്നാണ് സുജയുടെ കുറിപ്പ് ആരംഭിക്കുന്നത്. സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍റെ ഫോണ്‍വിളി എത്തിയെന്നും കുട്ടനാട്ടെ പാര്‍ടി ഓഫീസില്‍ വച്ച് അദ്ദേഹത്തോട് ദീര്‍ഘമായി സംസാരിച്ചെന്നും സുജ ഓര്‍മിക്കുന്നു. 'തൊട്ടടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട്  സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു' എന്നും കുറിപ്പിലുണ്ട്. 

ഈ സമയം 'ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്' എന്നാണ് വിഎസ് നല്‍കിയ മറുപടിയെന്നും സുജ എഴുതുന്നു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം, 

വി എസ്.....

നിരന്തരം തളിര്‍ക്കുന്ന വന്‍മരമായിരുന്നു.

---------------------------------

ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്‍റെ മാറ്റത്തിന്‍റെ ചരിത്രമായിരുന്നു.കണ്ണേ ,കരളേ വിഎസേ,ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി,തൊണ്ട ഇടറി ,കണ്ണ് നിറഞ്ഞ് ,ജീവന്‍റെ ആഴത്തില്‍ നിന്ന് ഉതിര്‍ന്ന മുദ്രാവാക്യങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങള്‍ എന്‍റെ ഹൃദയത്തെയും ഭേദിച്ച്  കടന്നു പോയിട്ടുണ്ട്.വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും.

സൂര്യനെല്ലി കേസും വിഎസും

------------------------------------------------

അത് വലിയൊരു ചരിത്രമാണ്.അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോണ്‍വിളി വിഎസ് അച്യുതാനന്ദന്‍റേതായിരുന്നു. അദ്ദേഹത്തിന് എന്നെ  നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാര്‍ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കണ്ട് ദീര്‍ഘമായി സംസാരിച്ചു.  ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്. ടോണ്‍ഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാന്‍ ഇനിയുമേറെയുണ്ട് ബാക്കി .പ്രായം 85നു മേല്‍.

അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട്  സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.

''ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.'' അതാണ് വിഎസ്. അങ്ങനെയായിരുന്നു  വി എസ്.

വിട ! ഈ നൂറ്റാണ്ടിന്‍റെ നായകന്..

ENGLISH SUMMARY:

V.S. Achuthanandan, as Leader of Opposition, visited a Suryanelli case survivor, offering one lakh rupees from his pension money as a humanitarian gesture. This poignant act, recalled by writer Suja Susan George, highlights his profound empathy and commitment to supporting victims.