പാര്‍ട്ടി നേതൃത്വം അവഗണിക്കാന്‍ ശ്രമിച്ചിട്ടും വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റല്‍ പണിഷ്മെന്‍റ് പരാമര്‍ശത്തില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു. പിരപ്പന്‍കോട് മുരളിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും പുന്നപ്ര വയലാര്‍ സമരത്തിലെ വിഎസിന്‍റെ പങ്കുവരെ ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങള്‍ സമ്മേളനങ്ങളില്‍ ഉണ്ടായെന്നും വി.എസിന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് എ സുരേഷ് മനോരമന്യൂസിനോട് പറഞ്ഞു. വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി വിസമ്മതിച്ചു.
മലയാള മനോരമ പത്രത്തിലൂടെയും മനോരമന്യൂസിലൂടെയും പിരപ്പന്‍കോട് മുരളി തുറന്നുവിട്ട ക്യാപിറ്റല്‍ പണിഷ്മെന്‍റ് ഭൂതം സിപിഎമ്മിനെ വിടാതെ പിന്തുടരുകയാണ്. പിരപ്പന്‍കോടിന്‍റെ പ്രസ്താവനയെ അസംബന്ധമെന്ന് പറഞ്ഞ് തള്ളിയ പാര്‍ട്ടി അതോടെ വിഷയം അവസാനിക്കുമെന്ന് കരുതി. അപ്പോഴാണ് 2015ലെ ആലപ്പുഴ സമ്മേളനത്തിലും ക്യാപിറ്റല്‍ പണിഷ്മെന്‍റ് പരാമര്‍ശമുണ്ടായി എന്ന ആരോപണം സുരേഷ് കുറുപ്പ് ഉയര്‍ത്തിയത്. ഇതോടെ ചര്‍ച്ച വീണ്ടും സജീവമായി. ക്യാപിറ്റല്‍ പണിഷ്മെന്‍റ് മാത്രമല്ല അതിനേക്കാള്‍ മാരകമായ പരാമര്‍ശങ്ങള്‍ സമ്മേളനങ്ങളിലുണ്ടായെന്ന് വി.എസിന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം എ സുരേഷ് മനോരമന്യൂസിനോട് പറഞ്ഞു.
അതേസമയം വിഷയത്തിലെ ചര്‍ച്ചകളെ പ്രതികരിച്ച് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ചിലര്‍ അസംബന്ധം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.