kunjikrishnan-book-release

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന്‍ എഴുതിയ 'നേതൃത്വത്തെ അണികള്‍ തിരുത്തണം'  എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. പയ്യന്നൂരില്‍ വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ ഇടത് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്യുക. രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ളയുടെ വരവ് ചിലവ് കണക്കുകള്‍ വിശദീകരിക്കുന്നതാണ് പുസ്തകം. വിവാദം നിലനില്‍ക്കെ ചടങ്ങിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

സിപിഎമ്മിനെ വെട്ടിലാക്കുന്ന ബോംബിന് സമാനമായിരിക്കും വി കുഞ്ഞികൃഷ്ണന്‍റെ തുറന്നെഴുത്തെന്നാണ് വിലയിരുത്തപ്പെടുന്നത്. നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന പേര് തന്നെ അത് സൂചിപ്പിക്കുന്നു. പയ്യന്നൂരിലെ വിഭാഗീയതയുടെ കാരണങ്ങളും, ടി.ഐ.മധുസൂദനന്‍ എംഎല്‍എക്കെതിരായ തുറന്നെഴുത്തും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നൂറ് പേജുള്ള പുസ്തകം പാര്‍ട്ടി സഖാക്കളോട് പറയാനുള്ള കാര്യങ്ങളാണെന്നാണ് കുഞ്ഞികൃഷ്ണന്‍ തന്നെ പറഞ്ഞത്. മറ്റു വഴികളില്ലാത്തത് കൊണ്ടാണെന്നും പാര്‍ട്ടിയില്‍ പറഞ്ഞിട്ട് പ്രയോജനമില്ലെന്നും അദ്ദേഹം പറയുന്നു. 

ധനരാജ് ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് തുടങ്ങിയവയിലുണ്ടായ വെട്ടിപ്പും കണക്കും പുസ്തകത്തിലുണ്ട്. നേരത്തെ പുസ്തകത്തിന്‍റെ ഏതാനും പേജുകള്‍ പുറത്തുവന്നതില്‍ തന്നെ നേതൃത്വത്തിനും ടി.ഐ.മധുസൂദനനുമെതിരായ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായിരുന്നു. കേരളത്തിലെ പാര്‍ട്ടിയെ നേതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതാക്കിയെന്നും മധുസൂദനന്‍ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ നോക്കിയെന്നും പുറത്തുവന്നവയിലുണ്ട്. പുസ്തകം പുറത്തുവന്ന ശേഷം ഓരോന്നിനും എണ്ണമിട്ട് മറുപടി പറയാനാണ് സിപിഎം നീക്കം. കുഞ്ഞികൃഷ്ണന്‍ മുന്നോട്ടുവെക്കുന്ന കണക്ക് പരിശോധിച്ചാകും പാര്‍ട്ടി കണക്ക് അവതരിപ്പിക്കുക. പയ്യന്നൂര്‍ ഗാന്ധി സ്ക്വയറില്‍ നാലരയ്ക്ക് നടക്കുന്ന പരിപാടിയ്ക്ക് ഹൈക്കോടതി നിര്‍ദേശപ്രകാരം കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നുണ്ട്. 

ENGLISH SUMMARY:

Expelled CPM leader V. Kunjikrishnan is set to release his controversial book, 'Neethruthwathe Anikal Thiruthanam,' today in Payyannur. The book reportedly contains explosive details regarding the Dhanaraj Martyr Fund scam and allegations against T.I. Madhusoodanan MLA. Joseph C. Mathew will inaugurate the event at Gandhi Square under heavy police protection following a High Court order. Kunjikrishnan claims the book is a necessary step to inform party workers about the leadership's failures and corruption. The 100-page document details discrepancies in election funds and area committee office funds. CPM leadership has stayed on high alert, preparing to counter Kunjikrishnan's financial claims with their own audited accounts. Supporters view this as a brave attempt to cleanse the party, while critics label it as an anti-party activity. The release is expected to trigger a significant political debate across Kerala. Stay updated for live reports and key takeaways from the book launch.