വി.എസിന്‍റെ വേര്‍പാട് ഓര്‍മകള്‍ മങ്ങും മുന്‍പ് ഒരു ജന്‍മദിനം കൂടി എത്തുകയാണ്. വിഎസ് ഇന്ന് കേരളത്തോടൊപ്പമുണ്ടായിരുന്നെങ്കില്‍ 102 ആം പിറന്നാള്‍ ആഘോഷിച്ചേനേ. തിരികെ വരുമെന്ന പ്രതീക്ഷയില്‍ നിന്ന് വിഎസ് വിടപറഞ്ഞതിന്‍റെ ആഘാതം ഇന്നും കുടുംബത്തിന് വിട്ടുമാറിയിട്ടില്ല. അച്ഛനെന്ന ഓര്‍മയ്ക്ക് ഒരു ചരിത്ര സ്മാരകം തീര്‍ക്കാനൊരുങ്ങുകയാണ് മകന്‍ വി.എ അരുണ്‍കുമാര്‍. വിഎസിന്‍റെ അപൂര്‍വ ചിത്രങ്ങളും രേഖകളും കൈയിലുള്ളവര്‍ കൈമാറണമെന്ന് അരുണ്‍കുമാര്‍ അഭ്യര്‍ഥിക്കുന്നു.
വി എസ് വിടപറഞ്ഞുവെന്ന് ഇനിയും വിശ്വസിക്കാത്തവരുണ്ട്. സമകാലിക രാഷ്ട്രീയ ചര്‍ച്ചകളില്‍ വി.എസ് ഇന്നും നിറയുണ്ട്. പലതലമുറയ്ക്ക് വിപ്ലവീര്യം പകര്‍ന്ന് നല്‍കി വി എസ് ഓര്‍മയായിട്ട് മൂന്ന് മാസമാവാന്‍ ഒരു ദിനം മാത്രമേ ഒള്ളൂ. വേര്‍പാടിന്‍റെ ഓര്‍മകള്‍ പ്രിയപ്പെട്ടവരില്‍ നിന്ന് അകലുംമുന്‍പാണ് വീണ്ടും ഒരു ജന്‍മദിനമെത്തുന്നത്. ഒരിക്കലും ജന്‍മദിനം ആഡംബരമായി വി എസ് ആഘോഷിച്ചിട്ടില്ല. എവിടെയാണ് ഉള്ളത് അവിടെ ചെറിയ ഒരു ഒത്തുചേരല്‍ മാത്രം.
ഒരിക്കല്‍ വിഎസ് പറഞ്ഞു ഇത് എന്‍റെ ദിനമല്ല എന്നെ വിശ്വസിച്ച് ജനങ്ങളുടെ ദിനമാണ്. അച്ഛന്‍റെ ഓര്‍മങ്ങള്‍ എന്നും തിളങ്ങിനില്‍ക്കണമെന്ന മകന്‍റെ ആഗ്രഹമാണ് ചരിത്ര സ്മാരകത്തിന് അരുണ്‍ കുമാറിനെ പ്രേരിപ്പിക്കുന്നത്. കേരളത്തിനായി ജീവിച്ച വിഎസിന്‍റെ അപൂര്‍വ ചിത്രങ്ങളും രേഖകളും ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങളും പലരുടെയും സ്വകാര്യശേഖരത്തിലുണ്ടാവും. ഇത് പങ്കുവയ്ക്കാനാണ് അരുണ്‍ കുമാറിന്‍റെ അഭ്യര്‍ഥന.
വി എസ് ഓര്‍മകളില്‍ ഏറ്റവും പ്രിയപ്പെട്ടതായിരുന്ന മൂത്ത സഹോദരി ആഴുക്കുട്ടിയുടെ കരുതല്‍. വി എസ് വിട പറഞ്ഞത് ഓര്‍മകള്‍ മറഞ്ഞ ആഴിക്കുട്ടി അറിഞ്ഞിരുന്നില്ല. രണ്ടു ദിവസം മുന്‍പ് വിടപറഞ്ഞ ആഴികുട്ടിയും വിഎസിന്‍റെ ജന്‍മദിനത്തില്‍ ഓര്‍മിക്കപ്പെടുന്നു.